07 September Saturday

നൂറ്റാണ്ടിലെ 
വൻപ്രളയത്തിന്‌ 5 വർഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കണ്ണൂർ

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലബാറിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിന്‌ ഇന്നേക്ക്‌ അഞ്ച്‌ വർഷം. 2019ലാണ്‌ മലബാറിനെ മുക്കിയ വെള്ളപ്പൊക്കം. ആഗസ്‌ത്‌ ഏഴിന്‌ തുടങ്ങിയെങ്കിലും  എട്ടിനാണ്‌  രൂക്ഷമായത്‌. 11ന്‌  രാത്രിയോടെ വെള്ളമിറങ്ങിത്തുടങ്ങി. 

  വളപട്ടണം പുഴക്കരയിലുള്ളവരാണ്‌ വെള്ളപ്പൊക്കത്തിന്‌ കൂടുതലിരയായത്‌.  പുഴ അഞ്ച്‌ ദിവസമായി ഗതിമാറിയും കരകവിഞ്ഞും നാശം വിതച്ചു. ഏഴിടത്തുണ്ടായ ഉരുൾപൊട്ടൽ  ഉൾക്കൊള്ളാൻ  ഈ വലിയ നദിക്കായില്ല. ഒപ്പം പഴശ്ശി അണക്കെട്ട്‌ തുറന്നുവിട്ടതിന്റെ ഭാഗമായുള്ള വെള്ളവുമുണ്ടായിരുന്നു. 

  ഉരുൾപൊട്ടിയെത്തിയ മലവെള്ളവും അതിതീവ്ര മഴയും പുഴയുടെ താളം തെറ്റിച്ചു.ബാവലി, ആറളം, വലിയപുഴ, പയ്യാവൂർ, വേണി, കോട്ടൂർ എന്നീ ചെറിയ പുഴകളെല്ലാം ചേരുന്ന ജലപ്രവാഹമാണ്‌ വളപട്ടണം പുഴ. കർണാകത്തിലെ ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌ ഉത്ഭവിച്ച്‌ അറബിക്കടലിൽ പതിക്കുന്ന വളപട്ടണം പുഴയിൽ ഒട്ടേറെ തുരുത്തുകളുണ്ട്‌. കോൾതുരുത്തി, കോറളായി, പാമ്പുരുത്തി ജനവാസ  ദ്വീപുകളും പുഴയോരത്തെ ജനങ്ങളും പ്രളയത്തിൽ  ഒറ്റപ്പെട്ടു. പറശ്ശിനിക്കടവ്‌ മുത്തപ്പൻ മടപ്പുര, മാലിക്‌ ദിനാർ പള്ളി, ഇരിക്കൂർ പള്ളി, നിലാമുറ്റം പള്ളി എന്നീ തീർഥാടന കേന്ദ്രങ്ങളും  വെള്ളത്തിലായി.  കേളകം, അമ്പായത്തോട്‌, കൊട്ടിയൂർ, കണിച്ചാർ, മണത്തണ, ഇരിട്ടി, ഇരിക്കൂർ, ശ്രീകണ്‌ഠപുരം പട്ടണങ്ങളിലേക്കും വെള്ളം ഇരച്ചെത്തി. കണ്ണൂരിന്റെ നെല്ലറകളായ ചെങ്ങളായി, മലപ്പട്ടം, ഇരുവാപ്പുഴ നമ്പ്രം, പാവന്നൂർക്കടവ്‌, നണിയൂർ, മുല്ലക്കൊടി കൈവയൽ, കയരളം, പറശ്ശിനി, നാറാത്ത്‌ എന്നീ വയലുകൾ ദുരന്തം ഏറ്റുവാങ്ങി.  

  കൊല്ലവർഷം 1099(1924) ലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം മലബാർ കണ്ട ഏറ്റവും തീവ്രമായ പ്രളയമായിരുന്നു 2019ലേത്‌. വെള്ളം ഇറങ്ങിയശേഷം പെട്ടെന്ന്‌ കയറുന്ന പ്രവണതയുമുണ്ടായി.  ഇടിമിന്നലും പ്രളയത്തിന്റെ ആഘാതം ഇരട്ടിയാക്കി.  ‘99’ലെ വെള്ളപ്പൊക്കത്തിന്‌ തീവ്രത കൂടുതലായിരുന്നെങ്കിലും നഷ്ടം 2019ലേതിനേക്കാൾ കുറവായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top