25 September Sunday
മഹാപ്രളയത്തിന് 4 വർഷം

അതിജീവനത്തിന്റെ പ്രളയവർഷങ്ങൾ

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

2018ലെ പ്രളയത്തിൽ കൽപ്പാത്തി കമലാലയം കോമ്പൗണ്ടിൽ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു

പാലക്കാട് 
ആഗസ്‌തിലെ മഴ നാടിന്റെ നെഞ്ചിടിപ്പേറ്റുകയാണ്. മഴ തിമിർത്തുപെയ്യുമ്പോൾ നാലു വർഷംമുമ്പ് ഉറക്കത്തിലേക്ക് ഇരച്ചെത്തിയ പ്രളയത്തിന്റെ ഓർമകളിലൂടെയല്ലാതെ പാലക്കാട്ടുകാർക്ക് കടന്നുപോകാനാകില്ല. ജില്ല കണ്ട മഹാപ്രളയത്തിന് തിങ്കളാഴ്‌ച നാലാണ്ട്‌. പ്രളയം തകർത്ത പ്രദേശങ്ങളും ജീവിതങ്ങളും സർക്കാരിന്റെ ഇച്ഛാശക്തിയിൽ തിരിച്ചുപിടിച്ചു. ലൈഫ്‌, കെയർഹോം പദ്ധതികളിൽ വീടുകൾ നൽകി. നെല്ലിയാമ്പതി കുണ്ടറംചോല പാലം പുതുക്കിപ്പണിതു. 
 2018 ആഗസ്ത് എട്ടിന് രാത്രി മലമ്പുഴ ആട്ടുമലയിലും എലിവാലിലും ഉരുൾപൊട്ടിയതോടെയാണ് കെടുതിയുടെ തുടക്കം. നിർത്താതെ പെയ്ത മഴയും പ്രളയജലവും കൂടിയായപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിൽ മലമ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം പുറത്തേക്കൊഴുക്കി. ഒന്നരമീറ്റർ ഉയരത്തിലാണ്‌ അണക്കെട്ടിന്റെ നാലു ഷട്ടർ ഉയർത്തിയത്. പുഴകൾ കരകവിഞ്ഞു. ഒരാഴ്‌ച നീണ്ട കൊടുംമഴയിൽ ജനം ഭയന്നുവിറച്ചു. നാടും നഗരവും വെള്ളത്തിനടിയിലായി. നെല്ലിയാമ്പതിയിൽ 80 ഇടങ്ങളിൽ ഉരുൾപൊട്ടി. കുണ്ടറംചോല പാലം തകർന്നതോടെ മലമ്പ്രദേശം ഒറ്റപ്പെട്ടു. അട്ടപ്പാടി ചുരം റോഡ് ഇടിഞ്ഞു. ഭവാനിപ്പുഴയോരത്തുള്ളവർ ഒറ്റപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും പുറംലോകവുമായി ബന്ധപ്പെടാനാകാതെ വെള്ളത്താൽ ചുറ്റപ്പെട്ടു. ആയിരത്തിലേറെ വീടുകൾ തകർന്നു. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായി. 2018 ആഗസ്‌ത്‌ 16ന് നെന്മാറ അളുവാശേരിയിൽ ഉരുൾപൊട്ടി 10 പേർ മരിച്ചു. 2019ലെ ആഗസ്‌തും സമാനമായിരുന്നു. അയ്യർമല, ഒറ്റപ്പാലം, മണ്ണാർക്കാട്, മലമ്പുഴ തോണിക്കടവ്, പാലക്കയം തുടങ്ങി 16 ഇടങ്ങളിൽ ഉരുൾപൊട്ടി. അയ്യായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ അഭയംതേടി. 2020ൽ മഴയ്‌ക്കൊപ്പം കോവിഡ് വില്ലനായി. 
സ്നേഹം വിളമ്പിയ അപ്നാഘർ
സർവവും നഷ്ടപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാകാൻ കഞ്ചിക്കോട് അതിഥിത്തൊഴിലാളികൾക്കായി നിർമിച്ച അപ്നാഘറിനായി. മികച്ച സൗകര്യങ്ങളോടുകൂടിയ, ഒരുപക്ഷേ ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ല. 640 കിടക്കകളും ആവശ്യമായ ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയും വൈദ്യുതിയും വെള്ളവുമുണ്ടായിരുന്നു. കൽപ്പാത്തി, തോണിപ്പാളയം, ശംഖുവാരത്തോട്, കുമാരസ്വാമി കോളനി, സുന്ദരംകോളനി, ജൈനിമേട് എന്നിവിടങ്ങളിൽനിന്ന് ആയിരത്തോളം പേർ ഇവിടെ സർക്കാരിന്റെ കരുതലിൽ കഴിഞ്ഞു. മന്ത്രിയായിരുന്ന എ കെ ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ഇടപെടലിലൂടെയാണ് സാങ്കേതിക തടസ്സങ്ങൾ നീക്കി അപ്നാഘർ ക്യാമ്പിനായി വിട്ടുകിട്ടിയത്. 
പതറാതെ 
കെഎസ്ഇബി
2018ൽ ജില്ലയിലുണ്ടായ പ്രളയത്തിൽ വൈദ്യുതി ബോർഡിന്റെ നഷ്ടം നാലരക്കോടി രൂപയോളമാണ്. കെഎസ്ഇബി പാലക്കാട്‐, ഷൊർണൂർ സർക്കിളിന്റെ പരിധികളിലായി 67 ട്രാൻസ്‌ഫോർമർ, 4746 വൈദ്യുതിത്തൂൺ, 4500 കിലോമീറ്റർ വൈദ്യുതിക്കമ്പി എന്നിവയ്ക്കാണ് കേടുപാട്‌ സംഭവിച്ചത്‌. പാലക്കാട് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ട്രാൻസ്‌ഫോർമറുകളും അനുബന്ധ ലൈനുകളും വെള്ളത്തിനടിയിലായി. ദിവസങ്ങൾക്കകം വൈദ്യുതി പുനഃസ്ഥാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top