25 September Friday

നോവിൻ പെരുമഴക്കാലം; പക്ഷേ, കരുതലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കരുളായി പുള്ളിയിൽ ജിഎൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പ്

നിലമ്പൂർ 
നാടാകെ പടരുന്ന കോവിഡിനൊപ്പം കാലവർഷംകൂടി കനത്തതോടെ മലയോരത്തിന്റെ നെഞ്ചിൽ തീ.‌ എങ്കിലും സർക്കാർ സംവിധാനങ്ങൾ ഓരോ ചുവടിലും കൈ പിടിക്കുന്നതിനാൽ ആശ്വാസം. നിലമ്പൂർ താലൂക്കിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ്‌ തുടങ്ങിയത്‌. അനേകം കുടുംബങ്ങളെ ഇങ്ങോട്ടു മാറ്റി.  രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്‌. വിവിധ പഞ്ചായത്തുകളിലായി ഏട്ട്‌ ഫൈബർ ബോട്ടുകളും വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാ സ്ക്വാഡുകളും സജ്ജമായി.  ഉരുൾപൊട്ടൽ പോലുള്ള ദുരന്തം നേരിടാൻ ദേശീയ ദുരന്ത നിവാരണസേനയുടെ 25 അംഗങ്ങൾ അടങ്ങുന്ന പ്രത്യേക സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടു.
നിലമ്പൂർ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നതിനാൽ കടകളിലെ സാധനസാമഗ്രികൾ മാറ്റാൻ  വ്യാപാരികളോട്‌ നിർദേശിച്ചിട്ടുണ്ട്‌. താലൂക്കിലെ മുഴുവൻ ആദിവാസി കോളനികളിലും അഗ്‌നിരക്ഷാസേന, വനംവകുപ്പ്, ഐഡിടിപി വകുപ്പ്‌ എന്നിവ  മേൽനോട്ടം വഹിക്കുന്നു. 60 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 10 ക്യാമ്പുകൾ ആദ്യഘട്ടം തുടങ്ങി. സ്ത്രീകൾ (227), പുരുഷൻമാർ (220), കുട്ടികൾ (188) ഉൾപ്പെടെ 195 കുടുംബങ്ങളിലായി 685 പേർ‌ ക്യാമ്പുകളിലുണ്ട്‌‌. കോവിഡ് 19 പശ്ചാത്തലത്തിൽ ജനറൽ, വൃദ്ധർക്കും- കുട്ടികൾക്കുമുള്ളത്‌, രോഗ ലക്ഷണമുള്ളവർക്കുള്ളത്‌, ക്വാറന്റൈൻകാർക്കുള്ളത്‌ എന്നിങ്ങനെ തിരിച്ചാണ് സൗകര്യം ഒരുക്കിയത്‌. മെഡിക്കൽ റൂമും ഇവിടെയുണ്ട്‌. പോഷകസമൃദ്ധമായ ആഹാരവും നൽകുന്നു. വൈദ്യുതി തടസ്സം ഉണ്ടാവാതിരിക്കാൻ ജനറേറ്ററുകളുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top