23 September Wednesday
തീരദേശ റോഡ് ഒലിച്ചുപോയി

രൗദ്രഭാവം വെടിയാതെ കടൽ

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020
 
കൊടുങ്ങല്ലൂർ
എറിയാട്, എടവിലങ്ങ് തീരത്ത് കടലാക്രമണം രൂക്ഷമായി. ഒരു വീട് പൂർണമായി തകർന്നു. തീരദേശ വാർഡുകൾ വെള്ളക്കെട്ടിലായതിനെത്തുടർന്ന്‌ നിരവധി പേർ ബന്ധുവീടുകളിൽ അഭയം തേടി. മണപ്പാട്ടുചാലിൽ മാരാത്ത് നാസറിന്റെ വീടാണ് തകർന്നത്. കടൽ കുഴിക്കൽ ശക്തമായതോടെ ജിയോ ബാഗ് തടയണ ഇടിഞ്ഞു. തീരദേശ റോഡ് ഒലിച്ചുപോയി. അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറം മുതൽ കാരവാക്കടപ്പുറം വരെ എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലെ തീരം തകർത്താണ് കടൽ ആഞ്ഞടിക്കുന്നത്. മൂന്നു മീറ്ററോളം ഉയർന്ന തിരമാലകൾ കടൽഭിത്തിയും ജിയോ ബാഗ് തടയണയും കടന്നാണ് തീരം തകർക്കുന്നത്.   വലിയൊരു പ്രേദേശത്തെ ജിയോ ബാഗ് തടയണയാണ് കടലാക്രമണത്തിൽനിന്ന് തീരത്തെ സംരക്ഷിക്കുന്നത്. തടയണ ഇടിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ്. എറിയാട് ചന്ത കടപ്പുറത്ത് തകർന്ന കടൽഭിത്തിയും കടന്നാണ് തിരയടിക്കുന്നത്. തീരദേശ റോഡിലൂടെ കിഴക്കോട്ടൊഴുകുന്ന കടൽവെള്ളം നിരവധി വീടുകളെ വെള്ളത്തിലാക്കി. ചെറു തോടുകളും അറപ്പത്തോടും നിറഞ്ഞു. 
തെക്കോട്ട് വെള്ളം കുത്തിയൊഴുകിയതോടെ  മണപ്പാട്ടുചാൽ, ആറാട്ടുവഴി പ്രദേശങ്ങളിൽ വെള്ളം കയറി. ലൈറ്റ് ഹൗസ് പ്രദേശത്താണ് കടൽ കനത്ത നാശം വിതയ്‌ക്കുന്നത്. തകർന്ന തീരദേശ റോഡിലൂടെയാണ് കടൽവെള്ളം കുത്തിയൊഴുകുന്നത്. കടൽഭിത്തിക്ക് കിഴക്ക് ഭാഗത്തുണ്ടായിരുന്ന എല്ലാ വീടുകളും തകർന്നു. കാര വഞ്ചിക്കടവിലും പുതിയ റോഡിലും വാക്കടപ്പുറം, തട്ടുകടവ് എന്നീ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. എടവിലങ്ങ് പഞ്ചായത്തിലെ ഗവ. ഫിഷറീസ് സ്കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എട്ടുപേരാണ് താമസിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top