28 September Monday

മുറിയാതെ മഴ ജലനിരപ്പുയരുന്നു

സ്വന്തംലേഖകർUpdated: Saturday Aug 8, 2020

അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന നിലയിൽ. കണ്ടിയൂർ ആറാട്ടുകടവിലെ പമ്പുഹൗസിന് സമീപത്തു നിന്നുള്ള ദൃശ്യം

ആലപ്പുഴ
ജില്ലയിൽ ഇടമുറിയാതെ പെയ്‌ത മഴയിൽ ജലനിരപ്പുയരുന്നു. കനത്തമഴയിലും കാറ്റിലും വ്യാപകനാശം. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്‌. 56 വീടുകൾ ഭാഗികമായി തകർന്നു. വൻ ക‌ൃഷിനാശമുണ്ട്‌. വൈദ്യുതി മേഖലയിലും കാര്യമായ നാശമുണ്ടായി. ചേർത്തല മേഖലയിൽ വൻതോതിൽ ജലനിരപ്പുയർന്നു. കുട്ടനാട്ടിലും വെള്ളം കയറുകയാണ്‌. എസി റോഡിലും വെള്ളമുണ്ട്‌. നാലിടത്ത്‌ ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നു. അമ്പലപ്പുഴയിൽ കടലിന്‌ പച്ച നിറം വന്നത് ആശങ്കയ്‌ക്കിടയാക്കി. ആലപ്പുഴ നഗരത്തിൽ ചുഴലിക്കാറ്റ്‌ വീശി.‌
മാവേലിക്കര താലൂക്കിൽ 17ഉം ചേർത്തലയിൽ 16ഉം കാർത്തികപ്പള്ളിയിൽ ഒമ്പതും അമ്പലപ്പുഴയിൽ ഏഴും ചെങ്ങന്നൂരിൽ അഞ്ചും കുട്ടനാട്ടിൽ രണ്ടും വീട്‌ തകർന്നു. കുട്ടനാട്, ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലാണ് ക്യാമ്പ്‌ ആരംഭിച്ചത്. നാലു ക്യാമ്പുകളിലായി 77 പേരുണ്ട്‌. 55.816 ഹെക്‌ടറിലെ ക‌ൃഷി നശിച്ചു. 2.23 കോടി രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വൈദ്യുതി മേഖലയിൽ 1.74 കോടി രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌.
പത്തനംതിട്ടയിലെ ഡാമുകൾ തുറന്നതോടെയാണ്‌ കുട്ടനാട്ടിൽ ജലനിരപ്പുയർന്നത്‌. കിഴക്കൻവെള്ളം ഒഴുകിയെത്തുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. രണ്ടാം ക‌ൃഷി ചെയ്യുന്ന കായൽ പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിലാണ്. ആലപ്പുഴ–-ചങ്ങനാശേരി റോഡിൽ (എസി റോഡ്‌) മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംകര ഭാഗങ്ങളിൽ വെള്ളം കയറി. യാത്രാ തടസ്സമില്ല. ഉൾപ്രദേശങ്ങളിലേക്കുള്ള ഭൂരിഭാഗം റോഡുകളും വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂരിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല സൗത്ത്, തണ്ണീർമുക്കം പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്‌. 
വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലുമാണ് നഗരത്തിലും തീരദേശത്തും നശനഷ്‌ടമുണ്ടായത്. കനാൽ വാർഡിലാണ് കൂടുതൽ വീടുകൾക്ക് കേടുപറ്റിയത്. കനാൽ വാർഡിൽ കൊച്ചിങ്ങാംപറമ്പിൽ സൗദയുടെ വീടിന്റെ  ഭിത്തിക്ക് വിള്ളൽ വീണു. ചെമ്പേഴത്ത് കൊച്ചുമോന്റെ വീട് മരം വീണ്‌ തകർന്നു. സുനിൽ മൻസിലിൽ പി കെ സുനി, തൈപ്പറമ്പിൽ രാജു, ചെമ്പേഴത്ത് കൊച്ചുമോൻ, തൈപ്പറമ്പിൽ ഹനീഫ്, തൈപ്പറമ്പിൽ അസീസ് എന്നിവരുടെ വീടുകൾക്കും കേട്‌ സംഭവിച്ചു. അനിയൻ, മണിയൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള "ടാറ്റ മറൈൻ’  റിസോർട്ടിന്റെ  ട്രസ്‌ വർക്കാണ്‌ തകർന്നത്‌. 
പ്രദേശത്ത് കാറ്റ് വ്യാപക നാശം വിതച്ചു. നഗരത്തിന്റെ കിഴക്കൻ മേഖലയിൽ ജലനിരപ്പ് ഉയരുന്നതും ജനങ്ങളിൽ ഭീതിയുണർത്തിയിട്ടുണ്ട്. അമ്പലപ്പുഴമുതൽ പുന്നപ്രവരെയുള്ള തീരത്താണ് വെള്ളിയാഴ്‌ച പകൽ രണ്ടോടെ കടൽവെള്ളം ഇളംപച്ച കലർന്ന നിറത്തിൽ കണ്ടത്. കടലാക്രമണം ശക്തമായതിനാൽ കടൽ ഇളകിയതാകാം  കാരണമെന്നാണ്‌ തീരവാസികൾ പറയുന്നത്‌. 
 

കിടപ്പുരോഗികളെ മാറ്റുന്നു

ആലപ്പുഴ
കുട്ടനാട് കൈനകരി വില്ലേജിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റിത്തുടങ്ങി. 11 പേരെ മാറ്റി. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങൾ റെയ്ബാനിൽ  സജ്ജമാക്കി.  മഴ കനക്കുന്ന സാഹചര്യത്തിൽ കൈനകരി പ്രദേശത്തെ മുഴുവൻ കിടപ്പുരോഗികളും റെയ്ബാനിലേക്ക് മാറാൻ തയ്യാറാകണമെന്ന്‌ കലക്‌ടർ അഭ്യർഥിച്ചു. കിടപ്പുരോഗികളെ മാറ്റാൻ  തഹസിൽദാരെയോ ജില്ലാ മെഡിക്കൽ ഓഫീസറെയോ ബന്ധപ്പെടണമെന്നും കലക്‌ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top