22 September Tuesday
റീസൈക്കിൾ കേരളയിൽ 60 ലക്ഷം

അനേകായിരമാണ്‌ അതിജീവന വൈവിധ്യങ്ങൾ

നന്ദു വിശ്വംഭരൻUpdated: Saturday Aug 8, 2020

ഡിവൈഎഫ്ഐ പ്രവർത്തകർ മീൻ വിൽപ്പനയ്‌ക്കിടെ

 
 
ആലപ്പുഴ
"പെമ്പിള്ളാര് വഴീലിരുന്ന് മാങ്ങാ വിൽക്കാനോ? വേറെ പണിയില്ലേ ഈ കുട്ട്യോൾക്ക്‌? ഇതൊക്കെ ചെയ്‌തിട്ട്‌ എന്തോ കിട്ടാനാ?. റീസൈക്കിൾ കേരളയുടെ ഭാ​ഗമായ ഡിവൈഎഫ്ഐ പ്രവർത്തകയുടെ അമ്മ നേരിട്ട പല ചോദ്യങ്ങളിൽ ഒന്നാണിത്‌. മകൾ തന്നെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചിട്ട അനുഭവം. "രണ്ടാഴ്‌ചത്തെ ആക്രി പെറുക്കലിനിടെ പല ചോദ്യങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. നേരിട്ട് ചോദ്യമുന്നയിച്ചവരോട്‌ ഞങ്ങളീ ചെയ്യുന്നത് നാടിന് വേണ്ടിയെന്ന് അഭിമാനബോധത്തോടെ മറുപടിയും നൽകി. മഹാമാരിയുടെ കാലത്ത് ഞങ്ങളെക്കൊണ്ട്‌ ആവുന്നിടത്തോളം ഇനിയും ചെയ്യും’’–- കുറിപ്പ് ഇങ്ങിനെ തുടരുന്നു. 
  ചോദ്യങ്ങളെയും പരിഹാസത്തെയും മറികടന്ന്‌ ആലപ്പുഴ ജില്ലയിൽ  ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച് നൽകിയത് 60 ലക്ഷം രൂപയാണ്. പഴയ പത്രക്കടലാസും പറമ്പിൽ ഉപേക്ഷിച്ച സൈക്കിളും കമ്പിയുംമുതൽ കുപ്പിവരെ പെറുക്കിവിറ്റ്‌ ചേർത്തുവച്ച കുഞ്ഞുതുകകൾ ചേർന്നാണ്‌ ഈ 60 ലക്ഷം ഉണ്ടായത്‌. 
ആക്രി പെറുക്കി, കിണർ വൃത്തിയാക്കി
കോവിഡ്‌ വളണ്ടിയർമാരാകാനും അനേകം ക്യാമ്പയിനുകളിലൂടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്താനുമുള്ള ഓട്ടത്തിലായിരുന്നു ഡിവൈഎഫ്ഐ. മേഖലാ, ബ്ലോക്ക് കമ്മിറ്റികളുടെ നേത‌ൃത്വത്തിൽ ആക്രിസാധനങ്ങൾ പെറുക്കിയും കിണർ വൃത്തിയാക്കിയും കല്ല്‌ ചുമന്നും വൈവിധ്യമുള്ള അതിജീവനം. മത്സ്യവും പച്ചക്കറിയും മുണ്ടും വിൽക്കാൻ തുനിഞ്ഞ സാഹസിക വഴികൾ. മുണ്ട്‌ ചലഞ്ചിൽ മാത്രം 20 ലക്ഷം രൂപ ലഭിച്ചു. ലോക്ക്ആർട്ട് വിൽപ്പനയിലൂടെയും പണം സ്വരുക്കൂട്ടി. വിവിധ കമ്മിറ്റികളിൽനിന്ന് ബോട്ടിൽ ആർട്ടുകൾ ലഭിച്ചു. ചിത്രകാരി സാറാ ഹുസൈൻ കൈമാറിയ ചിത്രത്തിന് 25,000 രൂപ ലഭിച്ചു. ആലപ്പുഴയിലെ ആർടിസ്‌റ്റ്‌ ജയനും സ‌ൃഷ്‌ടികൾ കൈമാറി. ചേർത്തലയിൽനിന്നും മാവേലിക്കരയിൽനിന്നും പശു, ആട്, കിടാവ് തുടങ്ങിയവയെ ലഭിച്ചു. ചിത്രം പതിച്ച കപ്പ് ചലഞ്ചിലൂടെയായിരുന്നു ഹരിപ്പാട് മേഖലാ കമ്മിറ്റിയുടെ ചന്തമുള്ള അതിജീവനം. 
 സമൂഹ അടുക്കളകളിലും പച്ചക്കറിയും അരിയും നൽകാനും മറ്റ് സേവനങ്ങൾക്കും ഡിവൈഎഫ്ഐക്കാരുണ്ടായിരുന്നു. വഴിയോരത്ത് അന്തിയുറങ്ങുന്നവർക്കും ലോക്ക്ഡൗണിൽ ചരക്കുകൾ കൊണ്ടുവന്ന ലോറികളിലെ ജീവനക്കാർക്കും ഭക്ഷണം നൽകി. 
ടിവി മുതൽ മാസ്‌കുവരെ
ജില്ലയിൽ 762 ടിവികൾ 10 ടാബ്‌ലെറ്റുകൾ, 12 സ്‌മാർട്ട്‌ ഫോൺ എന്നിവ നൽകി. 1,20,000 മാസ്‌കുകൾ ജില്ലയിൽ വിതരണംചെയ്‌തു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി 1500 കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. ‘ഞങ്ങളുണ്ട്' ക്യാമ്പയിനിൽ കോൾ സെന്ററുകൾ തുടങ്ങി മരുന്നും ഭക്ഷണവും എത്തിച്ചു. ‘നാടാകെ ക‌ൃഷി, നാടാകെ നന്മ’യെന്ന സന്ദേശമുയർത്തി പച്ചക്കറി, നെല്ല്, കപ്പ, വാഴ, മീൻ എന്നിവയുടെ ക‌ൃഷിയും തുടങ്ങി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top