19 September Saturday

ചെങ്ങന്നൂരിൽ 3 ദുരിതാശ്വാസ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ചെങ്ങന്നൂർ
കനത്തമഴയിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു. ബുധനൂർ എണ്ണയ്‌ക്കാട് പകൽവീട്ടിൽ അഞ്ച്‌ കുടുംബങ്ങളിലായി 25 പേരും ചെങ്ങന്നൂർ നഗരസഭയിൽ കീഴ്‌ചേരിമേൽ ജെബിഎസ്‌എലിൽ നാല്‌ കുടുംബങ്ങളിലായി 17 പേരും കഴിയുന്നു. കുരട്ടിശേരി വില്ലേജിലെ വീയപുരത്തോട്  ചേർന്നുള്ള ഭാഗങ്ങളിൽ  ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇവിടുത്തെ ജനങ്ങളുടെ ആവശ്യപ്രകാരം ഇവർക്ക് മുക്കാത്താരി രണ്ടാം വാർഡിൽ  കഞ്ഞിവീഴ്‌ത്തൽ  കേന്ദ്രം ആരംഭിക്കും. 
40 കുടുംബങ്ങളിലായി 165 ഓളം ആളുകളാണ് ഇവിടെയുള്ളത്. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മാന്നാർ നായർസമാജം സ്‌കൂൾ സജ്ജമാക്കി. കഴിഞ്ഞ പ്രളയത്തിൽ പമ്പാനദി ഗതിമാറി ഒഴുകിയ അങ്ങാടിക്കൽ കോലാമുക്കത്ത് 24 കുടുംബങ്ങളെ ഒഴിപ്പിച്ചു.  അങ്ങാടിക്കൽ എസ്‌‌സിആർവി സ്‌കൂളിൽ ക്യാമ്പ് തുറന്നു. പാണ്ടനാട്  മിത്രമഠം പാലത്തിന് താഴെ താമസിച്ചിരുന്ന മോഹനനേയും കുടുംബത്തേയും സുഹ‌ൃത്തിന്റെ വീട്ടിലേക്കും, കുത്തിയതോട് വിഴാലിൽ  സാലുവിനെ അയൽവാസിയുടെ വീട്ടിലേക്കും മാറ്റിത്താമസിപ്പിച്ചു. വെൺമണി പുന്തല രേവതിയിൽ സി വി ജയന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട്‌ ഭാഗികമായി തകർന്നു. ശാർങക്കാവ് ദേവീക്ഷേത്ര മൈതാനത്ത് അച്ചൻകോവിലാറ്റിൽനിന്ന്‌ വെള്ളം കയറിത്തുടങ്ങി.
മുളക്കുഴ വാലുപറമ്പിൽ സതീശിന്റെ വീടിന്‌ പിൻഭാഗത്ത്‌ മണ്ണിടിഞ്ഞുവീണു. കുടുംബത്തോട് മാറിത്താമസിക്കാൻ നിർദേശം നൽകി. നഗരത്തിൽ പമ്പാനദിയോട്‌ ചേർന്ന ഇടനാട്, മംഗലം, കോലാമുക്കം, കീഴ്‌ചേരിമേൽ ശാസ്‌താംപുറം, കുറ്റിയിൽ ഭാഗം, പാണ്ടനാട് മിത്രമഠം, തിരുവൻവണ്ടൂർ നന്നാട് ചെന്നോടിക്കുന്നേൽ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെറിയനാട് വിജയേശ്വരി സ്‌കൂളും  മാന്നാർ നായർസമാജം സ്‌കൂളും അടിയന്തരാവശ്യങ്ങൾക്കായി സജ്ജീകരിച്ചു. റവന്യൂ ജീവനക്കാർക്ക്‌ ശനി, ഞായർ പ്രവൃത്തിദിവസങ്ങളായിരിക്കുമെന്ന് തഹസിൽദാർ എസ് മോഹനൻപിള്ള അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top