19 September Thursday

കണ്ണൂർ കോർപറേഷൻ വ്യാജരേഖയുണ്ടാക്കാൻ യുഡിഎഫ്‌ മിനുട്‌സ്‌ തിരുത്തി

സ്വന്തം ലേഖികUpdated: Thursday Aug 8, 2019

 കണ്ണൂർ

അസുഖബാധിതയായി അവധിയിലായിരുന്ന കോർപറേഷൻ കൗൺസിലർ യോഗത്തിൽ പങ്കെടുത്തെന്നു വരുത്താൻ സ്‌റ്റാൻഡിങ് കമ്മിറ്റി മിനുട്‌സ്‌ തിരുത്തി.  ആലിങ്കൽ ഡിവിഷനിൽനിന്നുള്ള  കോൺഗ്രസ്‌ കൗൺസിലർ കെ കെ ഭാരതി നഗരാസൂത്രണ സ്‌റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതായാണ്‌ രേഖയുണ്ടാക്കിയത്‌. കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ്‌ യുഡിഎഫിന്റെ ആസൂത്രിത വ്യാജരേഖ ചമയ്‌ക്കൽ.  സിപിഐ എം കൗൺസിലർ എൻ ബാലകൃഷ്‌ണൻ കലക്ടർക്കും ടൗൺ സിഐക്കും കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകി. 
പ്രമേഹം കരളിനെ ബാധിച്ച്‌ മാസങ്ങളായി ചികിത്സയിൽ കഴിയുന്ന ഭാരതി നാലുമാസമായി സ്‌റ്റാൻഡിങ്‌ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാറില്ല. തുടർച്ചയായി മൂന്ന്‌ കൗൺസിൽ യോഗങ്ങളിൽനിന്നും വിട്ടുനിന്നു. കഴിഞ്ഞദിവസം നഗരസഭയിലെത്തിയ അവർക്ക്‌ നഗരാസൂത്രണ സമിതി സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി സീനത്ത്‌ മിനുട്‌സ്‌ ബുക്കിൽ ഒപ്പിടാൻ സൗകര്യമൊരുക്കിയെന്നാണ്‌ പരാതി. മാർച്ച്‌ 29ന്‌ ചേർന്ന സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ്‌ ഭാരതി അവസാനമായി പങ്കെടുത്തത്‌. ഏപ്രിൽ 29, മെയ്‌ 29, ജൂൺ 18,  25, 27, ജൂലൈ 15 തിയതികളിലായി ആറുതവണ യോഗം ചേർന്നെങ്കിലും പങ്കെടുത്തില്ല. കഴിഞ്ഞദിവസം എടക്കാട്‌ ഡിവിഷൻ കൗൺസിലർ ടി എം കുട്ടികൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കാൻ ചേർന്ന കൗൺസിൽ യോഗത്തിനെത്തി. ഈ ദിവസം സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി സീനത്ത്‌ മിനുട്‌സ്‌ ബുക്ക്‌ ഓഫീസിൽനിന്നും വാങ്ങിയിരുന്നു. പിറ്റേന്ന്‌  തിരിച്ചേൽപ്പിച്ചപ്പോഴാണ്‌  തിരുത്ത്‌ വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്‌. യോഗത്തിൽ  പങ്കെടുത്തവർ പേരെഴുതി ഒപ്പിട്ടതിനുശേഷം വരച്ച ചുവന്നമഷിയടയാളത്തിന്‌ മുകളിലായാണ്‌ ഭാരതിയുടെ പേരും ഒപ്പും രേഖപ്പെടുത്തിയത്‌. 
മേയർ ഇ പി ലതയ്‌ക്കെതിരെ അവിശ്വാസ പ്രമേയം  പാസാക്കാനായി നെട്ടോട്ടമോടുന്നതിനിടെ ഒരംഗം ആ‌റ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തിൽ  പങ്കെടുക്കാത്തത്‌ പ്രശ്‌നമാകുമോയെന്ന്‌ ഭയന്നാണ്‌ യുഡിഎഫ്‌ നേതൃത്വം ഇടപെട്ട്‌ വ്യാജരേഖയുണ്ടാക്കിയത്‌. കെ കെ  ഭാരതിക്ക്‌ പുറമെ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ സി സീനത്തിനെയും എതിർകക്ഷിയാക്കിയാണ്‌ പരാതി.
പ്രധാന വാർത്തകൾ
 Top