25 August Sunday

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
കൊല്ലം
ഇന്ധനവില വർധിപ്പിച്ച‌്  നടപ്പു സാമ്പത്തികവർഷം 28,022 കോടി രൂപ അധികവരുമാനം കണ്ടെത്താൻ കേന്ദ്ര സർക്കാർ ബജറ്റിലൂടെ തീരുമാനിച്ചതിനെതിരെ  ശക്തിയായി പ്രതിഷേധിക്കാൻ സിഐടിയു  ജില്ലാ ജനറൽ കൗൺസിൽ യോഗം ആഹ്വാനം ചെയ‌്തു. 
 അസംസ്കൃത എണ്ണയുടെ ഇറക്കുമതിത്തീരുവ ടണ്ണിന് ഒരു രൂപ വീതം സെസ് ചുമത്തിയതിനാൽ ലിറ്ററിന് രണ്ടുരൂപയിൽ കൂടുതൽ വർധനയുണ്ടായി.  അസംസ്കൃത എണ്ണയ്ക്ക് ഇറക്കുമതിത്തീരുവ ചുമത്തിയത് ആദ്യമായാണ്.കഴിഞ്ഞ മോഡി സർക്കാർ അഞ്ചുലക്ഷം കോടിയോളം രൂപ പെട്രോൾ, ഡീസൽ വില വർധനയിലൂടെ ജനങ്ങളെ പിഴിഞ്ഞെടുത്തു. ഇത് തുടരുമെന്ന പ്രഖ്യാപനമാണ് ആദ്യ ബജറ്റിലൂടെ ഈ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. കോർപറേറ്റ് നികുതിയിനത്തിൽ മാത്രം 4.69 ലക്ഷം കോടി രൂപയാണ‌് സർക്കാർ വേണ്ടെന്നു വച്ചത‌്. കസ്റ്റംസ് തീരുവയിനത്തിൽ 13,521 കോടിയും സേവന നികുതിയിനത്തിൽ 90,832 കോടിയും ഇളവു നൽകി. 
വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട‌്.  ദുരിതം അനുഭവിക്കുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒരു പരിഗണനയും നൽകിയിട്ടില്ല. വനിതാക്ഷേമത്തിനുള്ള വിഹിതം കുറച്ചു. തൊഴിലുറപ്പുപദ്ധതി വിഹിതം വെട്ടിക്കുറച്ചു. ജില്ലയിലെ സുപ്രധാന തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായത്തെ സഹായിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ല. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിനും സഹായമില്ല. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർഥന അംഗീകരിച്ചില്ലെന്നു മാത്രമല്ല നിലവിലുള്ള പരിധി കുറയ്ക്കുകയും ചെയ്തു. ജനജീവിതം കൂടുതൽ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്രബജറ്റ‌് നിർദേശങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം എല്ലാ തൊഴിലാളികളോടും 
പ്രമേയത്തിൽ അഭ്യർഥിച്ചു. 
യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്‌തു. ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. എൻ പത്മലോചനൻ, എസ് സുദേവൻ, എസ‌് ജയമോഹൻ, കെ  രാജഗോപാൽ, മുരളി മടന്തകോട‌്  എന്നിവർ 
സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top