24 August Saturday
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റേതെന്ന പേരിൽ

സ്വകാര്യ ട്രസ‌്റ്റ‌് നടത്തുന്ന ഗോശാലയിൽ പശുക്കിടാവിനെ നായ്ക്കൾ കടിച്ചുകൊന്നു

വിജയ‌്Updated: Monday Jul 8, 2019

ആവശ്യമായ പരിചരണം ലഭിക്കാത്തതിനെതുടർന്ന്‌ മെലിഞ്ഞുണങ്ങിയ ഗോശാലയിലെ പശുക്കൾ

തിരുവനന്തപുരം> ശ്രീപത്മനാഭസ്വാമി  ക്ഷേത്രത്തിന്റേതെന്ന പേരിൽ സ്വകാര്യ ട്രസ‌്റ്റ‌് നടത്തുന്ന ഗോശാലയിൽ പശുക്കൾക്കും കിടാങ്ങൾക്കും ദുരിതമൊഴിയുന്നില്ല. 11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയ‌്ക്കുള്ളിലിട്ട‌് നായ്ക്കൾ കടിച്ചു കൊന്നു. ഇതോടെ ഭക്ഷണംപോലും ഇല്ലാതെ വലയുന്ന മിണ്ടാപ്രാണികളുടെ ജീവനും സുരക്ഷയില്ലാതെയായി.  
 
കഴിഞ്ഞ ദിവസമാണ‌് കണ്ണൻ എന്ന കിടാവിനെ നായ‌്ക്കൾ കടിച്ചുകൊന്നത‌്. അന്ന‌് മുതൽ ഗോശാലയിലെ മറ്റ‌് കിടാങ്ങളായ ചിത്രയും പാറുവുമുൾപ്പെടെ പേടിച്ച‌് കരയുകയാണ‌്.കുതിര മാളികയ്ക്ക്‌ സമീപം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക‌് പാൽ നൽകാൻ നടത്തുന്നതാണ‌് ഗോശാല. 
 
ശ്രീപത്മനാഭസ്വാമി ടെമ്പിൾ ഗോശാല  ട്രസ‌്റ്റാണിത‌് നടത്തുന്നത‌്. സ്വകാര്യ ട്രസ‌്റ്റാണിത‌്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ‌് ട്രസ‌്റ്റിന‌് പശുക്കളെ നൽകിയത‌്. എന്നാൽ ഉദ‌്ഘാടന ശേഷം ഇവരാരും തിരിഞ്ഞ‌ുനോക്കിയിട്ടില്ല. നേരത്തെയും ഗോശാല നടത്തിപ്പിലെ അനാസ്ഥയും മിണ്ടാപ്രാണികൾ നേരിടുന്ന ദുരിതവും വാർത്തയായിരുന്നു. ‘ദേശാഭിമാനി’യാണ‌് മൃഗങ്ങളുടെ ദുരിതജീവിതം പുറത്തുകൊണ്ടുവന്നത‌്.
 
ഇതിന‌് പിന്നാലെ ക്ഷേത്രഭരണ സമിതി പുതിയ ഗോശാല നിർമിച്ച‌് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ മാറ്റി. എന്നാൽ ട്രസ‌്റ്റ‌ിന്റെ കീഴിലുള്ള പശുക്കളേയും കിടാങ്ങളേയും അവിടെ നിലനിർത്തി. തൊഴുത്ത‌് വൃത്തിയാക്കി മതിയായ സംരക്ഷണം ഏർപ്പെടുത്തുമെന്ന‌് ട്രസ‌്റ്റുകാർ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പ‌് വെറുംവാക്കായി. കീറിയ ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയാണ‌് ഗോശാലയുടേത‌്. നിലം വൃത്തിഹീനമാണ‌്.  
 
പരിസരമാകട്ടെ മാലിന്യങ്ങൾ നിറഞ്ഞതും. പശുക്കളുടേയും  കിടാങ്ങളുടെയും കാര്യം ഇതിലും കഷ്ടം. മതിയായ ഭക്ഷണമില്ലാത്തതിനെ തുടർന്ന‌് എല്ലും തോലുമായി. നാല‌് പശുക്കൾ ഗർഭിണികളാണ‌്. ആകെ 15 ലിറ്റർ പാൽ ലഭിച്ചിരുന്നിടത്ത‌് ഇപ്പോഴുള്ളത‌് നാല‌് ലിറ്റർ മാത്രം. ഇത‌് മുഴുവൻ ക്ഷേത്രാവശ്യത്തിന‌് എടുത്താൽ കന്നുകുട്ടികൾ പട്ടിണിയിലാകും. 
ഒരുദിവസം മൂന്ന‌് കെട്ട‌് വൈക്കോൽ ആവശ്യമാണ‌്. എന്നാൽ മിക്കപ്പോഴും ലഭിക്കാറില്ല. 20 കിലോ പിണ്ണാക്കിന്റെ സ്ഥാനത്ത‌് നൽകുന്നത‌് വെറും അഞ്ച‌് കിലോ. ഇപ്പോൾ പരിസരത്ത വാഴയിലയും പുല്ലുമാണ‌് ഇവയുടെ ഭക്ഷണം. 
 
19 പശുക്കളും 17 കിടാവുമാണ‌് ഇവിടെയുള്ളത‌്. ഇവയെ പരിപാലിക്കാനുള്ളത‌് ഒരു ജീവനക്കാരൻ മാത്രം. ഗോശാലയുടെ പേരിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടെ പിരിവ‌് നടക്കുന്നുണ്ടെങ്കിലും ഗുണഫലം മിണ്ടാപ്രാണികൾക്ക‌് ലഭിക്കുന്നില്ല‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top