25 August Sunday

ആഗ്രഹം സഫലം

ബഷീർ അമ്പാട്ട‌്Updated: Saturday Jun 8, 2019

റസാഖ‌് പയമ്പ്രോട്ടും ഭാര്യ ഷീജയും

 

കൊണ്ടോട്ടി
‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന‌് കൊണ്ടോട്ടി വേദിയാകുമ്പോൾ ആഹ്ലാദനിറവിലാണ‌് റസാഖ‌് പയമ്പ്രോട്ടും ഭാര്യ ഷീജയും. പുരോഗമന കലാസാഹിത്യസംഘം നേതൃത്വത്തിൽ 1982ൽ വള്ളിക്കുന്നിൽ നടന്ന ചരിത്ര സെമിനാറിൽ ഇ എം എസിനെ കണ്ടതും തന്റെ സ്വന്തം മാസികയായ  ‘വര’ക്കുവേണ്ടി അദ്ദേഹത്തിന്റെ  പ്രസംഗം റിപ്പോർട്ട‌് ചെയ‌്തതും റസാഖിനുള്ളിൽ മായാതെയുണ്ട‌്. ആ ഓർമയുടെ തിരയിളക്കവുമായാണ‌് ഇക്കുറി സ്വന്തം നാട്ടിൽ സെമിനാറിനെ വരവേൽക്കാനൊരുങ്ങുന്നത‌്. ‘ഇ എം എസിന്റെ ലോകം’ സെമിനാർ തുടങ്ങിയതുമുതൽ പ്രതിനിധികളാണ‌് ഈ ദമ്പതികൾ. 
    കൊണ്ടോട്ടിയിൽ സെമിനാറിന്റെ രജിസ‌്ട്രേഷൻ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് റസാഖും ഷീജയും. സെമിനാർ വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളിലും സജീവം. 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം. ആ വർഷം ജൂണിലെ രണ്ടാം ശനിയാഴ്ചയാണ്  ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ ആരംഭിക്കുന്നത്. ഈ സെമിനാറിൽ റസാഖും ഷീജയും ഒരുമിച്ച് പങ്കെടുത്തു. തുടർന്നുള്ള സെമിനാറുകളൊന്നും  നഷ്ടപ്പെടുത്തിയില്ല. 
     കുട്ടികളില്ലാത്ത റസാഖിന്റെയും ഷീജയുടെയും തലമുറകൾക്കുള്ള സമ്പാദ്യം പുസ്തകങ്ങളാണ്. നാലായിരത്തോളം ഗ്രന്ഥങ്ങൾ വീട്ടിലെ ലൈബ്രറിയിലുണ്ട്. ലേഖനങ്ങൾ അടക്കമുള്ള പുസ്തകശേഖരം സംരക്ഷിച്ച‌് തിരുവനന്തപുരത്തെ ഇ എം എസ‌് അക്കാദമിയുടെ ഉപകേന്ദ്രമായി കൊട്ടപ്പുറത്തെ ‘സ‌്നേഹം’  വീടിനെ മാറ്റണമെന്നാണ‌് ഇരുവരുടെയും ആഗ്രഹം. കലിക്കറ്റ് സർവകലാശാല തൊട്ടടുത്തായതിനാൽ ഗവേഷകർക്കും പ്രയോജനപ്പെടുത്താനാകും. 
   കോഴിക്കോട്ടെ ബുക്ക്സ്റ്റാളിൽനിന്ന‌് പുസ്തകം വാങ്ങി കൊട്ടപ്പുറത്തേക്കുള്ള യാത്രക്കിടെയാണ് ഷീജ ഭാവിയിൽ വീട്ടിലെ ഗ്രന്ഥങ്ങളെല്ലാം എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന ആശങ്ക റസാഖിനോട് പങ്കുവയ്ക്കുന്നത്.  പുസ്തകവും വീടും സമ്പാദ്യവും ഇ എം എസ് പഠന കേന്ദ്രത്തിന് നൽകാമെന്ന റസാഖിന്റെ ആശയത്തോട‌് ഷീജയും യോജിച്ചു.  ഇരുവരുടേയും ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് കൈമാറാൻ സമ്മതപത്രം നൽകിയിട്ടുണ്ട‌്. 
സാംസ‌്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ റസാഖ് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ സെക്രട്ടറികൂടിയാണ്. അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ‌്കൂൾ മലയാളം അധ്യാപികയാണ് ഷീജ. വായനയുടെ ലോകത്താണ് ഇവർ സദാസമയവും. 
ഒരു വർഷം 25,000 രൂപയുടെ പുസ്തകമെങ്കിലും വാങ്ങിക്കൂട്ടും. ഇ എം എസിന്റെ സമ്പൂർണ കൃതികളുടെ 100 സഞ്ചിക വീട്ടിലെ ലൈബ്രറിയിലുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top