18 June Friday

കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി സ്‌റ്റാറ്റസ്‌; ഉമ്മറിന്റെ പരിഹാസം 
ഇ കെ വിഭാഗത്തിന്റെ ഒളിയമ്പ്‌

സ്വന്തം ലേഖകൻUpdated: Saturday May 8, 2021

Muslim league p k kunjalikkutty m ummer

മലപ്പുറം > മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ മുൻ മഞ്ചേരി എംഎൽഎ എം ഉമ്മറിന്റെ വാട്സാപ്പ്‌ സ്‌റ്റാറ്റസ്‌ ലീഗിൽ പുതിയ വിവാദത്തിന്‌ വഴിയൊരുക്കുന്നു. സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇകെ സുന്നി) വിഭാഗത്തിന്റെ എതിർപ്പാണ്‌ ഉമ്മറിലൂടെ പുറത്തുവന്നതെന്നാണ്‌ വിമർശം. അബദ്ധത്തിൽ സംഭവിച്ചതാണെന്ന്‌ ഉമ്മർ വിശദീകരിക്കുമ്പോഴും ലീഗിൽ വലിയ വിവാദത്തിനാണ്‌ ഇത്‌ വഴിവച്ചിരിക്കുന്നത്‌.
 
കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കിയായിരുന്നു ഉമ്മറിന്റെ വാട്‌സാപ്പ്‌ സ്‌റ്റാറ്റസ്‌. ‘സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികൾ’ എന്ന പേരിലുള്ള പോസ്‌റ്റിൽ കുഞ്ഞാലിക്കുട്ടിയെ കാഷായ വേഷധാരിയായാണ്‌ ചിത്രീകരിച്ചത്‌. ഒറ്റ കാഴ്‌ചയിൽതന്നെ പാർടിവിരുദ്ധമെന്ന്‌ തോന്നിക്കുന്ന പോസ്‌റ്റർ സ്‌റ്റാറ്റസാക്കിയത്‌ അബദ്ധത്തിൽ സംഭവിച്ചതാണെന്ന ഉമ്മറിന്റെ വിശദീകരണം ലീഗ്‌ അണികൾപോലും വിശ്വസിക്കുന്നില്ല.
 
ലീഗിൽ ഇകെ വിഭാഗത്തിന്റെ ശക്തനായ വക്താവാണ്‌ ഉമ്മർ. 2016ൽ ലീഗ്‌ സീറ്റ്‌ നിഷേധിച്ചപ്പോൾ ഇകെ നേതൃത്വം നേരിട്ട്‌ ഇടപെട്ടാണ്‌ മഞ്ചേരിയിൽ മത്സരിപ്പിച്ചത്‌. തുടർച്ചയായി മൂന്നുതവണ എംഎൽഎ ആയതിന്റെ പേരിലാണ്‌ ഇത്തവണ സീറ്റ്‌ നിഷേധിച്ചത്‌. മഞ്ചേരിയിൽ മത്സരിച്ച ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി യു എ ലത്തീഫിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറയുകയുംചെയ്‌തു. ഇകെ വിഭാഗത്തിന്റെ വോട്ടിൽ വലിയ ചോർച്ചയുണ്ടായതായി ലീഗ്‌ വിലയിരുത്തുന്നു. ഇതിനിടയിലാണ്‌ ഉമ്മർ കുഞ്ഞാലിക്കുട്ടിയെ ട്രോളി രംഗത്തെത്തിയത്‌.
 
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇകെ സുന്നി വിഭാഗവും ലീഗും തമ്മിലുള്ള അകൽച്ച ചർച്ചയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷവുമായി സമസ്‌ത നേതാക്കൾ വേദി പങ്കിട്ടതാണ്‌ ലീഗിനെ ചൊടിപ്പിച്ചത്‌. തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രയിൽ കോഴിക്കോട്ട്‌ ഇകെ സുന്നി വിഭാഗം നേതാക്കൾ പങ്കെടുത്തതും ലീഗിനെ ഞെട്ടിച്ചു. തുടർന്ന്‌ മലപ്പുറത്തെ പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാർ പങ്കെടുക്കുന്നത്‌ ലീഗ്‌ നേതാക്കൾ വിലക്കി. തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ പരസ്യപ്രസ്‌താവന നടത്തരുതെന്ന ഒത്തുതീർപ്പിലുമെത്തി. 
കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതിയും പൗരത്വ ഭേദഗതി നിയമമുൾപ്പെടെ ന്യൂനപക്ഷങ്ങളെ ബാധിച്ച വിഷയങ്ങളിൽ സ്വീകരിച്ച അയഞ്ഞ സമീപനവും തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ കാരണമായെന്ന വിലയിരുത്തലാണ്‌ ഇകെ വിഭാഗത്തിനുള്ളത്‌. മലപ്പുറം ജില്ലയ്‌ക്ക്‌ പുറത്ത്‌ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന്‌ ലഭിച്ചത്‌ ഇതിന്റെ സൂചനയായി ഇവർ കാണുന്നു. സമസ്‌ത നേതൃത്വത്തിന്റെ പിന്തുണയിലാണ്‌ ഉമ്മർ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ടതെന്നാണ്‌ കുഞ്ഞാലിക്കുട്ടി അനുകൂലികൾ കരുതുന്നത്‌.
 
ഇകെ വിഭാഗം പത്രമായ സുപ്രഭാതത്തിലെ  മുഖപ്രസംഗം യുഡിഎഫിനെ വിമ‍‍‍ർശിച്ചിരുന്നു. കഴിഞ്ഞ ദിവസം പുത്തൂ‍ർ റഹ്മാൻ എഴുതിയ ലേഖനത്തിൽ ലീഗിനെ കടുത്ത ഭാഷയിലാണ് വിമ‍ർശിച്ചത്. ഇതെല്ലാം ഇ കെ വിഭാഗത്തിന്റെ അതൃ-പ്തിയാണ് പ്രകടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top