20 April Tuesday

തിരക്കൊഴിയാതെ സ്ഥാനാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

മലപ്പുറം ഗവ. കോളജിൽ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂമിനു മുന്നിൽ ബിഎസ്എഫ് ജവാൻ കാവൽ നിൽക്കുന്നു

മലപ്പുറം
ആളും ആരവവുമൊഴിഞ്ഞു. ഒരുമാസംനീണ്ട തെരഞ്ഞെടുപ്പ്‌ ചൂടിൽനിന്നും സ്ഥാനാർഥികൾ മുക്തരായി. ഫലംവരാൻ ഇനിയും ഒരുമാസത്തിനടുത്ത്‌ കാക്കണം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മിക്ക സ്ഥാനാർഥികളും ബുധനാഴ്‌ച വിശ്രമത്തിലായിരുന്നു.  ചിലർ വിവാഹ, മരണ വീടുകൾ സന്ദർശിച്ചു. 
പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി പി നന്ദകുമാർ വീട്ടിൽ വിശ്രമത്തിലായിരുന്നു. എൽഡിഎഫ് നേതാക്കളുമായി ഫോൺവഴി ആശയ വിനിമയം നടത്തി. യുഡിഎഫ് സ്ഥാനാർഥി എ എം രോഹിത്തും വീട്ടിൽ വിശ്രമത്തിലായിരുന്നു. വൈകിട്ട് നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
തവനൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ടി ജലീൽ രാവിലെ തൃശൂരിലെ സുഹൃത്തിന്റെ വീട്‌ സന്ദർശിച്ചു. കുമരനല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിലും പങ്കെടുത്തശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. 
താനൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി വി അബ്ദുറഹ്മാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  വീടുകൾ സന്ദർശിച്ചു. രണ്ട് മരണ വീടുകളിലുമെത്തി.  യുഡിഎഫ് സ്ഥാനാർഥി പി കെ ഫിറോസ് തെരഞ്ഞെടുപ്പ് ദിവസം രാത്രി സ്വന്തം നാടായ കുന്നമംഗലത്തേക്ക് മടങ്ങി. 
നിലമ്പൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി വി അൻവർ  വിവിധ പഞ്ചായത്തുകൾ  സന്ദർശിച്ചു. പിന്നീട്‌ വീട്ടിൽ  വിശ്രമത്തിൽ. 
കൊണ്ടോട്ടി മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപ്പരുത്തി സുലൈമാൻ ഹാജി വീട്ടിൽ വിശ്രമത്തിലായിരുന്നു.  ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിച്ചു. യുഡിഎഫ്‌ സ്ഥാനാർഥി ടി വി ഇബ്രാഹിം രണ്ട്‌ മരണവീട്‌ സന്ദർശിച്ചു. കൊണ്ടോട്ടിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു. 
വള്ളിക്കുന്ന് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. എ പി അബ്ദുൾ വഹാബ്  വീട്ടിൽ വിശ്രമത്തിലായിരുന്നു.  വൈകിട്ട് എൽഡിഎഫ് പ്രവർത്തകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു. തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തും  വീട്ടിൽ വിശ്രമത്തിലായിരുന്നു. യുഡിഎഫ് സ്ഥാനാർഥികളായ പി അബ്ദുൾഹമീദ് പെരിന്തൽമണ്ണ പട്ടിക്കാട്ടെ വീട്ടിലും കെ പി എ മജീദ്  മങ്കടയിലുമായിരുന്നു.
തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി ലില്ലീസ്‌ രാവിലെ മരണ വീടുകൾ സന്ദർശിച്ചു. ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തു.  വൈകിട്ട് പാർടി പ്രവർത്തകർക്കൊപ്പം. യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ  മരണ വീട്‌ സന്ദർശിച്ചു. വിവാഹത്തിലും രണ്ട്‌ ഗൃഹപ്രവേശ ചടങ്ങിലും പങ്കെടുത്തു.  
എൽഡിഎഫ് വണ്ടൂർ മണ്ഡലം സ്ഥാനാർഥി പി മിഥുനക്ക്  വിശ്രമ ദിനമായിരുന്നു.  വ്യാഴാഴ്ച രാവിലെ പള്ളിക്കലിലെ വീട്ടിലേക്ക് തിരിക്കും.  
വേങ്ങരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി ജിജി കുടുംബത്തോടൊപ്പം മഞ്ചേരിയിൽ ചിലവഴിച്ചു.  ഉച്ചക്കുശേഷം  സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം വയനാട്ടിലേക്ക് യാത്രയായി.  
ഏറനാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ടി അബ്ദുറഹിമാൻ വിവിധ പഞ്ചായത്തുകളിൽ എൽഡിഎഫ്‌ പ്രവർത്തകരെ നേരിൽകണ്ട്‌ നന്ദി അറിയിച്ചു. വൈകിട്ട്‌ സിപിഐ എം, സിപിഐ ജില്ലാ ഓഫീസുകളിലെത്തി നേതാക്കളെ കണ്ടു. യുഡിഎഫ്‌ സ്ഥാനാർഥി പി കെ ബഷീർ വീട്ടിൽ വിശ്രമത്തിലായിരുന്നു. 
പെരിന്തൽമണ്ണയിലെ എൽഡിഎഫ്‌ സ്ഥാനാർഥി കെ പി എം മുസ്‌തഫ തമിഴ്‌നാട്ടിൽ പഠിക്കുന്ന മകളെ സന്ദർശിച്ചു. 
മഞ്ചേരിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി അബ്ദുൽ നാസർ ഡിബോണ വീട്ടിൽ വിശ്രമത്തിലായിരുന്നു.  
മങ്കട മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ടി കെ റഷീദലി തെരഞ്ഞടുപ്പ് പ്രവർത്തനത്തിനിടെ അസുഖബാധിതനായി ചൊവ്വാഴ്ച രാത്രി മരിച്ച പാങ്ങ് ചന്തനപ്പറമ്പിലെ  കാഞ്ഞിരങ്ങാടൻ അബൂബക്കറിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മരണപ്പെട്ട മൂന്ന് വീടുകളും  സന്ദർശിച്ചു.  പരവക്കൽ നേമത്ത്കുഴിയിലെ പാർടി പ്രവർത്തകനായ ഗോപിയുടെ വീട്‌ ഉൾപ്പെടെ മൂന്ന് കല്യാണ വീടുകളിലും എത്തി. ബന്ധുക്കളുടെയും  സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാനും സമയം കണ്ടെത്തി. 
മലപ്പുറം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പാലോളി അബ്ദുറഹിമാൻ  മലപ്പുറം ന​ഗരത്തിലെത്തി സുഹൃത്തുകളെയും പ്രവർത്തകരെയും സന്ദർശിച്ചു.  ഉച്ചകഴിഞ്ഞ് മഞ്ചേരിയിൽ  പ്രമുഖരെ നേരിൽകണ്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top