28 May Thursday

കൊളോണിയൽ യുഗത്തിന്റെ അവശേഷിപ്പ്‌ പാക്കം സ്രാമ്പി ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

പുൽപ്പള്ളി

ബ്രിട്ടീഷ് കൊളോണിയൽ യുഗത്തിന്റെ സ്മരണയിലേക്ക് വെളിച്ചംവീശുന്ന പാക്കം സ്രാമ്പിയും ഓർമയായി. തിങ്കളാഴ്‌ച വൈകിട്ടുണ്ടായ മഴയിലും കാറ്റിലും ഈ ചരിത്ര സ്‌മാരകം നിലംപൊത്തി. ബ്രീട്ടിഷ് ഭരണകാലത്ത് 1886ൽ പാക്കം വനത്തിൽ പണി കഴിപ്പച്ചതാണ് സ്രാമ്പി.  ബ്രിട്ടീഷുകാർ സുഖവാസത്തിനും വിശ്രമത്തിനും വനം മേൽനോട്ടത്തിനും മൃഗവേട്ടക്കും വേണ്ടിയാണ്‌ നിർമിച്ചത്‌. 

സ്രാമ്പി എന്ന വാക്ക് കന്നടയിൽനിന്നാണ് എത്തിയത്.  ഇംഗ്ലീഷ് ഭാഷയിൽ ഹട്ട്  (കുടിൽ) എന്നാണ് അർഥം. പൂർണമായും തേക്കിൻതടിയിൽ നിർമിച്ച ഈ സ്രാമ്പി പൂർണമായും നിലംപൊത്തുകയായിരുന്നു. 19-–-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഇവിടെ വൈസ്രായിമാരും, പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ പ്രൗഡിയും വയനാട്ടിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രവും രേഖപ്പെടുത്തുന്ന ഒരു ചരിത്ര സ്മാരകമായിരുന്നു. 

വന്യജീവികളെയും കൊടും തണുപ്പിനെയും അതിജീവിക്കാൻ കഴിയുന്ന നിർമ്മിതിയാണ് ഇത്.  കോളോണിയൻ ഭരണകാലത്തെ മരനിർമ്മിതിയിലെ ഏറ്റവും വിസ്മയകരമായ നിർമ്മിതി കൂടിയായിരുന്നു. ഏത് കൊടുംകാറ്റിനേയും ചെറുത്തുനിൽക്കാനുള്ള കരുത്തുണ്ടായിരുന്ന  സ്രാമ്പിയിൽ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു.  ഉയർന്ന മേൽക്കൂരയിൻ ഓട് വിരിച്ച്അനവധി തേക്ക് കാലുകളാണ് ഈ സ്രാമ്പിയെ താങ്ങി നിർത്തുന്നത്. കാട്ടാനയും മറ്റും കുത്തിയാൽ പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതങ്ങളുടെ നിർമ്മിതി ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 

വയനാടൻ സ്രാമ്പികളിൽ ഏറ്റവും വലുതാണ് പാക്കം സ്രാമ്പി.  ബ്രിട്ടീഷുക്കാർ ഇത്തരത്തിൽ വയനാടിൻ്റെ പല ഭാഗങ്ങളിലും വനത്തിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതാണ്, മുത്തങ്ങ, തോൽപ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ട്.  പാക്കം സ്രാമ്പി അതേ മാതൃകയിൽ പുനർജീവിപ്പാക്കുന്നതിനുള്ള ബ്രഹ്ത് പദ്ധതി വനം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്‌. തകർന്ന്‌ വീണ സ്രാമ്പിയുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

 

 

പ്രധാന വാർത്തകൾ
 Top