30 March Thursday

വർണലോകം തുറന്ന്‌ മായാബസാർ
മിന്നലായി ‘ആർക്‌ടിക്‌ ’

കെ ഗിരീഷ്‌Updated: Wednesday Feb 8, 2023

അന്താരാഷ്‌ട്ര നാടകോൽസവത്തിൽ തെലുങ്കാനയിൽ നിന്നുള്ള വെങ്കിടേശ്വര സുരഭി തിയ്യറ്റർ അവതരിപ്പിച്ച മായാബസാർ നാടകത്തിൽ നിന്ന്‌

തൃശൂർ 
അവതരണങ്ങളുടെ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി അന്താരാഷ്‌ട്ര നാടകോൽസവത്തിന്റെ മൂന്നാം ദിനം. പൗരാണിക നാടകവേദിയുടെ വർണപ്രപഞ്ചം തുറന്നിട്ട തെലങ്കാനയിലെ ശ്രീവെങ്കിടേശ്വര സുരഭി തിയറ്ററിന്റെ മായാ ബസാർ,  സ്വപ്‌നം പോലൊരു വൈയക്തികാനുഭവവും ആസ്‌ട്രോഫിസിക്‌സും തമ്മിലുള്ള ആശയസങ്കലനത്തിന്റെ അന്വേഷണം നടത്തിയ മഹാരാഷ്‌ട്രയിൽ നിന്നുള്ള ജ്യേതി ദോഗ്രയുടെ ‘ബ്ലാക്ക്‌ ഹോൾ’, പ്രകൃതിയെ ചൂഷണം ചെയ്‌ത്‌ ധനാഢ്യനായ കുട്ടനാടൻ കർഷകന്റെ അവസാനകാല കുറ്റബോധത്തെ കാണിച്ച്‌ ഇടം ശാസ്‌താം കോട്ടയുടെ ‘ആർക്‌ടിക്‌’  എന്നിവയും തയ്‌വാനീസ്‌ ഓപ്പറയുടെ ആവർത്തനം ഹീറോബ്യൂട്ടിയുമാണ്‌ ഇറ്റ്‌ഫോക്കിന്റെ മൂന്നാം ദിവസം അരങ്ങേറിയത്‌.
മായാ ബസാർ തുറന്നിട്ടത് ഇന്ത്യൻ നാടകവേദിയിലെ ചരിത്രത്തിലേക്കുള്ള വാതിലാണ്‌. ഇന്ത്യൻ നാടകചരിത്രത്തിലെ പ്രത്യേകപഠനമേഖലയായി മാറിയ സുരഭി കർട്ടൻ കാണികളെ അക്ഷരാർഥത്തിൽ സന്തോഷിപ്പിച്ചു. പരമ്പരാഗത അഭിനയശൈലിയിലൂടെ ശശിരേഖയുടെയും അഭിമന്യുവിന്റെയും വിവാഹവും ഘടോൽക്കചന്റെ മാന്ത്രികവിദ്യകളും എല്ലാം ചേർന്ന്‌ അത്ഭുതമാണ്‌ സമ്മാനിച്ചത്‌. ഒരു നൂറ്റാണ്ടുമുമ്പേ സുരഭി അത്ഭുതക്കാഴ്‌ചകളൊരുക്കി നാടകവേദിയെ ഞെട്ടിപ്പിച്ചു എന്ന വായനയാണ്‌ കൗതുകമുണർത്തിയത്‌.
ബ്ലാക്ക്‌ ഹോൾ പൂർണമായും വിവരണപ്രാധാന്യമുള്ള ഏകപാത്രനാടകമായിരുന്നു. ഒട്ടും സുപരിചിതമല്ലാത്ത  വിഷയവും വിവരണത്തിന്റെ ആധിക്യവും ചേർന്ന്‌ ഒരു വിഭാഗം കാണികളെ മടുപ്പിച്ചു. അതേസമയം സൂക്ഷ്‌മാഭിനയത്തിന്റെ സാധ്യതയന്വേഷിച്ച നാടകപ്രവർത്തകർ തൃപ്‌തരുമായി.
മൂന്നാം ദിനം കാണിയെ പിടിച്ചിരുത്തിയ നാടകം കെ ആർ രമേഷിന്റെ ആർക്‌ടിക്‌ തന്നെയാണ്‌. പ്രകൃതിയെ ചൂഷണം ചെയ്‌ത പണം നേടിയ കാട്ടൂപ്പറമ്പിൽ തോമസിലൂടെ നാടകം സഞ്ചരിക്കുന്നു. പോയകാലചെയ്‌തികളുടെ പാപ പരിഹാരമെന്നോണം പാളത്തൊപ്പിയും കുറിമുണ്ടും ശരീരത്തിൽ ചെളിയും കലപ്പയുമായി ജീവിക്കുന്ന ഇയാൾ ബന്ധുക്കൾക്ക്‌ പരിഹാസ്യനാണ്‌. എന്നാൽ, അയാളെ അവിടെത്തന്നെ നിലനിർത്തുന്നതിൽ അവർ ജാഗരൂകരുമാണ്‌. ആത്യന്തിക ശരിയും കേവല ശരിയും തമ്മിലുള്ള വൈരുധ്യം നാടകത്തെ നയിക്കുന്നു. കൗതുകകരമായ നാടകഭാഷയിലൂടെയും അഭിനയമികവിലൂടെയും നാടകം കാണിയെ പിടിച്ചിരുത്തി. 
രാവിലെ മീറ്റ്‌ ദ ആർട്ടിസ്‌റ്റിൽ  ‘നിലവിളികൾ മർമരങ്ങൾ, ആക്രോശങ്ങൾ’ സംഘവും ഫൗൾ പ്ലേ സംഘവും പങ്കെടുത്തു. കൊളോക്യത്തിൽ കീർത്തി ജയിൻ, ആശിഷ്‌ സെൻ ഗുപ്‌ത എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top