Deshabhimani

പന്തുരുളും 
ആരാധകരിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:01 AM | 0 min read

 
മലപ്പുറം
പച്ചപുതച്ച്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലെ പുൽമൈതാനം ഒരുങ്ങി. കേരള ഫുട്‌ബോളിന്റെ പുത്തൻ യുഗപ്പിറവിയ്‌ക്ക്‌ തുടക്കമാകാൻ മണിക്കൂറുകൾ ബാക്കി. തിങ്കള്‍ രാത്രി 7.30ന്‌ കിക്കോഫ്‌. തൃശൂർ മാജിക്‌ എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സ്‌ ക്ലബ്ബും തമ്മിലാണ്‌ മത്സരം. മലപ്പുറം എഫ്‌സിയുടേയും തൃശൂർ വാരിയേഴ്‌സിന്റെയും ഹോം ഗ്രൗണ്ടാണ്‌ പയ്യനാട്‌. 
സൂപ്പർ ലീഗ്‌ കേരളയിൽ എറ്റവും അധികം കാണികൾ  എത്തുമെന്ന്‌ സംഘാടകർ പ്രതീക്ഷിക്കുന്ന സ്‌റ്റേഡിയവും പയ്യനാടാണ്‌. ആതിഥേയരായ മലപ്പുറം എഫ്‌സി കളിക്കാൻ ഇറങ്ങുന്ന ദിവസങ്ങളിൽ പയ്യനാട്‌ നിറയും. മലപ്പുറം എഫ്‌സിയുടെ ആരാധകപ്പട ‘അൾട്രാസ്‌ ’ അത്രമാത്രം സജീവമാണ്‌. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലെ മത്സരത്തിന്‌ പോകാൻ ബസുകൾ തയ്യാറാക്കിയിട്ടുണ്ട്‌ ‘അൾട്രാസ്‌ ’. പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ എന്തെല്ലാമാണ്‌ കരുതിവച്ചിരിക്കുന്നത്‌ കാത്തിരുന്ന്‌ കാണാം.
പയ്യനാട്‌ സ്‌റ്റേഡിയത്തിൽ 2014ലെ ഫെഡറേഷൻ കപ്പിലും 2022ലെ സന്തോഷ്‌ട്രോഫിയിലും സ്‌റ്റേഡിയം തിങ്ങിനിറഞ്ഞു. 2022 മെയ്‌ രണ്ടിന്‌ നടന്ന സന്തോഷ്‌ട്രോഫി ഫൈനൽ ദിവസം മത്സരം കാണാനാകാതെ ആയിരങ്ങളാണ്‌ പുറത്തുനിന്നത്‌. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, കോഴിക്കോട്‌ കോർപറേഷൻ  ഇ എം എസ്‌ സ്‌റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം എന്നിവടങ്ങളും വേദിയാണ്‌. 
ആറ്‌ ടീമുകളാണ്‌ ലീഗിൽ. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പൻസ്‌, തൃശൂർ മാജിക്‌ എഫ്‌സി, കലിക്കറ്റ്‌ എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്‌ ക്ലബ്ബുകളുമുണ്ട്‌. നവംബർ പത്തിനാണ്‌ ഫൈനൽ. 
‘മലപ്പുറത്തിന്റെ സെവൻസ്‌’
മലപ്പുറം എഫ്‌സിയിൽ ഏഴ്‌ മലപ്പുറത്തുകാരുണ്ട്‌. രാജ്യാന്തര താരമായ അനസ്‌ എടത്തൊടിക കൊണ്ടോട്ടി സ്വദേശിയാണ്. താനൂർ സ്വദേശി ഫസലുറഹ്മാൻ, എടരിക്കോട്‌ സ്വദേശി നന്ദുകൃഷ്‌ണ, എടവണ്ണപ്പാറ സ്വദേശി വി ബുജൈർ, തിരൂർ സ്വദേശി മുഹമ്മദ്‌ നിഷാം, കൽപ്പകഞ്ചേരി സ്വദേശി മുഹമ്മദ്‌ ജാസിം, മഞ്ചേരി സ്വദേശി അജയ്‌കൃഷ്‌ണൻ എന്നിവരാണ്‌ മറ്റുതാരങ്ങൾ. 
എംഎഫ്‌സി കൊച്ചിയിൽ
സൂപ്പർ ലീഗ്‌ കേരളയുടെ ഉദ്‌ഘാടന മത്സരത്തിന്‌ മലപ്പുറം എഫ്‌സി കൊച്ചിയിലെത്തി. ശനിയാഴ്‌ച രാത്രി എട്ടിന്‌ ഫോഴ്‌സ കൊച്ചിയുമായാണ്‌ മത്സരം. ഒരുമാസത്തിലധികമായി കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലായിരുന്നു പരിശീലനം.
ടിക്കറ്റ്‌  പേടിഎമ്മിലും 
സ്‌റ്റേഡിയത്തിലും
മത്സരം സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം. 99 രൂപമുതലുള്ള ടിക്കറ്റുകൾ പേടിഎംവഴി ബുക്ക്‌ ചെയ്യാം (https://insider.in). മത്സരദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home