Deshabhimani

കല്ലുംതാഴത്ത്‌ പില്ലറിൽ 
വിള്ളൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 11:25 PM | 0 min read

കൊല്ലം
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കല്ലുംതാഴത്ത്‌ ഫ്ലൈഓവറിനായി നിർമിച്ച തൂണുകളിൽ ചെറിയ വിള്ളൽ രൂപപ്പെട്ടതായി പരാതി. ഇവിടെ രണ്ടു തൂണുകളിൽ (പില്ലർ) വിള്ളൽ രൂപപ്പെട്ടെന്നും ഒരെണ്ണത്തിന്‌ ചരിവുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മങ്ങാടുനിന്ന് കല്ലുംതാഴത്തിന്‌ വരവെ ജങ്ഷനിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈഓവറിന്റെ പില്ലറുകളിലാണ്‌ വിള്ളൽ കാണുന്നത്‌. 
പില്ലറുകളുടെ നിർമാണം കഴിഞ്ഞയുടനെ കരാറുകാർ നീല പെയിന്റ്‌ അടിച്ചിരുന്നു. വിള്ളൽവീണ്‌ പെയിന്റ്‌ ഇളകിമാറിയ നിലയിലാണ്‌. ഇതേത്തുടർന്ന്‌ കരാർകമ്പനി തൊഴിലാളികളെകൊണ്ട്‌ വിള്ളൽവീണ ഭാഗത്ത്‌ സിമന്റ്‌ തേപ്പിച്ചിട്ടുണ്ട്‌. കൊല്ലം ബൈപാസിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുതിയ പാലം നിർമാണത്തിനിടെ കഴിഞ്ഞാഴ്ച കോൺക്രീറ്റ്‌ ഭാഗം മഴയത്ത്‌ ഇടിഞ്ഞുവീണിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ കല്ലുംതാഴത്ത്‌ തൂണുകളിൽ ചെറിയ വിള്ളൽ രൂപപ്പെട്ടത്‌ നാട്ടുകാരിൽ ആശങ്കയ്‌ക്ക്‌ ഇടയാക്കിയത്‌. എന്നാൽ, തൂണിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞദിവസവും അവിടെ പരിശോധന നടത്തിയെന്നുമാണ്‌ ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഉദ്യോഗസ്ഥർ പറയുന്നത്‌. ആദ്യം അടിച്ച പെയിന്റ്‌ ഇളകുകമാത്രമാണ്‌ ചെയ്‌തത്‌. ഇവിടെ വീണ്ടും സിമന്റിന്റെ അപ്പക്‌സ്‌ പ്രൈമർ അടിക്കുമെന്ന് പറയുന്നു.  
 


deshabhimani section

Related News

View More
0 comments
Sort by

Home