15 October Tuesday

കെട്ടിടം പൊളിക്കാനെത്തിയ പഞ്ചായത്തധികൃതരെ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

അടിമലത്തുറയിൽ അനധികൃത കെട്ടിടം പൊളിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ

കോവളം
സമുദ്രതീരത്തെ പുറമ്പോക്കിലെ അനധികൃത കെട്ടിടം പൊളിക്കാനെത്തിയ പഞ്ചായത്തധികൃതരെ ഒരു വിഭാഗം തടഞ്ഞ്  കൈയേറ്റശ്രമം. പൊലീസെത്തി ജീവനക്കാരെ രക്ഷിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ തീരത്താണ്   സംഭവം. പുറമ്പോക്ക് കൈയേറി അടിമലത്തുറപള്ളി  അധികൃതർ അനധികൃതമായി നിർമിച്ച ഹാൾ പൊളിക്കാനെത്തിയവരെയാണ് നാട്ടുകാരിൽ ഒരുവിഭാഗം തടഞ്ഞത്. 
 
ഈ ഹാൾ നിർമാണം തുടങ്ങിയപ്പോൾത്തന്നെ  സ്വകാര്യ വ്യക്തിയുടെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി. എന്നാൽ, ഇത്‌ വകവയ്ക്കാതെ കെട്ടിടംപണി പൂർത്തിയാക്കുകയായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും 2018ൽ കെട്ടിടം പൊളിച്ചുമാറ്റാൻ    കലക്ടർക്ക്  കോടതി  ഉത്തരവും  നൽകി. അന്നും കോടതിവിധി നടപ്പാക്കാൻ സ്ഥലത്തെത്തിയ കലക്ടർക്കുമുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ   കലക്ടർ  മടങ്ങി. 
 
ഒരുവർഷം കഴിഞ്ഞിട്ടും  കോടതിവിധി നടപ്പാക്കാനാകാതെവന്നതോടെ കോടതിയലക്ഷ്യത്തിന്‌ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർക്ക് കോടതി നോട്ടീസയച്ചു.ഇതേതുടർന്നാണ്  കഴിഞ്ഞദിവസം കലക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് ഉദ്യോഗസ്ഥർ കെട്ടിടം പൊളിക്കാനെത്തിയത്. നിലവിലെ സ്ഥിതി കലക്ടറെ ബോധിപ്പിച്ചിട്ടുണ്ടെന്നും  കോടതിയെ  വിവരം അറിയിക്കുമെന്നും പഞ്ചായത്ത്സെക്രട്ടറി അജു എ ഒ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top