23 September Wednesday
തീരവാസികളുടെ ജീവിതം ദുരിതത്തിൽ

കടൽക്ഷോഭം അതിരൂക്ഷം; അരക്കിലോമീറ്റർ കടൽകയറി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കൊടുങ്ങല്ലൂർ ലൈറ്റ്‌ ഹൗസ്‌ കടപ്പുറത്തെ കടലാക്രമണം

കൊടുങ്ങല്ലൂർ/ എങ്ങണ്ടിയൂർ
ശക്തമായ കടലാക്രമണത്തിൽ കൊടുങ്ങല്ലൂരിന്റെ തീരവും പൊക്കുളങ്ങരയും തകർച്ചാഭീഷണിയിൽ. എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകർത്ത് കടൽ വെള്ളം അരക്കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പത്തോടും ഇടത്തോടുകളും നിറഞ്ഞ്‌ വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളംകയറി. കടലിനോട് ചേർന്ന നൂറുകണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്‌. അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട്, കാര, വാക്കടപ്പുറം, മണപ്പാട്ടുചാൽ തട്ടുകടവ് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. വ്യാഴാഴ്ച രാവിലെമുതൽ വൻ തിരമാലകൾ ഉയർന്നു. മൂന്നു മീറ്ററിലേറെയാണ് തിരമാല ഉയർന്നത്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് ജനജീവിതം സ്തംഭിച്ചത്. രണ്ടുദിവസമായി പെയ്യുന്ന മഴയും കടലാക്രമണവും തീരവാസികളുടെ ജീവിതം ദുരിതത്തിലാക്കി. 
എറിയാട് ലൈറ്റ്ഹൗസ് മുതൽ പുതിയ റോഡ്‌വരെയുള്ള ഭാഗങ്ങളിലാണ് കടലേറ്റം അതിരൂക്ഷമായത്. നിരവധി വീടുകൾ ഭാഗികമായി തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കടൽ അരക്കിലോമീറ്ററോളം കരയിലേക്കെത്തി. ജിയോ ബാഗുകൾ പല സ്ഥലങ്ങളിലും തകർന്നു. 
എറിയാട് പഞ്ചായത്തിലെ ഒന്ന്, 20, 22, 23 വാർഡുകളും എടവിലങ്ങിലെ 12,13,14 വാർഡുകളും പൂർ‌ണമായും വെള്ളത്തിനടിയിലാണ്. എടവിലങ്ങ് പുതിയ റോഡിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. എടവിലങ്ങ് പഞ്ചായത്തിലെ ഫിഷറീസ് സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയത്. 
 ക്യാമ്പിലേക്കാവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്‌ എ പി ആദർശിന്റെ നേതൃത്വത്തിൽ ഒരുക്കി.
എങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിൽ ഇതുവരെ അനുഭവപ്പെടാത്ത തരത്തിലാണ് കടലേറ്റം. അറുപതോളം വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ചയുണ്ടായ കടലേറ്റത്തിൽ പ്രദേശത്ത് മുഴുവനും ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ഇതിനാൽ കുടിവെള്ള സ്രോതസ്സും മലിനമായി. പഞ്ചായത്ത് പ്രസിഡന്റ് പി എൻ ജ്യോതിലാലിന്റെ നേതൃത്വത്തിൽ കടലേറ്റ മേഖല സന്ദർശിച്ചു. തളിക്കുളത്ത് സ്നേഹതീരം ബീച്ചിന് വടക്കുഭാഗം മുതൽ കടലേറ്റം ശക്തമായി തുടരുകയാണ്. 
കടൽ ഭിത്തിയില്ലാത്ത ഭാഗത്ത് കരയിലേക്ക് തിരമാലകൾ ആഞ്ഞടിച്ചു. തീരദേശ റോഡിനു പുറത്തേക്ക് 20 മീറ്ററോളം കടൽവെള്ളം ഒഴുകിയെത്തി. വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ശക്തമായ കടലേറ്റമാണ്. ഇവിടെ കടൽഭിത്തിക്കു മുകളിലൂടെയാണ് ചെളിവെള്ളം കരയിലേക്ക് അടിച്ചുവരുന്നത്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top