19 September Saturday

ചുഴലിക്കാറ്റിന്റെ താണ്ഡവം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കാറ്റിൽ മരം വീണ് തകർന്ന കടപ്രയിലെ ഒരു വീട്

 തിരുവല്ല

തിരുവല്ല താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ വീശിയ കാറ്റിൽ 18 വീടുകൾക്ക്  ഭാഗിക നാശനഷ്ടം. ഇരുവെള്ളിപ്പറ പാണ്ടിശ്ശേരിൽ വർഗീസ് പി സക്കറിയയുടെ വീടിന് മുകളിലേക്ക് മരംവീണ് മേൽക്കൂര ഭാഗികമായി തകർന്നു. പരുമല തിക്കപ്പുഴ ഗിൽഗാൽ വീട്ടിൽ ബൈജുവിന്റെ വീടിന് മുകളിലേക്ക് തേക്ക് വീണ് മേൽക്കൂരക്ക്‌ നാശം സംഭവിച്ചു. നിരണം കൊച്ചുകാട് ശാന്തമ്മ, നിരണം വടക്ക് കുഴുവേലിൽ പടിഞ്ഞാറേതിൽ നസറുദ്ദീൻ, കുഴുവേലിൽ കുഞ്ഞുമോൻ, കുഴുവേലിൽ സലീന ലത്തീഫ്, കടപ്ര മാന്നാർ കല്ലൂരേത്ത് ലക്ഷ്മി, കടപ്ര ചെറുകരയിൽ വർഗീസ് ജോർജ്‌ എന്നിവരുടെയും നിരണം വില്ലേജിൽ അയ്യൻകോനാരിയിൽ തങ്കൻ, സിബി, മാടമുക്കത്ത് പ്രസാദ് ജോൺ, വല്യാറയിൽ സുധീരൻ, മണപ്പുറത്ത് ഷിബു മോളി, കരിയപള്ളിൽ അബ്രഹാം ജോർജ്‌, കുട്ടൻകേരിൽ ജെയിംസ് കെ മാത്യു, മുണ്ടകത്തിൽ മാത്യു, ശോഭ സദനത്തിൽ ശോഭന എന്നിവരുടെയും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ്‌ ഭാഗികനാശം സംഭവിച്ചു. കടപ്ര ചിറയിൽ വീട്ടിൽ സി സി വർഗീസിന്റെ വീടിനോട് ചേർന്നുള്ള കാലിത്തൊഴുത്തിന് മുകളിൽ മരംവീണ് തൊഴുത്ത് പൂർണമായും തകർന്നു. അമ്പതോളം ഗ്രോ ബാഗും നശിച്ചു. കോട്ടാങ്ങൽ കുളത്തൂർ മൈലാടുംപാറക്കൽ  എം സി തോമസിന്റെ വീടിന്‌ മുകളിൽ പ്ലാവിന്റെ ശിഖിരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി.
മുളമ്പുഴയിൽ വൻ നാശം
പന്തളം
മഴയോടൊപ്പം വന്ന  ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയ മുളമ്പുഴയിൽ ഒരു വീട്ടിലെ എല്ലാ മരങ്ങളും കടപുഴകി. സകല കൃഷിയും നശിച്ചു. വ്യാഴാഴ്‌ച വെളുപ്പിനുണ്ടായ കാറ്റിൽ ഐവേലിൽ ഉണ്ണികൃഷ്ണപിള്ളയുടെ പുരയിടത്തിലെ15തേക്കും ആഞ്ഞിലികളും മറിയുകയും ഒടിയുകയും ചെയ്തു. മതിലും തകർന്നു.100മൂട് കപ്പ, വാഴകൾ, കുരുമുളക് കൊടികൾ, ഏത്തവാഴ, ഇഞ്ചി, ചേന, കാച്ചിൽ പച്ചക്കറി കൃഷികൾ എന്നിവ നശിച്ചു.
ഉണ്ണികൃഷ്ണപിള്ള ലോക്ക് ഡൗൺ കാലത്ത് ചെയ്ത മുഴുവൻ കൃഷിയുമാണ് നശിച്ചത്. 3 ലക്ഷം രൂപയിലധികം നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ, മണപ്പാട് ജയകുമാർ, ഗോപീ സദനത്തിൽ രാജീവ്, താരിമാത്ത് ഉണ്ണി എന്നിവരുടെ വീടുകളിലും വൻതോതിൽ കൃഷി നാശം ഉണ്ടായി. നന്ദനത്തിൽ ഉഷാകുമാരി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ എന്നിവരുടെയും വൻ വൃക്ഷങ്ങൾ കടപുഴകി നാശമുണ്ടായി.
തുമ്പമൺ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റബർ കടപുഴകി. വാഴ ഉൾപ്പെടെ കൃഷിയും നശിച്ചു  തുമ്പമൺ മുട്ടം കൊച്ചുചെറുകുന്നത്ത് രാമചന്ദ്രൻനായർയുടെ അൻപതിലധികം ഏത്തവാഴ ഒടിഞ്ഞുവീണു . ഓണവിപണി ലക്ഷ്യം വച്ചുള്ള വാഴയാണ് വീണത്.
ചിറ്റയം ഗോപകുമാർ എംഎൽഎ, പന്തളം നഗരസഭാധ്യക്ഷ ടി കെ സതി, കൗൺസിലർ രാധാ രാമചന്ദ്രൻ വില്ലേജ്, കൃഷി വകുപ്പ് അധികൃതർ എന്നിവർ നാശം സംഭവിച്ച വീടുകൾ സന്ദർശിച്ചു.നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ ആവശ്യപ്പെട്ടു
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top