26 September Saturday

കലി കാറ്റിനും ...

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ആലിയാട് ചീനിവിള കൗമാരി അമ്മയുടെ വീടിനു മുകളിലേക്ക് വീണ തെങ്ങ് അഗ്നിശമന സേന മുറിച്ചുമാറ്റുന്നു

തിരുവനന്തപുരം
രണ്ടു ദിവസമായി തുടര്‍ന്നകനത്ത മഴയിൽ 47 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. കടൽക്ഷോഭത്തിൽ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളിൽ വെള്ളംകയറി. അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വ്യാഴാഴ്‌ച അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണും മറ്റും നിരവധി വീടുകള്‍ക്ക് കേടുപറ്റി. റോഡിലേക്കും വൈദ്യുതി ലൈനിലേക്കുമായി മരങ്ങള്‍ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. വാമനപുരം പുതൂര്‍മൂഴിയില്‍ വീട്ടില്‍ നാരായണപിള്ള, കീഴായിക്കോണം വണ്ടിപ്പുരമുക്ക് എസ് എല്‍ വി സദനത്തില്‍ സഹദേവന്‍, ആലിയാട് ചീനിവിള ലിന്‍ സദനത്തില്‍ കൗമാരിയമ്മ, ആലിയാട് ചിലന്തിയാംകോണം കുന്നില്‍ വീട്ടില്‍ സരള, ആലിയാട് പേയ്ക്കാവില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീധരന്‍, വാമനപുരം തൂങ്ങയില്‍ താന്നിമൂട് വിളയില്‍ വീട്ടില്‍ ശ്രീജ, പുതൂര്‍ കുഴിവിള പുത്തന്‍ വീട്ടില്‍ വിലാസിനി എന്നിവരുടെ  വീടുകളാണ് തകര്‍ന്നത്. കൗമാരിയമ്മയുടെയും നാരായണ പിള്ളയുടെയും വീടുകളാണ് ഏറെ നശിച്ചത്.
മുക്കുന്നൂര്‍ പി വി ഭവനില്‍ പ്രവീണിന്റെ വീട്ടിലേക്ക് സമീപത്തെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വീണ്  കേടുപാടുണ്ടായി. എം സി റോഡില്‍ പിരപ്പന്‍കോടിനു സമീപം മഞ്ചാടിമൂട്, കീഴായിക്കോണം, വണ്ടിപ്പുരമുക്ക് എന്നിവിടങ്ങളിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യതി വിതരണവും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിശമന സേനാ യൂണിറ്റ്  എത്തി തടസ്സങ്ങള്‍ നീക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ശ്രീകുമാര്‍, ജെ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നൽകി.  
കിളിമാനൂരിന് സമീപം പറണ്ടക്കുഴിയിൽ മരം വീണ്‌ വീട് തകർന്നു. പറണ്ടക്കുഴി പുത്തേറ്റ് കാട്ടിൽ റഹീനയുടെ അനസ് മൻസിലാണ് തകർന്നത്. വീട്ടിൽ ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.  മേൽക്കൂര പൂർണമായും തകർന്നു. വീട്ടുപകരണങ്ങൾ വെള്ളം കയറി നശിച്ചു.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് വളപ്പിലെ സ്റ്റാഫ് ക്വാർട്ടേഴ്സിനു മുകളിലേക്ക് വൻ മരം കടപുഴകിവീണു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ക്വാർട്ടേഴ്‌സ്‌ ഭാഗികമായി തകർന്നു. ജയകൃഷ്ണനും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സാണ് തകര്‍ന്നത്. മൂന്ന് വൈദ്യുതിത്തൂണും തകർന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ഫയർ ഫോഴ്സും നാട്ടുകാരും ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി.വർക്കലയിലും പരിസരത്തുമായി പത്തോളം വീടുകള്‍ തകർന്നു. പലയിടങ്ങളിലും മരം വീണ്‌ ഗതാഗത വും വൈദ്യുതിയും തടസ്സപ്പെട്ടു. മേൽവെട്ടൂര്‍ അമ്മന്‍നട പുത്തൻവീട്ടില്‍ ചെല്ലമ്മ, കുന്നുവിള വീട്ടില്‍ ലളിത മുനിക്കുന്ന് ലക്ഷംവീട് കോളനി തെങ്ങുവിള വീട്ടില്‍ കൗസല്യ എന്നിവരുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അമ്മന്‍നട കുന്നില്‍ചരുവിള വീട്ടില്‍ വസന്തയുടെ വീടിന്റെ അടുക്കളയുടെ മുകളില്‍ മരം വീണു. അമ്മന്‍നട ലക്ഷ്മി വിലാസത്തില്‍ ബേബിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകർന്നു. കല്ലുമലക്കുന്ന് പുത്തൻവിള വീട്ടില്‍ ശശിധരൻ, ശ്രീനിവാസപുരം റോഡുവിള വീട്ടില്‍ സജീന എന്നിവരുടെ വീടിന്റെ ഭിത്തി ഇടിഞ്ഞു. ചെറുന്നിയൂര്‍ കല്ലുവിള വീട്ടില്‍ ലിസിയുടെ വീടിന് മുകളിലും മേൽവെട്ടൂര്‍ മേലേക്കാവില്‍ നാസറുദീന്റെ കടയുടെ മുകളിലും മരംവീണു. താഴെവെട്ടൂര്‍ വടക്കേപള്ളിക്ക് സമീപവും ചെമ്മരുതി പനയറ കുന്നത്ത് മല റോഡിലുമായി ഇലക്ട്രിക് പോസ്റ്റിലൂടെ കടപുഴകി വീണ കൂറ്റൻ മരങ്ങൾ അഗ്‌നിശമനസേനാ ജീവനക്കാരെത്തി മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top