23 September Wednesday

തോരാതെ മഴ...

സ്വന്തം ലേഖികUpdated: Friday Aug 7, 2020

കനത്ത മഴയിൽ മുക്കം പുൽപ്പറമ്പ് അങ്ങാടിയിൽ വെള്ളം കയറിയപ്പോൾ

കോഴിക്കോട്‌ 
കനത്ത മഴയിൽ വിറങ്ങലിച്ച്‌ ജില്ല. കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്‌. പരക്കെ പെയ്യുന്ന പേമാരിയിൽ ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും ജലനിരപ്പുയർന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്‌ചയും മഴ തുടരുന്നതിനാൽ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കി. അതിതീവ്ര മഴക്ക്‌ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകൾ നടത്താനും ജില്ലാഭരണ കേന്ദ്രം നിർദേശിച്ചു‌. ജൂൺ മുതൽ ജില്ലയിൽ രണ്ടു വീട് പൂർണമായും 62 വീടുകൾ ഭാഗികമായും തകർന്നു. 
24 മണിക്കൂറിനിടെ 4 വീടുകളാണ്‌ ഭാഗികമായി തകർന്നത്‌. ചാലിയാർ, ഇരുവഴിഞ്ഞി പുഴ എന്നിവയുടെ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചാലിയാറിൽ ജലനിരപ്പുയർന്നതിനാൽ 40 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 
നാലു താലൂക്കുകളിലും ദുരിതാശ്വാസ പ്രവർത്തന സജ്ജീകരണങ്ങൾ പൂർത്തിയായി.  മാവൂർ വില്ലേജിലെ ജിഎംയുപി സ്‌കൂളിലും കച്ചേരിക്കുന്ന് അങ്കണവാടിയിലും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജിഎംയുപി സ്‌കൂളിൽ ഒരു കുടുംബത്തെയും  കച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തെയും മാറ്റിത്താമസിപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. 
കൊടിയത്തൂർ വില്ലേജിൽ മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തുനിന്ന്‌ ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൺട്രോൾ റൂം ആരംഭിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ ക്യാമ്പുകൾ സജ്ജമാണെന്ന് കൊയിലാണ്ടി തഹസിൽദാർ കെ ഗോകുൽ ദാസ് അറിയിച്ചു. കൺട്രോൾ റൂമും സജ്ജമാണ്‌.  
ക്യാമ്പുകളിലേക്ക് ആളുകളെ മാറിത്താമസിപ്പിക്കാൻ വടകര താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും സജ്ജമായി.  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമുണ്ട്‌. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് അടക്കമുള്ള സജ്ജീകരണങ്ങൾ താമരശേരി താലൂക്കിൽ ഒരുങ്ങി. മുക്കത്തുനിന്നുള്ള ഒരു യൂണിറ്റ് ഫയർഫോഴ്സാണ് താമരശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്യുന്നത്. ചുരം റോഡിലെ ഗതാഗതതടസ്സം പരിഹരിക്കുന്നതിനും  മലയോര മേഖലകളിൽ ഉടൻ എത്തിച്ചേരുന്നതിനുമാണ് ഫയർഫോഴ്സ് യൂണിറ്റ് താമരശേരിയിൽ ക്യാമ്പ് ചെയ്യുന്നത്.
കനത്തമഴയും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാലും മുത്തപ്പൻപുഴ ആദിവാസി കോളനിയിലെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് തഹസിൽദാർ സി മുഹമ്മദ് റഫീഖ് പറഞ്ഞു. ഇവർക്കായി ക്യാമ്പ് ആരംഭിക്കും. 
നിലവിലെ സാഹചര്യവും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കലക്ടർ കെ ഹിമയുടെ അധ്യക്ഷതയിൽ 20 വില്ലേജ് ഓഫീസർമാരുടെയും ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർമാരുടെയും ഓൺലൈൻ യോഗം ചേർന്നു. 
കടലുണ്ടിയിൽ കടലാക്രമണം രൂക്ഷമായി. ബേപ്പൂർ പുലിമുട്ടിനോടനുബന്ധിച്ച്‌ ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു. 
 
വനത്തിൽ ഉരുൾപൊട്ടിയെന്ന്‌ സംശയം 
നാദാപുരം 
കനത്ത മഴയിൽ വിലങ്ങാട് മലയോരമേഖല അതീവ ജാഗ്രതയിൽ. പാനോം വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം.  വ്യാഴാഴ്‌ച വൈകിട്ടോടെ വാണിമേൽ പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. വിലങ്ങാട് ടൗണിലെ പാലത്തിനുമുകളിൽ വെള്ളം കയറി. 
ചെളി കലർന്ന വെള്ളത്തോടൊപ്പം നിരവധി മരക്കഷണങ്ങളും ഒഴുകിയെത്തി.  മലയോരങ്ങളിലും വനമേഖലയിലും ശക്തമായ മഴ തുടരുന്നുണ്ട്‌. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് മലയങ്ങാടുനിന്ന്‌ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ  ബന്ധുവീടുകളിലേക്കാണ് മാറ്റിയത്‌. ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായ അടിച്ചി പാറയിലെ മണ്ണുനീക്കി. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശത്തുനിന്ന്‌ മാറിത്താമസിക്കാൻ നിർദേശം നൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top