24 January Thursday

നെഞ്ചുപിളരും, നോവിൽ, ലാൽസലാം

സതീഷ്‌ഗോപിUpdated: Tuesday Aug 7, 2018

സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാലിക്കടവിലെത്തിയപ്പോൾ

 

പരിയാരം
വെള്ളപുതച്ചുറങ്ങുന്ന കണ്ണീർപ്പൂവായി, കാത്തുനിന്ന സഖാക്കൾക്കരികിലേക്ക് അബൂബക്കർ സിദ്ദിഖിന്റെ മൃതദേഹം എത്തിയപ്പോൾ പരിയാരം മെഡിക്കൽ കോളേജ് പരിസരം നൊമ്പരക്കടലായി. പോസ‌്റ്റുമോർട്ടം മുറിയിലേക്ക് കയറ്റും മുമ്പ് സ്ട്രച്ചറിൽ ഇറക്കിക്കിടത്തിയ ഇളം ശരീരത്തിലേക്ക് കണ്ണുപായിച്ചവരുടെ ഉള്ളം നടുങ്ങി. ആന്തരികാവയവങ്ങൾ പുറത്തുവരും വിധമുള്ള ഒറ്റക്കുത്ത്. കാവിക്കൂടാരത്തിൽനിന്ന് ക്രൂരത പരിശീലിച്ച ദൗത്യമികവിന്റെ ഉദാഹരണമായി ആ ചെറുപ്പക്കാരന്റെ ചലനമറ്റദേഹം. ഉറങ്ങിക്കിടക്കുന്നതുപോലെ നിഷ്കളങ്കമായ മുഖം. അടക്കിപ്പിടിച്ച വിതുമ്പലിനും നിശ്വാസങ്ങൾക്കുമിടയിലൂടെ തല്ലിക്കൊഴിക്കപ്പെട്ട തരുണദേഹം പോസ്റ്റുമോർട്ടം മേശയിലേക്ക്. 
തിങ്കളാഴ്ച  രാവിലെ പത്തേമുക്കാലോടെ അബൂബക്കർ സിദ്ദിഖിന്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് കിതച്ചെത്തിയപ്പോൾ പരിയാരം മെഡിക്കൽ കോളേജിന്റെ മോർച്ചറി പരിസരം സിപിഐ എമ്മിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും പ്രവർത്തകരാൽ നിബിഡമായിരുന്നു. രാവിലെമുതൽ അവിടെ കാത്തുനിന്നവർ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എല്ലാ മുഖത്തും സംഘപരിവാരം ആസൂത്രിതമായി നടത്തിയ അരുംകൊലയോടുള്ള രോഷാഗ്നി. രാവിലെ മൃതദേഹം എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷമാണ് പുറപ്പെട്ടത്. ദുഃഖം ഖനീഭവിച്ച മുഖവുമായി സിപിഐ എം മഞ്ചേശ്വരം ഏരിയാസെക്രട്ടറി അബ്ദുൾറസാഖ് ചിപ്പാർ ആംബുലൻസിലുണ്ടായിരുന്നു. കേന്ദ്രകമ്മറ്റിയംഗം പി കരുണാകരൻ എംപി, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, കെ ആർ ജയാനന്ദ, ഡോ. വി പി പി മുസ്തഫ, സാബു അബ്രഹാം, ഡിവൈഎഫ്ഐ നേതാക്കളായ കെ മണികണ്ഠൻ, ശിവജി വെള്ളിക്കോത്ത്, സി ജെ സജിത് തുടങ്ങിയവരും മറ്റ് വാഹനങ്ങളിലെത്തി. സിദ്ദീഖിന്റെ അയൽക്കാരായ പ്രവർത്തകരും എത്തിയിരുന്നു. കണ്ണൂരിലെ മുതിർന്ന സിപിഐ എം നേതാക്കളായ വി നാരായണൻ, ഒ വി നാരായണൻ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ഡിവൈഎഫ്ഐ  കേന്ദ്രകമ്മിറ്റിയംഗം  പി പി ദിവ്യ, കെ സന്തോഷ് തുടങ്ങിയവരും നേരത്തെ എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് വിദേശത്തുനിന്നെത്തിയ പ്രിയ കൂട്ടുകാരൻ ഇനി ഒപ്പമില്ലെന്നത് ഉൾക്കൊള്ളാനാകാതെ സോങ്കാലിൽനിന്നുള്ള സഹപ്രവർത്തകർ പുറത്ത് കരച്ചിലടക്കിയിരുന്നത് നൊമ്പരക്കാഴ്ചയായി. 
 പോസ്റ്റുമോർട്ടം നടപടി പുരോഗമിക്കവെ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനും പരിയാരത്തെത്തി. പന്ത്രണ്ടേകാലോടെ മോർച്ചറിയുടെ വാതിൽതുറന്നു. സ്ട്രക്ചറിൽ വെള്ളയിൽ പുതച്ച സിദ്ദീഖിന്റെ മൃതദേഹം പുറത്തേക്ക്. കവാടത്തിൽനിന്ന് നേതാക്കൾ ഏറ്റുവാങ്ങി ചെങ്കൊടി പുതപ്പിക്കുമ്പോൾ കാതടിപ്പിക്കുന്ന മുദ്രാവാക്യം. വർഗീയശക്തികളുടെ കൊലക്കത്തിക്ക് ഇരയായ പ്രിയസഖാവ് രക്തപുഷ്പമായ് മടങ്ങുമ്പോൾ  കണ്ണീർ ജ്വലിപ്പിച്ച കനൽക്കട്ടകൾ നെഞ്ചിലേറ്റിയവർ ഒരേപോലെ ഏറ്റുവിളിച്ചു. 'രക്തസാക്ഷി മരിക്കുന്നില്ല'.
 നെഞ്ചുപിളരും നോവിൽ ലാൽസലാം 
പ്രധാന വാർത്തകൾ
 Top