18 June Friday

പാട്ടുംപാടി നട്ടു കുട്ടനിറയെ കിട്ടി

സ്വന്തം ലേഖകന്‍Updated: Tuesday Jul 7, 2020

 

കൊല്ലം
സംഗീതക്കച്ചേരി വേദികൾക്ക്‌ കോവിഡ്‌ താൽക്കാലിക തിരശീല വീഴ്‌ത്തിയപ്പോൾ പാലക്കുളങ്ങര സിസ്റ്റേഴ്സ് നേരെ തൊടിയിലേക്കിറങ്ങി. ഇപ്പോൾ വീട്ടുപുരയിടത്തിൽ പച്ചക്കറിക്കൃഷിയുടെ തിരക്കിലാണ് ഈ ഇരട്ടകൾ. ചെറിയ പ്രായത്തിൽ കച്ചേരി വേദികളിലൂടെ ശ്രദ്ധനേടിയ ശൂരനാട്‌ തെക്ക്‌ ആയിക്കുന്നം പാലക്കുളങ്ങരയിൽ അദ്വൈതയും അദീതയും രണ്ടാംഘട്ട പയർ കൃഷിയിറക്കിക്കഴിഞ്ഞു. 
ശാസ്‌താംകോട്ട ബ്രൂക്ക്‌ ഇന്റർനാഷണൽ സ്‌കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥികളായ ഇരുവരും ഓൺലൈൻ ക്ലാസ്‌ കഴിഞ്ഞുകിട്ടുന്ന സമയം കൃഷിക്കായി മാറ്റിവച്ചിരിക്കുകയാണ്‌. വീടിനോട്‌ ചേർന്ന പുരയിടത്തിൽ  പയർ, വെണ്ട, കാന്താരി, ചീര, പച്ചമുളക്‌, തക്കാളി എന്നിവ കൃഷിചെയ്‌തു. ഗ്രോബാഗിലും കൃഷിയുണ്ട്‌. ലോക്ക്‌ഡൗണിൽ സമയംപോകാൻ കൃഷി സഹായിച്ചെന്നും വീട്ടാവശ്യത്തിനുള്ള‌ പച്ചക്കറിയാണ്‌ ലക്ഷ്യമെന്നും അദ്വൈതയും അദീതയും പറഞ്ഞു. ചീര, പയർ വിളവെടുപ്പ് നടന്നു. 
മറ്റുള്ളവയും വിളവെടുപ്പിന്‌ പാകമായി. മഴ പയർ, ചീരക്കൃഷി എന്നിവയെ ബാധിച്ചു. മുതിർന്നവർക്ക്‌ മാത്രമല്ല കുട്ടികൾക്കും കാര്യമായ അധ്വാനമില്ലാതെ പച്ചക്കറിക്കൃഷി ചെയ്യാമെന്നു പറയുകയാണ്‌ ഇരുവരും.  സംഗീതക്കച്ചേരിയിൽ ഇതിനകം 225 വേദി പിന്നിട്ടുക്കഴിഞ്ഞു. 200 –-ാം വേദി ഡിസംബറിൽ ഡൽഹി മായാപുരിയിൽ ആയിരുന്നു. സംഗീതാധ്യാപകൻ ആനയടി അനിൽകുമാറാണ്‌ ഗുരു. അച്ഛൻ ചവറ കെഎസ്‌ഇബി സീനിയർ സൂപ്രണ്ട്‌ പി ആർ രാജ്‌കുമാറാണ്‌. അമ്മ  കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹെഡ്‌ ക്ലർക്ക്‌ ടി ആർ ദേവികരാജ്‌ . സഹോദരൻ: അക്ഷയരാജ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top