26 May Tuesday
അഴുകിയ മീൻ പിടിച്ചെടുത്തു

വളമാക്കേണ്ടതും വിൽപ്പനയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

പിടികൂടിയ പഴകിയ മത്സ്യങ്ങൾ നശിപ്പിക്കാനായി നഗരസഭ മാലിന്യസംസ്കരണ പ്ലാന്റിൽ കൊണ്ടുവന്നപ്പോൾ

തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഭക്ഷ്യസുരക്ഷാ വകുപ്പ്‌  ഉപയോഗ ശൂന്യമായ 15,641 കിലോ മീൻ പിടികൂടി നശിപ്പിച്ചു. പഴകിയ മീൻ ഹാനികരമായ രാസവസ്തുക്കൾ ചേർത്ത്‌ വിൽക്കുന്നത്‌ തടയാനുള്ള ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായ പരിശോധനയിലാണ്‌ ഇത്രയും മീൻ പിടികൂടിയതെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പിടികൂടിയതിൽ തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവച്ച 8056 കിലോ മത്സ്യവും ഉൾപ്പെടുന്നു. കുളച്ചിലിൽ നിന്ന്‌ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിൽക്കാനായി കൊണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത്‌ സ്‌പെഷ്യൽ സ്‌ക്വാഡാണ്‌ ഈ മീൻ പിടികൂടി നശിപ്പിച്ചത്‌. 
 
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്ന്‌ കൊല്ലം നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളിൽ വിൽക്കാൻ കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത 9005 കിലോ ചൂര, കേര മീനും കൊല്ലം ഭക്ഷ്യസുരക്ഷാ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. 15 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.
 
പിടികൂടിയത്‌ അഞ്ച്‌ ലക്ഷത്തിന്റെ ചൂരമീൻ
കഴക്കൂട്ടം
കഠിനംകുളം ചാന്നാങ്കരയിൽ എട്ട് ടൺ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ചാന്നാങ്കര അണക്കപ്പിള്ളയിലുള്ള ബിസ്മി ഐസ് ഫാക്ടറിയിൽ നിന്നാണ് അഞ്ച് ലക്ഷത്തോളം വിലവരുന്ന ചൂരമത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്‌. പരിശോധനയിലാണ്‌ അഴുകിയ മത്സ്യം കയറ്റിയ ലോറി കണ്ടെത്തിയത്. പിടികൂടിയ മത്സ്യശേഖരം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമ തന്നെ കുഴിച്ചുമൂടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ചിറയിൻകീഴ് ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ ശ്രീവൽസൻ, കഴക്കൂട്ടം ഫുഡ് സേഫ്റ്റി ഓഫീസർ അൻഷ ജോൺ, വർക്കല ഫുഡ് സേഫ്റ്റി ഓഫീസർ ജോൺ വിജയകുമാർ, പുതുക്കുറിച്ചി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഗോഡ്ഫ്രെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സാം വില്ലിങ്‌ടൺ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി ഫെലിക്സ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റൊളുദോൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വിൽപ്പനയ്‌ക്ക്‌ കൊണ്ടുവന്ന കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. പുല്ലമ്പാറ ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ എട്ടോടെ വിൽപനയ്‌ക്കെത്തിച്ച ചൂരയും കൊഞ്ചുമാണ് നശിപ്പിച്ചത്. വാഹനത്തില്‍നിന്ന്‌ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാങ്ങാനെത്തിയവർ ആരോഗ്യ വകുപ്പില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയഗോപാലിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി പൊലീസിന്റെ സഹായത്തോടെ മത്സ്യം പിടികൂടി നശിപ്പിച്ചു.
 
ഒരു മാസം പഴക്കമുള്ള മീനും
ആറ്റിങ്ങൽ
 ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിൽ വാഹനപരിശോധനയ്ക്കിടെ ഒരുമാസത്തിലധികം പഴക്കമുള്ള സ്രാവുകൾ പിടികൂടി. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്ന്‌ കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ വില്പനയ്ക്കായി കൊണ്ടുപോയ സ്രാവിനത്തിൽപ്പെട്ട മത്സ്യമാണ് തിങ്കളാഴ്ച രാവിലെ ആറ്റിങ്ങൽ  പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്‌. മൂവായിരം കിലോയോളം വരുന്ന മത്സ്യത്തിന്‌ ഏകദേശം 30 ലക്ഷം രൂപ വില വരും. നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയാണ്‌ പഴകിയ മത്സ്യംതന്നെയാണെന്ന് സ്ഥിരീകരിച്ചത്‌. മത്സ്യം നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് നശിപ്പിക്കും. ആറ്റിങ്ങൽ സിഐ വി വി ദിപിന്റെ നേതൃത്വത്തിലാണ്‌ മത്സ്യം പിടികൂടിയത്‌.
 
ഒന്നര ടൺ കുഴിച്ച്‌ മൂടി 
കിളിമാനൂർ
കൊല്ലം–-തിരുവനന്തപുരം അതിർത്തിയായ തട്ടത്തുമല വാഴോട് താൽക്കാലിക ചെക്ക് പോസ്റ്റിൽ പൊലീസിന്റെയും ആരോ​ഗ്യ പ്രവർത്തകരുടെയും  വാഹന പരിശോധനയിൽ 1500 കിലോ പഴകിയ മീൻ പിടികൂടി.തൂത്തുക്കുടിയിൽനിന്ന് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക്‌  വില്പനയ്ക്കായി കൊണ്ടുപോയ  മീനാണ് പിടികൂടിയത്. ആരോഗ്യവകുപ്പും കിളിമാനൂർ പൊലീസും ചേർന്നാണ്‌ പരിശോധന നടത്തിയത്‌. കണ്ടയ്നറിൽ കൊണ്ടുപോകുകയായിരുന്നു മീൻ. മാസങ്ങളോളം പഴക്കമുള്ളതും രാസവസ്തു കലർത്തിയതുമായ മീൻ ഐസിട്ട നിലയിലായിരുന്നു. 20 കിലോക്കു മുകളിൽ തൂക്കംവരുന്ന ചൂര മീനാണ്‌ വാഹനത്തിലുണ്ടായിരുന്നത്. പിടികൂടിയ മീൻ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കുഴിച്ചുമൂടി. കിളിമാനൂരിൽ  വീണ്ടും തിങ്കളാഴ്ച  രാത്രി പഴകിയ മത്സ്യം പിടികൂടി. രാത്രി ഏഴിന്‌ ഒരു കണ്ടെയ്നറും 9.30 ഓടെ രണ്ട് കണ്ടെയ്നർ പഴകിയ മീനുമാണ് വാഴോട് താൽക്കാലിക ചെക്ക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. മാസങ്ങൾ പഴക്കമുള്ള 3 ടണ്ണോളം മത്സ്യങ്ങളാണ് പിടിച്ചത്. മത്സ്യങ്ങൾ ഡീസൽ ഒഴിച്ച്‌ നശിപ്പിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top