03 June Wednesday

പന്തളം സ്വദേശിനിയുടെ രോഗബാധ പഠന വിധേയമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 

പന്തളം
കോവിഡ് 19 സ്ഥിരീകരിച്ച പന്തളം സ്വദേശിയായ വിദ്യാർഥിനിക്ക് പ്രകടമായ രോഗലക്ഷണങ്ങൾ കാണാതിരുന്നത് ജില്ലാ ഭരണത്തെയും ആരോഗ്യ വകുപ്പിനെയും ആശ്ചര്യപ്പെടുത്തുന്നു. ഇത് പ്രത്യേക പഠനത്തിന് വിധേയമാക്കുമെന്ന്  കലക്ടർ പി ബി നൂഹും, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജയും പറഞ്ഞു. 
കോവിഡ് സ്ഥിരീകരിച്ച രാഷ്ട്രങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി കര്‍ശന നിരീക്ഷണം നടത്തുേം.
ഡൽഹിയിൽ നിന്നെത്തി കഴിഞ്ഞ 17 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് നിരീക്ഷണ കാലയളവിലോ അതിനു ശേഷമോ  കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടായില്ല. നാട്ടിൽ എത്തിയ ശേഷമുള്ള ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ പരിശോധനയ്‌ക്കിടെ ഉണ്ടായ നേരിയ സംശയത്തിലാണ്‌ വീണ്ടും സ്രവം പരിശോധനക്ക് അയച്ചത്‌. ഇതാണ് കഴിഞ്ഞ ദിവസം പോസിറ്റീവായി കണ്ടത്. പെൺകുട്ടി  എത്തിയ ശേഷമുള്ള പ്രൈമറി കോൺടാക്ടുകളായ ആളുകളുടെ സ്രവങ്ങളും മുൻ കരുതലെന്ന നിലയിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്‌. ആരോഗ്യ വകുപ്പിന്റെ ആദ്യ നിബന്ധന പ്രകാരമുള്ള  നിരീക്ഷണ കാലാവധി മാർച്ച് 31ന് അവസാനിച്ചതിനാലും മറ്റ് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലും  പെൺകുട്ടി വീട്ടിലും പരിസരത്തും സാധാരണ പോലെ ഇടപെട്ടിരുന്നു. അതിനാലാണ് വീട്ടിൽ എത്തിയ ശേഷമുള്ള പ്രൈമറി കോൺടാക്ടുകളെ കൂടി നിരീക്ഷിക്കാൻ തീരുമാനിച്ചത്.
വിദ്യാര്‍ഥിനിക്ക് എവിടെ നിന്നാണു പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിസാമുദീനില്‍നിന്ന്‌ വിദ്യാര്‍ഥിനി മംഗള ലക്ഷദ്വീപ് എക്പ്രസിലാണ് എത്തിയത്. ട്രെയിനില്‍ നിസാമുദീനില്‍ നിന്നുള്ള കുറച്ചു യാത്രക്കാര്‍ ഉണ്ടായിരുന്നു. . കൂടാതെ ഹരിയാനയിലെ  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ട്രെയിനിലെ അതേ കൂപ്പയില്‍ ഉണ്ടായിരുന്നു. ഈ ട്രെയിനില്‍ കേരളത്തിലേക്കു വന്നവരുടെ ഏറിയപങ്ക് ലിസ്റ്റും  ലഭിച്ചിട്ടുണ്ട്. ഈ യാത്രക്കാര്‍ക്ക് വിവരം നല്‍കിവരുന്നു.  
എറണാകുളത്തുനിന്നു വന്ന ശബരി എക്സ്പ്രസ് ട്രെയിനിലേയും ചെങ്ങന്നൂരില്‍നിന്നു  പന്തളത്തേക്കു യാത്രചെയ്ത കെഎസ്ആര്‍ടിസി വേണാട് ബസിലെയും യാത്രക്കാരെയും ട്രെയിസ് ചെയ്തു വരുന്നു.
ജില്ലയില്‍ നിന്ന്‌ ഓരോ ദിവസവും പരമാവധി സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള 3000 കിറ്റുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കലക്ടർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top