30 May Saturday

9 പേർക്കുകൂടി , 147 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 കാസർകോട്‌

പുതുതായി  ഒമ്പത്‌ പേർക്കുകൂടി  കൊവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗികളുടെ  എണ്ണം 147 ആയി. തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ  വിദേശത്തുനിന്നെത്തിയവരാണ്‌. മൂന്ന്‌ പേർക്ക്  സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്. ഇതോടെ സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 51 ആയി. ഇതുവരെ രോഗംഭേദമായി ആശുപത്രി വിട്ടത്‌ 5 പേരാണ്‌.  
    പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 6 പുരുഷൻമാരും  3 സ്ത്രീകളുമുണ്ട്‌. 29 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, ചെങ്കള   സ്വദേശികളായ 31 വയസുള്ള മൂന്നുപേർ, 30 വയസുള്ള ഒരാൾ, ചെമ്മനാട് സ്വദേശികളായ 26, 43,  26 വയസുള്ളവർ, 31 വയസുള്ള കാസർകോട്  നഗരസഭയിലുള്ളയാൾ  എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
  ജില്ലയിൽ 10844 പേരാണ് നീരീക്ഷണത്തിലുള്ളത്‌. വീടുകളിൽ 10623 പേരും ആശുപത്രി 221 പേരുമാണ് നിരീക്ഷണത്തിലുള്ളത്‌. പുതിയതായി -16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 27 പേർ ആശുപത്രി വിട്ടു. ഇതുവരെ 1769 സാമ്പിളുകൾ   പരിശോധനക്ക്‌ അയച്ചു. തിങ്കളാഴ്‌ച 102   സാമ്പിളുകൾ പരിശോധനക്കയച്ചു. 1084   സാമ്പിളുകളുടെ ഫലം ലഭിച്ചു.  941  സാമ്പിളുകളുടെ പരിശോധന ഫലം   നെഗറ്റീവാണ്‌.   685  സാമ്പിളുകളുടെ ഫലം അറിയാനുണ്ട്‌. 
     കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജിൽ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായി . ആദ്യ ഘട്ടത്തിൽ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നത് . 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നെത്തിയ 27 അംഗ മെഡിക്കൽ സംഘം ഇവിടെ പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രത്യേക ഹോട്ട്സ്‌പോട്ട്‌ പട്ടികയിൽ ഉൾപ്പെട്ടതിനാൽ  വീടുകളിൽ നീരിക്ഷണത്തിലുള്ളവരുടെ കാലയളവ് 28 ദിവസമാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആൽക്കഹോൾ  വിത്‌ഡ്രോവൽ സിൻഡ്രോം  രോഗലക്ഷണങ്ങളുള്ളവർ മാനസിക പിന്തുണ ആവശ്യമാണെങ്കിൽ ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡൽ ഓഫീസറുമായി ബന്ധപ്പെടണം. 
ഫോൺ: -9447447888. മംഗളൂരുവിലേക്ക്‌ യാത്ര സൗകര്യം  തടസപ്പെട്ടതിനാൽ ഡയാലിസിസ് ചെയ്യാൻ പറ്റാത്ത രോഗികൾക്കായി കാസർകോട്‌ ജനറൽ ആശുപത്രി, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ ടെക്‌നീഷ്യൻമാരെ നിയമിച്ച്‌ സൗകര്യങ്ങളൊരുക്കി. മെഡിക്കൽ ഓഫീസർമാരുടെ ശുപാർശയും ചികിത്സ രേഖയുമായി വന്നാൽ സേവനം ലഭ്യമാണ്.
പ്രധാന വാർത്തകൾ
 Top