01 June Monday

വോട്ട് ചോദിച്ച് വരുന്നതിനു മുമ്പ് ഈ പത്തു ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി പറയണം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019
കൽപ്പറ്റ> വയനാട‌് മണ്ഡലത്തിൽ വോട്ട‌് ചോദിക്കുന്നതിന‌ുമുമ്പ‌്  എൽഡിഎഫ‌് ഉയർത്തുന്ന പത്ത‌് ചോദ്യങ്ങൾക്ക‌് യുഡിഎഫ‌് സ്ഥാനാർഥികൂടിയായ കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി മറുപടി പറയണമെന്ന‌് എൽഡിഎഫ‌് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷികമേഖലയായ  വയനാടിനെ തകർത്തതും കർഷകരെ ആത്മഹത്യയിലേക്കും തള്ളിവിട്ടതും കോൺഗ്രസിന്റെ നയങ്ങളാണ‌്. ഇത‌് മുൻനിർത്തിയാണ‌് എൽഡിഎഫ‌് പത്ത‌് ചോദ്യങ്ങൾ ഉന്നയിക്കുന്നത‌്. ഈ വിഷയങ്ങൾ  മുൻനിർത്തി രാഹുൽഗാന്ധിയുമായി സംവാദത്തിന‌് തയ്യാറാണെന്നും എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി കൺവീനർ ചെയർമാൻ സി കെ ശശീന്ദ്രൻ, വൈസ‌് ചെയർമാൻ പി കൃഷ‌്ണപ്രസാദ‌്,  സി കെ ജാനു, സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
 ചോദ്യങ്ങൾ:
1) വയനാട്ടിലുൾപ്പെടെ രാജ്യത്തെ കർഷക ആത്മഹത്യയുടെ മുഖ്യകാരണം 1991 ലെ നരസിംഹറാവു സർക്കാർ നടപ്പിലാക്കിയ കാപ്പിയും കുരുമുളകും നികുതി വെട്ടിക്കുറച്ച് ഇറക്കുമതി ചെയ്യാൻ കോർപറേറ്റ് കമ്പനികളെ അനുവദിച്ച ഉദാരവൽക്കരണ സാമ്പത്തിക നയമാണല്ലോ. താങ്കൾ വയനാട്ടിലെ–പ്രത്യേകിച്ച് പുൽപ്പള്ളിയിലെ  ആത്മഹത്യചെയ്ത ഒരു കർഷകന്റെ  കുടുംബത്തെയെങ്കിലും സന്ദർശിച്ച് വോട്ട് ചോദിക്കുന്നതിനുമുമ്പ് മാപ്പ് ചോദിക്കാൻ തയ്യാറാകുമോ?
 
2 ) 1997–-99 കാലത്ത് കിലോക്ക് 90 –- 120 രൂപ വിലയുണ്ടായിരുന്ന കാപ്പിപ്പരിപ്പിനും,  275 രൂപ വിലയുണ്ടായിരുന്ന കുരുമുളകിനും  1999–- 2007 കാലത്ത് യഥാക്രമം 24 രൂപയായും 55 രൂപയായും വില തകർന്നതിനാൽ വയനാട്ടിലെ കർഷകർക്ക് പ്രതിവർഷം 1000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഓരോ വിളക്കും ഉൽപ്പാദന ചെലവിന്റെ  50 % അധികരിച്ച  മിനിമം സപ്പോർട്ട് പ്രൈസ് നൽകണമെന്ന എം എസ് സ്വാമിനാഥൻ നയിച്ച ദേശീയ കർഷക കമീഷൻ 2006 -ൽ നൽകിയ റിപ്പോർട്ട് 2014 വരെ അധികാരത്തിൽ ഇരുന്ന താങ്കളുടെ പാർടി നയിച്ച ഒന്നും, രണ്ടും യുപിഎ സർക്കാരുകൾ ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നടപ്പിലാക്കിയില്ല?
 
3) റബ്ബറിന് 2011 ന് ശേഷം കിലോക്ക് 70–-110 രൂപ എന്ന നിലയിൽ വില തകർന്നതിന്റെ കാരണം മൻമോഹൻസിങ‌് സർക്കാർ ഒപ്പിട്ട ആസിയാൻ കരാറല്ലേ? രാജ്യത്ത് 90 ശതമാനം റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിവർഷം 11,000 കോടി രൂപയുടെ നഷ്ടത്തിന് ഉത്തരവാദിത്തം കോൺഗ്രസ്സിനല്ലേ? 
 
4) 1991നുശേഷം കാർഷിക പ്രതിസന്ധിയിൽ അകപ്പെട്ട് രാജ്യത്ത‌് 4,20,000 ത്തോളം കർഷകർ ആത്മഹത്യചെയ്ത സാഹചര്യത്തിൽ ഉദാരവൽക്കരണ സാമ്പത്തിക നയത്തെ കോൺഗ്രസ‌് ഉപേക്ഷിക്കുമോ? 
 
5) കാർഷിക മേഖലയിൽ  100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും കരാർ കൃഷിയും പ്രഖ്യാപിച്ച മോഡി സർക്കാരിന്റെ  കാർഷിക ദ്രോഹനയത്തെ പിന്തുണയ‌്ക്കുന്ന നയം തിരുത്താൻ  കോൺഗ്രസ‌് തയ്യാറാകുമോ?
 
6) കുത്തക കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണം തടഞ്ഞ് കർഷകർക്ക് ഉയർന്ന വില നൽകുന്നതിനായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുന്ന ബ്രഹ്മഗിരി മാതൃകയിലുള്ള  മലബാർമീറ്റ് പദ്ധതി, കേരള ചിക്കൻ പദ്ധതി, കർഷക മിനി മാർക്കറ്റ് പദ്ധതി, 150 കോടി രൂപ അനുവദിച്ച മലബാർ ബ്രാന്റ് വയനാട് കോഫീ പദ്ധതി, നെൽകർഷകർക്ക് കേന്ദ്രസർക്കാർ 1 കിലോക്ക് 17 രൂപ നൽകുമ്പോൾ കേരളത്തിൽ  കിലോക്ക് 26.30 രൂപ വില നൽകുന്ന പദ്ധതി, കേരള കാർഷിക കടാശ്വാസ കമീഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ബദൽ പദ്ധതികളെ മാതൃകയാക്കുന്ന ഒരു  സർക്കാരല്ലേ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടത്?
 
 7) ഭക്ഷ്യസുരക്ഷ തകർക്കുന്ന  സ്വാതന്ത്ര്യ വ്യാപാര കരാറായ റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാക്റ്റ് –-ആർസിഇപി –-ഒപ്പിടാനുള്ള  മോഡി സർക്കാരിന്റെ നീക്കത്തെ കോൺഗ്രസ‌് പിന്തുണച്ചത് കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയില്ലേ?
8) തൊഴിലാളികൾക്ക് പ്രതിമാസം 18,000 രൂപ മിനിമം കൂലി നൽകണമെന്ന  എല്ലാ തൊഴിലാളി സംഘടനകളുടെയും ആവശ്യം കോൺഗ്രസ‌് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ‌്  ഉൾപ്പെടാത്തത്? 
 
9) നരേന്ദ്രമോഡി ഭരണത്തിൽ  ഗോരക്ഷാ പ്രചാരവേലയുടെ മറവിൽ നിരപരാധികളായ 40 –-ലേറെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെ സംഘപരിവാർ സംഘടനകൾ ആൾക്കൂട്ട കൊലപാതകങ്ങളിലൂടെ കൊന്നൊടുക്കി. കൊലപ്പെട്ട മുഹമ്മദ് അഖ‌് ലക്കിന്റെ വീട്ടിലെ ഫ്രിഡ്ജിൽ ആടിന്റെ മാംസമാണ് ഉണ്ടായിരുന്നത് എന്ന് അന്വേഷണത്തിലൂടെ തെളിയിച്ച ഉത്തർപ്രദേശിലെ സുബോധ്കുമാർസിങ‌് എന്ന പൊലീസ് ഇൻസ്പെക്ടറെയും കൊന്നു. കോൺഗ്രസ‌് അധ്യക്ഷനായ താങ്കൾ ആർഎസ്എസിനെതിരെ ശക്തമായി പ്രതികരിക്കാനോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാനോ എന്തുകൊണ്ട് തയ്യാറായില്ല?  
 
10) മുഖ്യശത്രുവായ ബിജെപിയെ കേന്ദ്ര ഭരണത്തിൽനിന്നും പുറത്താക്കാൻ ആം ആദ്മി പാർടി, ഇടതുപക്ഷം തുടങ്ങി എല്ലാ മതനിരപേക്ഷ ശക്തികളെയും ഐക്യപ്പെടുത്തുന്നതിന് പകരം രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് വഴിയൊരുക്കിയ ഇടതുപക്ഷത്തെ തന്നെ തോൽപ്പിക്കുവാൻ താങ്കൾ കേരളത്തിൽ മത്സരിക്കുന്നത് ബിജെപിക്കല്ലേ ഗുണം ചെയ്യുക?  

 

പ്രധാന വാർത്തകൾ
 Top