30 March Thursday

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന മംഗലക്കുഞ്ഞുങ്ങളോടുകൂടിയ തോറ്റം ചുഴലൽ. ഫോട്ടോ: പി വി സുജിത്ത്

 പയ്യന്നൂർ

കോറോം മുച്ചിലോട്ട് കാവിൽ 13 വർഷത്തിനുശേഷം നടന്ന പെരുങ്കളിയാട്ടത്തിന്റെ  ഭാഗമായി മംഗലക്കുഞ്ഞുങ്ങൾ അരങ്ങിലെത്തി. ക്ഷേത്ര മതിൽ കെട്ടിനകത്തും പുറത്തുംകൂടി നിന്ന ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കിയാണ് ഋതുമതികളാകാത്ത  പെൺകുഞ്ഞുങ്ങളുടെ പന്തൽ മംഗലം നടന്നത്. ഭഗവതിയുടെ മുടങ്ങിപ്പോയ പന്തൽ മംഗലത്തിന്റെ ഓർമ്മയിലാണ് ചടങ്ങ് നടക്കുന്നത്.
ഭഗവതിയുടെ തോറ്റത്തോടും ദേവനർത്തകരോടും ഒപ്പം വാല്യക്കാരുടെ തോളിലേറിയ മംഗല കുഞ്ഞുങ്ങൾ ക്ഷേത്രത്തെ മൂന്നുതവണ വലം വച്ചു. ക്ഷേത്ര നടയിൽ ദേവനർത്തകർ കുഞ്ഞുങ്ങളെ കുറിയിട്ട് വരവേറ്റു. വിവിധ തെയ്യങ്ങൾ, കൂത്ത്, ചങ്ങനും പൊങ്ങനും, വെള്ളാട്ടം,  തെയ്യങ്ങളുടെ തോറ്റം എന്നിവയും അരങ്ങിലെത്തി. 
പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ചൊവ്വ പുലർച്ചെമുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാവിലെ ഏഴിന് കണ്ണങ്ങാട്ട് ഭഗവതി, 9ന് പുലിയൂർ കാളി,10ന് മടയിൽ ചാമുണ്ഡി, 10.30ന് വിഷ്‌ണുമൂർത്തി പുറപ്പാട്. പകൽ  ഒന്നിന് മേലേരി കയ്യേൽക്കൽ. രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. തുടർന്ന് അന്നദാനം.  രാത്രി 12 -ന്  വെറ്റിലാചാരത്തോടെ സമാപനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top