24 January Friday
കണ്ടുപിടിത്തവുമായി കുട്ടിശാസ്‌ത്രജ്ഞമാർ

മരച്ചീനിയുണ്ടോ കാലിത്തീറ്റ റെഡി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

മരച്ചീനി ഇലയിൽനിന്ന് കാലിത്തീറ്റ വികസിപ്പിക്കാമെന്ന് തെളിയിച്ച ആവണി ബി എസ്, നന്ദന ജി ആർ എന്നിവർ

 
കിളിമാനൂർ
മരച്ചീനി ഇലയിൽനിന്ന്‌ കാലിത്തീറ്റയോ... ചുമ്മാ ബഡായി പറയല്ലെ എന്നാണെങ്കിൽ പേരൂരിലെ കുട്ടി ശാസ്‌ത്രജ്ഞമാർ സമ്മതിക്കില്ല. മരിച്ചീനിയില ഉണക്കി അതിൽനിന്ന്‌ ശാസ്‌ത്രീയമായി കാലിത്തീറ്റ നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കിയാണ്‌ ഇവർ എല്ലാവരെയും ഞെട്ടിച്ചത്‌.
പേരൂർ എംഎംയുപി സ്കൂളിലെ ഏഴാംക്ലാസ്‌ വിദ്യാർഥിനികളായ ബി എസ് ആവണി, ജി ആർ നന്ദന എന്നിവരാണ് ഈ പുത്തൻ പ്രോജക്ടുമായി ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്‌. പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മാറ്റുരച്ച 44 പ്രബന്ധത്തിൽനിന്നാണ് ഈ കൊച്ചുമിടുക്കികളുടെ പ്രോജക്ട് ദേശീയമത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. നഗരൂർ പഞ്ചായത്തിലെ ക്ഷീര, മരച്ചീനികർഷകരെ ബന്ധിപ്പിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. പഞ്ചായത്തിൽ 416 ടൺ മരച്ചീനി വർഷത്തിൽ കൃഷി ചെയ്യുന്നുണ്ട്‌. ഇലയിലെ പച്ചനിറം നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിച്ചാൽ വിഷാംശമായ സയോജനിക് ഗ്ലൂക്കോ സൈഡിന്റെ അളവ് കുറയുമെന്നും ഇവർ കണ്ടെത്തി. കാലികൾക്ക്‌ ദോഷകരമായ വിഷാംശം കുറയുന്നതോടെ വേനൽക്കാലത്തുപോലും കാലിത്തീറ്റയായി മരിച്ചീനയില ഉപയോഗിക്കാം. ഗ്രാമീണ കർഷകർക്ക് പ്രയോജനം ചെയ്യുന്ന കണ്ടെത്തലിന്‌ സംസ്ഥാനതല മത്സരത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം രഘു, പ്രഥമാധ്യാപകൻ എം ഐ അജികുമാർ, പിടിഎ പ്രസിഡന്റ് ജെ സക്കീർ ഹുസൈൻ എന്നിവർ സ്കൂളിൽ ഈ കണ്ടെത്തൽ നടത്തിയ കുരുന്നുകളെയും  കണ്ടെത്തലിന് കുട്ടികൾക്ക് സഹായം നൽകിയ സയൻസ് അധ്യാപിക ആർ ദീപാറാണിയെയും അനുമോദിച്ചു
 
 
പ്രധാന വാർത്തകൾ
 Top