13 December Friday
ആർഎസ്‌എസ്‌ ഭീകരത തുടരുന്നു

സിപിഐ എം ഏരിയ സെക്രട്ടറിയുടെ വീടാക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാറിന്റെ വീടിനുനേരെ ആർഎസ്‌എസുകാർ നടത്തിയ കല്ലേറ്‌

തിരുവനന്തപുരം
വട്ടിയൂർക്കാവ്‌ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന്റെ ജാള്യം മറയ്‌ക്കാൻ  തലസ്ഥാന നഗരത്തിൽ കൊലവിളി ഉയർത്തി വീണ്ടും ആർഎസ്‌എസ്‌ അക്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ചതിനുപിന്നാലെ സിപിഐ എം ഏരിയ സെക്രട്ടറിയുടെ വീടും ആക്രമിച്ചു. പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാറിന്റെ വട്ടിയൂർക്കാവ്‌ തിട്ടമംഗലം പുലരി നഗറിലെ വീടാണ്‌ ചൊവ്വാഴ്‌ച പുലർച്ചെ 1. 40 ഓടെ ആക്രമിച്ചത്‌. മൂന്ന്‌ ബൈക്കുകളിലെത്തിയ ആറുപേർ വീടിന്‌ കല്ലെറിയുകയായിരുന്നു. ജനൽ ഗ്ലാസുകൾ തകർന്നു. ഗ്ലാസ്‌ കഷണങ്ങൾ കിടപ്പുമുറിയിലുൾപ്പെടെ ചിതറിത്തെറിച്ചു. പ്രസന്നകുമാറും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ഉണർന്ന്‌ ലൈറ്റിട്ടപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. 
 
പൊലീസെത്തി കേസെടുത്ത്‌ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. ആർഎസ്‌എസുകാരാണ്‌ വീടാക്രമിച്ചതെന്ന്‌ പൊലീസിന്‌ വ്യക്തമായിട്ടുണ്ട്‌. വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിക്കുകയും ബിജെപി മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളുകയും ചെയ്‌തതോടെയാണ്‌ സംഘപരിവാർ ഭീകരത ആരംഭിച്ചത്‌. കഴിഞ്ഞദിവസം വട്ടിയൂർക്കാവ്‌ മണികണ്‌ഠേശ്വരത്ത്‌ ഡിവൈഎഫ്‌ഐയുടെ കൊടിമരം പിഴുതെറിയുകയും ഡിവൈഎഫ്‌ഐ നേതാക്കളെ ഉൾപ്പെടെ മാരകമായി മർദിക്കുകയും ചെയ്‌തിരുന്നു. നിരവധി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആശുപത്രിയിലാണ്‌. ഈ സംഭവത്തിൽ 50 ബിജെപിക്കാർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി തുടങ്ങി ജില്ലയിലെ നേതാക്കൾ പ്രസന്നകുമാറിന്റെ വീട്ടിലെത്തി. 
പ്രധാന വാർത്തകൾ
 Top