13 October Sunday
നൂറുദിന കർമപരിപാടി

ആരോ​ഗ്യമേഖലയിൽ 
200 കോടിയുടെ പദ്ധതികൾ

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ

മഞ്ചേരി
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ ആരോ​ഗ്യക്കുതിപ്പ്. നാലുവർത്തിനിടെ 200 കോടി രൂപയുടെ പദ്ധതികളാണ് ആരോ​ഗ്യ വകുപ്പ് നടപ്പാക്കിയത്. 
മഞ്ചേരി മെഡിക്കൽ കോളേജ്, ജില്ലാ- താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പുതിയ കെട്ടിങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ നൂതന പദ്ധതികളാണ് നടപ്പാക്കിയത്.  നാലാം നൂറുദിന കർമപരിപാടിയിൽ ഇവയുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ കല്ലിടലും ഈമാസം അവസാനത്തോടെ നടക്കും. 
മെ‍ഡിക്കൽ കോളേജിൽ വൻ മുന്നേറ്റം
86 കോടി രൂപ ചെലവിട്ടാണ് കോളേജിന് കെട്ടിടസമുച്ചയങ്ങൾ ഒരുക്കിയത്. ടീച്ചിങ്‌, നോൺ ടീച്ചിങ്‌ ക്വാര്‍ട്ടേഴ്സ്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, ഇന്റേണൽ റോഡ്, ഓഡിറ്റോറിയം എന്നിവ ഉദ്ഘാടനത്തിന് ഒരുങ്ങി. ബോയ്സ് ഹോസ്റ്റലും നോൺ ടീച്ചിങ്‌ സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഇതിനകം തുറന്നു. 
പുതിയ മോർച്ചറി കെട്ടിടത്തിൽ ഒന്നിൽ കൂടുതൽ പോസ്റ്റ്‌മോർട്ടത്തിനും മൃതദേഹങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ടാകും. ലേബർ റൂം വിപുലീകരണം  പൂർത്തിയായത് സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും. 24 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ കല്ലിടൽ അടുത്തമാസം നടത്തും.
കുറ്റിപ്പുറത്ത് ഐ-വാർഡ്‌ 
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നേത്രരോ​ഗ ചികിത്സക്കായി 1.54 കോടി ചെലവിട്ട് ഐ-വാർഡും നൂതന ഓപറേഷൻ തിയറ്ററും ഒരുക്കി. 
നിലമ്പൂർ 
ജില്ലാ ആശുപത്രി
50 ലക്ഷത്തോളം ചെലവിട്ടാണ്‌ ജില്ലാ ആശുപത്രിയിൽ പദ്ധതി പൂർത്തീകരിച്ചത്. 20 ലക്ഷം  ചെലവിട്ട് വിശ്രമകേന്ദ്രം സജ്ജമാക്കി. 15 ലക്ഷത്തിന്‌ ചുറ്റുമതിലായി. ആശുപത്രിക്ക് 12 ലക്ഷത്തിന് സ്വന്തം വാഹനവും വാങ്ങിച്ചു. 1.50 കോടി ചെലവിട്ട് തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കി. 1.26 കോടി ചെലവിട്ട് എടക്കര പിഎച്ച്സിക്കും 66 ലക്ഷം മുടക്കി മാറഞ്ചേരി പിഎച്ച്സിക്കും പുതിയ കെട്ടിടമായി. 
മാറഞ്ചേരി, കാളികാവ്, തിരുവാലി ആരോ​ഗ്യകേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 35.2 ലക്ഷം രൂപവീതമാണ്‌ നവീകരണത്തിന്‌ ചെലവിട്ടത്‌.  കുറുംബലങ്ങോട്, എടപ്പറ്റ, ആലിപ്പറമ്പ്, അമരമ്പലം പിഎച്ച്എസികൾ കുടുംബാരോ​ഗ്യ കേന്ദ്രങ്ങളാക്കി.
മുഖംമാറാൻ താലൂക്ക്‌ ആശുപത്രികൾ
17.85 കോടിക്ക്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കും 32.34 കോടിക്ക്‌  കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കും പുതിയ കെട്ടിടം ഉയരും. 
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഒപിഡി ട്രാൻസ്ഫോർമേഷൻ- 90 ലക്ഷം രൂപയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top