20 October Sunday
പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക്‌ ഇൻഷുറൻസ്‌

മുഹമ്മദ് അബ്ദുല്‍ ഖാദറിന് ഓണംവന്നു

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019

കടൽക്ഷോഭത്തിൽ തകർന്ന വള്ളത്തിനുള്ള ഇൻഷുറൻസ്‌ ക്ലെയിം തുക മന്ത്രി മേഴ്‌സിക്കുട്ടി അമ്മ അബ്ദുൾ ഖാദറിന്‌ കൈമാറുന്നു

 തിരുവനന്തപുരം

ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നൽകിയ ചെക്കിലെ തുക കണ്ടപ്പോൾ വിഴിഞ്ഞം ടൗൺഷിപ്പ്‌ കോളനിയിൽ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ കണ്ണുകൾ ഈറനണിഞ്ഞു. 1.20 ലക്ഷം രൂപ. കടലെടുത്ത വള്ളത്തിനുള്ള നഷ്ടപരിഹാരം. 
ജൂലൈയിലാണ്‌ ഖാദറിന്റെ വള്ളം കടൽക്ഷോഭത്തിൽ തകർന്നത്‌. ഉപജീവനമാർഗമായ പരമ്പരാഗതയാനം നഷ്ടമായതോടെ ഖാദറിന്റെ വീടും വറുതിയിലായി. പരമ്പരാഗത യാനങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനമാണ്‌ തണലായത്‌. 
കഴിഞ്ഞ സാമ്പത്തികവർഷം ഒരു കോടി രൂപയാണ് ഇൻഷുറൻസിന്‌ വകയിരുത്തിയത്. ഇൻഷുറൻസ് കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ഇ–-ടെൻഡറിൽ കുറവ് രേഖപ്പെടുത്തിയ യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രീമിയത്തിന്റെ 90 ശതമാനവും ഫിഷറീസ് വകുപ്പ്‌ നൽകും. ഗുണഭോക്താക്കൾ 10 ശതമാനം മാത്രം നൽകിയാൽ മതി. ഖാദറുൾപ്പെടെ 647 പേർ പദ്ധതിയിൽ ചേർന്നു. ഈ സാമ്പത്തികവർഷം നാലുകോടിരൂപ പദ്ധതിയിൽ  വകയിരുത്തിയിട്ടുണ്ട്‌. മത്സ്യബന്ധന യാനങ്ങളിലെ എൻജിനുകൾകൂടി ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്‌. 
സെക്രട്ടറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ഇൻഷുറൻസ് തുകയ്‌ക്കുള്ള ചെക്ക്‌ കൈമാറിയത്‌. ഓഖി പോലുള്ള ദുരന്തങ്ങളിൽ നിരവധി മത്സ്യബന്ധനയാനങ്ങൾ പൂർണമായോ ഭാഗികമായോ നശിച്ചു. പ്രകൃതിക്ഷോഭംമൂലം മത്സ്യബന്ധനയാനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്‌ പരിഹാരം നൽകുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ദുരന്ത നിവാരണനിധിയിൽ നിലവിലില്ല. കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ കടൽക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ആവശ്യമായ രീതിയിൽ പരിഗണിക്കാതെവന്നപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തിൽ പരമ്പരാഗതയാനങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മത്സ്യബന്ധന യാനങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉടമകൾ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സർക്കാരിന്‌ നന്ദിപറയുന്നതായും മുഹമ്മദ് അബ്ദുൽ ഖാദർ മന്ത്രിയെ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top