07 September Saturday
വീട്ടിലെത്തി തെളിവെടുത്തു

യുവതിക്ക്‌ നേരെ വെടിയുതിർത്ത ഡോക്ടർ 4 ദിവസം കസ്റ്റഡിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2024

ഡോ. ദീപ്തിമോളെ സംഭവം നടന്ന പങ്കജ് വീട്ടിൽ തെളിവെടുപ്പിനായി 
കൊണ്ടുവന്നപ്പോൾ

തിരുവനന്തപുരം
വീട്ടിൽക്കയറി യുവതിയെ വെടിവച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ നാലുദിവസം പൊലീസ്‌ കസ്റ്റഡിയിൽ. തിരുവനന്തപുരം ജെഎഫ്‌സിഎം (11) കോടതിയാണ്‌ ഡോ. ദീപ്‌തിമോൾ ജോസിനെ വ്യാഴാഴ്‌ച രാവിലെ വരെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയുമായി വെടിയേറ്റ യുവതിയുടെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്കു ശേഷമാണ്‌ പെരുന്താന്നിയിലുള്ള വീട്ടിൽ കൊണ്ടുപോയത്‌. പരിശോധനയ്‌ക്ക്‌ എത്തുമ്പോൾ വെടിയേറ്റ യുവതിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. നിർവികാരതയോടെ ദീപ്‌തി സംഭവങ്ങൾ പൊലീസിന്‌ വിവരിച്ചു. വീട്ടിലേക്ക്‌ എത്തിയ വഴിയും വെടിവച്ച രീതിയുമെല്ലാം വിവരിച്ചു. തുടർന്ന്‌ വഞ്ചിയൂർ സ്റ്റേഷനിലേക്ക്‌ മടങ്ങി. ചൊവ്വാഴ്‌ച രാവിലെ കൊല്ലത്ത്‌ തെളിവെടുപ്പിനായി കൊണ്ടുപോകും.
കൃത്യത്തിനുപയോഗിച്ച്‌ തോക്ക്‌, സംഭവ സമയം ധരിച്ചിരുന്ന വസ്‌ത്രം, കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ്‌ തുടങ്ങിയവ കണ്ടെടുക്കാനുണ്ടെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു. ദീപ്‌തി ഉപയോഗിച്ച കാറിൽനിന്ന്‌ ഇവരുടെ മുടിയടക്കമുള്ള തെളിവുകൾ ഫോറൻസിക്‌ വിഭാഗം ശേഖരിച്ചിരുന്നു. ഇത്‌ ഫോറൻസിക്‌ വിഭാഗം ഒത്തുനോക്കും. അടുത്തദിവസം നമ്പർ പ്ലേറ്റ്‌ നിർമിച്ച എറണാകുളത്തെ സ്ഥാപനത്തിലെത്തിച്ചും തെളിവെടുക്കും.
ജൂലൈ 28ന്‌ രാവിലെയാണ്‌ പെരുന്താന്നിയിലെ വീട്ടിലെത്തിയ ഡോ. ദീപ്‌തിമോൾ യുവതിക്കുനേരെ വെടിയുതിർത്തത്‌. ഇവരുടെ ഭർത്താവുമായി നേരത്തേ ദീപ്‌തി സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ പിന്നീട്‌ തെറ്റിപ്പിരിഞ്ഞതാണ്‌ ആക്രമണത്തിന്‌ കാരണമായതെന്ന്‌ ദീപ്‌തിമോൾ പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top