കോട്ടയം
ചക്കയും മാങ്ങയും പേരയും വിളയുന്ന കോട്ടയത്തിന്റെ കാർഷിക മണ്ണിൽ പുലാസാനും കും ക്വാറ്റും ഉൾപ്പെടെയുള്ള വിദേശ ഫലങ്ങളും വിളയിക്കാൻ കോഴാ ജില്ലാ കൃഷിത്തോട്ടം. നാടൻ ഫലവൃക്ഷതൈകൾക്കൊപ്പം വിദേശ ഫലങ്ങളുടെ തൈകൾ കൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബ്രസീൽ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും സുലഭമായ 20 ഇനങ്ങളാണ് വിപണിയിൽ എത്തിക്കുക. പുലാസനും കും ക്വാറ്റും കൂടാതെ ദുരിയാൻ, കെപെൽ, മരാങ്, ലോങ്ങൻ, മൂട്ടി, അബിയു, ബറാബ, ലോക്വാട്ട്, ജബോട്ടിക്കാബ , ഡ്രാഗൺ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, വെൽവെറ്റ് ആപ്പിൾ, സാന്റോൾ, ലങ്സാറ്റ്, ചെറിമോയ, ചെമ്പഡാക്, മിൽക്‌ഫ്രൂട്ട്, അച്ചാചെയ്റു എന്നിവ വിപണിയിൽ എത്തിക്കുയാണ് ലക്ഷ്യം.
മാതൃ വൃക്ഷങ്ങൾ നട്ടുവളർത്തി അതിൽനിന്ന് തൈകൾ ഉൽപ്പാദിപ്പിക്കും. നിലവിൽ മിറാക്കിൾ, കുംക്വാറ്റ്, സാന്റോൾ, അബിയു എന്നിവ ഇവിടെ കായ്ച് തുടങ്ങിയിട്ടുണ്ട്. മിറക്കാളിന്റെയും കുംക്വാറ്റിന്റെ വിപണനവും നടക്കുന്നുണ്ട്. മറ്റുള്ളവയുടെ വിപണനം പുർണമായും സാധ്യമാകാൻ കുറച്ച് നാളുകൾ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിൽ ജില്ലയിലെ കർഷകർ വിദേശ ഫലങ്ങളുടെ കൃഷിയിൽ വിജയം നേടിയവരുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ജില്ലാ കൃഷിത്തോട്ടത്തിലും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. കോഴായിൽ 67 ഏക്കർ വിസ്‌തൃതിയിലാണ് ജില്ലാ കൃഷിത്തോട്ടം പ്രവർത്തിക്കുന്നത്. ഇതിൽ പറക്കിത്താനം മേഖലയിലാണ് 30 ഏക്കർ ഫലവൃക്ഷത്തോട്ടം തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ളവർക്ക് തൈകൾ ഇവിടെയെത്തി നേരിട്ട് വാങ്ങാം. കൂടാതെ സർക്കാരിന്റെ വിവിധ പദ്ധതികൾക്കായും ഇവർ വിവിധ തൈകൾ വിതരണം ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..