Deshabhimani

മാങ്ങാട്ടിടത്തെ മഴക്കെടുതി: 
വിദഗ്ധസംഘം സന്ദർശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 11:01 PM | 0 min read

കൂത്തുപറമ്പ് 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ)യുടെ വിദഗ്ധസംഘം  മാങ്ങാട്ടിടം പഞ്ചായത്തിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും വട്ടിപ്രം മേഖലയിലെ അപകടാവസ്ഥയിലുള്ള കരിങ്കൽക്വാറികളും സന്ദർശിച്ചു.
എഡിഎം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെഎസ്ഡിഎംഎ  ഹസാർഡ് ആൻഡ്‌ റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയർ കൺസൽട്ടന്റ് ഡോ. എച്ച്  വിജിത്ത്  എന്നിവരാണ് സന്ദർശനം നടത്തിയത്.
  വട്ടിപ്രം പ്രദേശത്തെ പ്രവർത്തനരഹിതമായ ക്വാറികൾ സംഘം പരിശോധിച്ചു. ക്വാറിയിൽനിന്ന് അതിശക്തമായ വെള്ളം കുത്തിയൊഴുകി നാശനഷ്ടമുണ്ടായ വീടുകളിലെത്തി ഉടമകളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. രണ്ടാഴ്ച മുമ്പ്‌ വട്ടിപ്രം ആരോഗ്യ ഉപകേന്ദ്രത്തിന് സമീപത്തെ കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് വീട്‌ തകരുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന. വട്ടിപ്രം മേഖലയിലെ ഒഴിവാക്കപ്പെട്ട കരിങ്കൽ ക്വാറികളിൽ പലതും വൻതോതിൽ വെള്ളം -കെട്ടിനിന്ന് അപകട ഭീഷണിയിലാണ്‌.  പ്രദേശത്തെ ജനം ഭീതിയിലാണ്‌. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം കെ കെ ശൈലജ എംഎൽഎയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ  നടന്ന യോഗത്തിൽ കരിങ്കൽ ക്വാറികളുടെ അപകടാവസ്ഥയും ചർച്ചയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കകം ഡി ഡി എം എ ചെയർപേഴ്‌സൺകൂടിയായ കലക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡി ഡി എം എ) നിർദേശപ്രകാരമാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ, പ്രദേശവാസികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച ചെയ്തു. വട്ടിപ്രം വാർഡംഗം എം റോജ, തഹസിൽദാർ സി പി മണി, ഡെപ്യൂട്ടി തഹസിൽദാർമാരായ  സി വി അഖിലേഷ്, വി രാജേഷ്, വില്ലേജ് ഓഫീസർ സി രാജീവൻ, ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, ഡിഎം പ്ലാൻ കോ ഓർഡിനേറ്റർ തസ്ലീം ഫാസിൽ എന്നിവരും ഉണ്ടായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home