15 August Monday

തോരാമഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

വെള്ളം നിറഞ്ഞനിൽക്കുന്ന ബാണാസുര അണക്കെട്ട്‌

കൽപ്പറ്റ
ജില്ലയിൽ മഴ ശക്തമായി തുടരുന്നു. പുഴകളിലും തോടുകളിലും ബാണാസുര സാഗർ അണക്കെട്ടിലും  ജലനിരപ്പ്‌ ഉയർന്നു. പനമരം ചെറുപുഴ കരകവിയാൻ തുടങ്ങി. പുളിക്കല്‍വയല്‍,  മാത്തൂര്‍ വയല്‍, അങ്ങാടി വയല്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. പുഴയോട് ചേര്‍ന്നുള്ള ചങ്ങാടക്കടവ്, താഴെ പരക്കുനി, കീഞ്ഞുകടവ്‌, മാതോത്ത് പൊയില്‍ എന്നിവിടങ്ങളും വെള്ളപ്പൊക്കഭീതിയിലാണ്‌. കോട്ടത്തറ കോക്കുഴി റോഡിൽ വെള്ളം കയറി. 
     വെള്ളി രാവിലെ എട്ട്‌വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ 168.1 മില്ലി മീറ്റർ മഴയാണ്‌.  കൂടുതൽ മഴ പടിഞ്ഞാറത്തറ ബാണാസുര സാഗർ കൺട്രോൾ ഷാഫ്റ്റിലാണ്. 285 മി.മീറ്റർ. ലക്കിടിയിൽ 245 മി.മീറ്ററും തൊണ്ടർനാട് 230 മി.മീറ്ററും മട്ടിലയത്ത് 225 മി.മീറ്റർ മഴയും പെയ്തു. തിരുനെല്ലി–-107 മി.മീറ്റർ, പുത്തുമല–- 143, അമ്പലവയൽ–- 57, കബനിഗിരി–- 39, കൽപ്പറ്റ–- 86, പടമല–- 31, ചീരാൽ–- 72, തൊവരിമല–- 74, പെറളോം–- 84, ബാണാസുര ഡാം സൈറ്റ്–- 101 , മുണ്ടക്കൈ–- 174, ചെമ്പ്ര–- 103,  കുറിച്യർമല 144 മി.മീറ്ററും മഴപെയ്‌തു.  
 
ക്യാമ്പുകളിൽ 742 പേര്‍
14 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 742 പേരാണ്‌ കഴിയുന്നത്‌.  വൈത്തിരി താലൂക്കിൽ ആറ്‌ ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേരും മാനന്തവാടിയിലെ ഒരു  ക്യാമ്പിൽ 55 കുടുംബങ്ങളിലെ 247പേരുമുണ്ട്‌.   ബത്തേരി താലൂക്കിൽ ഏഴ്‌ ക്യാമ്പുകളിലായി 83 കുടുംബങ്ങളിലെ 307 പേരെയാണ്‌ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്‌.
 
 ബാണസുര സാഗറിൽ ബ്ലൂ അലർട്ട്        
ജലനിരപ്പ്‌ ഉയർന്നതോടെ ബാണസുര സാഗർ അണക്കെട്ടിൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചു. അപ്പർ റൂൾ ലവലിന്റെ ഒന്നരമീറ്റർ മാത്രം താഴെയാണ്‌ ജലനിരപ്പ്‌ (772.5). ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ്‌ ബ്ലു അലർട്ട്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചു.  സ്ഥിതിഗതി നിരീക്ഷിച്ച്‌ വരികയാണെന്നും  നീരൊഴുക്ക്‌ ഇനിയും കൂടിയാൽ ഷട്ടർ തുറന്ന്‌ വെള്ളം പുറത്തുവിടേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. 773.5 മീറ്റർ എത്തുമ്പോൾ റെഡ് അലർട്ട്‌ പ്രഖ്യാപിക്കും. 774 മീറ്ററാണ് അപ്പർ റൂൾ ലെവൽ.  മൂന്നാഴ്‌ച മുമ്പുവരെ ജലനിരപ്പ്‌ 763.മീറ്ററിൽ നിന്നിരുന്നു. തുടർച്ചയായി മഴപെയ്‌തതോടെ 10 ‌ മീറ്ററിനടുത്ത്‌ ഉയർന്നു. 
 അതേസമയം കാരാപ്പുഴ അണക്കെട്ടിൽ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ അധികൃതർ പറഞ്ഞു. നിലവിൽ ഡാമിന്റെ മൂന്ന്‌ ഷട്ടറുകൾ തുറന്ന്‌ പത്ത്‌ സെന്റിമീറ്റർ വീതം ജലം ഒഴുക്കിവിടുന്നുണ്ട്‌.  വൃഷ്‌ടിപ്രദേശത്ത്‌ കനത്ത മഴയില്ല.  ഡാമിൽ നിലവിൽ 758.25 മീറ്റർ ജലമുണ്ട്‌.  764 മീറ്ററാണ്‌ സംഭരണശേഷി. 
 
 നിറഞ്ഞ്‌ കബനിയുടെ കൈവഴികൾ  
കൽപ്പറ്റ 
കബനിയുടെ കൈവഴിയായ പുഴകളിലെല്ലാം ജലനിരപ്പ്‌ ഉയർന്നു.  വെള്ളി രാവിലെവരെയുള്ള കണക്ക്‌ പ്രകാരം ബാണാസുര ഡാം പരിധിയിൽ വരുന്ന കേളോത്ത്‌ കടവ്‌ ജലനിരപ്പ്‌  അപകടകരമാംവിധം ഉയർന്നിട്ടുണ്ട്‌. 711.040 ‌ മീറ്ററാണ്‌ നിലവിലുള്ള ജലനിരപ്പ്‌. 711. 87 മീറ്ററിന്‌ മുകളിൽ അപകട ലെവലാണ്‌. കാക്കവയലിൽ  731.145 മില്ലി മീറ്റർ ജലനിരപ്പുണ്ട്‌. 732.305ൽ എത്തിയാൽ അപകടമാണ്‌.   മുത്തങ്ങ പുഴയിൽ 840.090 മീറ്ററാണ്‌ ജലനിരപ്പ്‌. 841.45 മീറ്ററാണ്‌ അപകട ലെവൽ.  മാനന്തവാടിയിൽ (714. 030 മീറ്റർ), ബാവലി (699.730 മീറ്റർ), പനമരം (713.070), തോണിക്കടവ്‌ (700.365) എന്നിങ്ങനെയാണ്‌ ജലനിരപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top