02 July Thursday

തളിരിടട്ടെ, നാളേക്കായ്‌...

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

വ്യാപാരി വ്യവസായി സമിതിയുടെ പരിസ്ഥിതി ദിനാചരണം കോട്ടൺഹിൽ സ്‌കൂൾ വളപ്പിൽ ഫലവൃക്ഷതൈ നട്ട്‌ സിപിഐ എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ജില്ലയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക,- സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കോവിഡ്‌ മഹാമാരിക്കിടയിലും വിദ്യാർഥികൾമുതൽ മുതിർന്നവർവരെ നാടിനായി പച്ചത്തണലൊരുക്കി. കലക്ടറേറ്റിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം കലക്ടർ നവ്‌ജ്യോത് ഖോസ മാവിൻതൈ നട്ട് ഉദ്ഘാടനംചെയ്തു. 
 
രാജ്ഭവനിൽ ഡോ. വർഗീസ് കുര്യന്റെ സ്മരണാർഥം മാവിൻതൈ നട്ട് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ‘മിൽമ ഫലവൃക്ഷം’ പദ്ധതി ഉദ്ഘാടനംചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏർളി സ്വാർഫ് പ്ലാവിൻ തൈ മന്ത്രി കെ രാജുവിനു നൽകി ഗവർണർ നിർവഹിച്ചു. നഗരസഭയിലെ ഫലവൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം നഗരസഭാ മെയിൻ ഓഫീസിൽ മന്ത്രി പി രാജു നിർവഹിച്ചു. മേയർ കെ ശ്രീകുമാർ അധ്യക്ഷനായി. 
 
വ്യാപാരി വ്യവസായി സമിതി എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. ജില്ലാതല ഉദ്‌ഘാടനം  കോട്ടൺഹിൽ ഹൈസ്കൂൾ അങ്കണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി 196 കേന്ദ്രങ്ങളിൽ ഫല വൃക്ഷത്തൈകൾ നട്ടു. ജില്ലാതല ഉദ്‌ഘാടനം ചാല വാണിയംകുളത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി നിർവഹിച്ചു. നെയ്യാറ്റിൻകരയിൽ ജില്ലാ പ്രസിഡന്റ്  സി ജയൻബാബു ഫല വൃക്ഷത്തൈ നട്ടു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിലും ലോക്കൽ, യൂണിറ്റ്‌ തലങ്ങളിലും വൃക്ഷത്തൈനട്ടു. ജില്ലാതല ഉദ്‌ഘാടനം അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫീസിൽ‌ ഡോ. ടി എൻ സീമ നിർവഹിച്ചു. യുവജന കമീഷന്റെ ഗ്രീൻ സോൺ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം കൊല്ലം ജില്ലയിലും വി കെ പ്രശാന്ത് എംഎൽഎ, സിനിമാതാരങ്ങളായ മാല പാർവതി, സുധീർ കരമന, സംവിധായകൻ ആർ എസ് വിമൽ എന്നിവർ തിരുവനന്തപുരത്തും തൈനടീലിന്റെ  ഭാഗമായി. ‌
 
എസ്‌എഫ്‌ഐയുടെ 50,000 വൃക്ഷത്തൈ നടീൽ പദ്ധതി സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് പേരൂർക്കടയിലെ കരകുളത്ത് ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് വഹാബ് പങ്കെടുത്തു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം യൂണിറ്റിൽ വൃക്ഷത്തൈകൾ നട്ടു. യുവജനക്ഷേമ ബോർഡിന്റെ പരിസ്ഥിതിദിനാഘോഷം കുടപ്പനക്കുന്നിൽ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനംചെയ്‌തു. സിറ്റി പൊലീസ് എആർ ക്യാമ്പിൽ ഐജിപിയും കമീഷണറുമായ ബൽറാം കുമാർ ഉപാധ്യായ ഫലവൃക്ഷത്തൈകൾ നട്ടു.
പ്രധാന വാർത്തകൾ
 Top