07 July Tuesday

ഷാനി എത്തി; സങ്കടക്കടലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
സ്വന്തം ലേഖകൻ
കോട്ടയം
കടൽകടന്നെത്തിയിട്ടും ഉമ്മയുടെ മൃതദേഹം അവസാനമായി ഒന്നു കാണാനാകാത്തതിന്റെ  സങ്കടക്കടലിലാണ് ഷാനി. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉപ്പയുടെ അടുത്തെത്താനും കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയും. ഭാര്യയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുധീറും. താഴത്തങ്ങാടി പാറപ്പാടത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഷീബയുടെയും മെഡിക്കൽ കോളജാശുപത്രിയിൽ കഴിയുന്ന എ എം അബ്ദുൽ സാലിയുടെയും ഏകമകളായ ഷാനി വ്യാഴാഴ്ച രാത്രിയാണ് മസ്കത്തിൽനിന്ന് നാട്ടിലെത്തിയത്. 
ഉമ്മയുടെ മരണം അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കോവിഡ്‌ പശ്‌ചാത്തലത്തിൽ കഴിഞ്ഞില്ല. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിഷ‍യം ഇന്ത്യൻ എംബസിയുടെ പ്രത്യേകം പരിഗണിച്ചതോടെയാണ് കുടുംബത്തിന് യാത്രാനുമതിയായത്. ഖബറടക്കം കഴിഞ്ഞ ശേഷമാണ്‌ എത്താനായത്‌.
വിദേശത്തുനിന്ന് എത്തിയതിനാൽ ക്വാറന്റയിനിലാണ്. പുറത്തിറങ്ങാനോ ബന്ധുക്കളെ കാണാനോ വഴിയില്ല. നാലു കുട്ടികളും മസ്കത്തിലെ നിസ്വയിൽ കോളജ് അധ്യാപകനായ ഭർത്താവ് സുധീറും ഒപ്പമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ വളിച്ച് വിവരങ്ങൾ തേടിയിരുന്നു. ബന്ധുക്കളാണ് നിലവിൽ അബ്ദുൽ സാലിക്കൊപ്പം ആശുപത്രിയിലുള്ളത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അവിടെനിന്ന് ഏറ്റുമാനൂർ പേരൂരിലെ ക്വാറന്റയിൻ സെന്ററിലേക്കെത്തുകയായിരുന്നു. താഴത്തങ്ങാടിയിലെ വീട്‌ പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. കോവിഡ് നെഗറ്റീവെന്ന് ഉറപ്പായശേഷമേ അച്ഛനെ സന്ദർശിക്കാൻ അനുമതി കിട്ടൂ.
പ്രധാന വാർത്തകൾ
 Top