03 June Wednesday

അനക്കമില്ലാതെ മൃഗസംരക്ഷണ മേഖല

നിഖിൽ രവീന്ദ്രൻUpdated: Monday Apr 6, 2020
 
ആലപ്പുഴ
കോവിഡ്‌ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ അടച്ചുപൂട്ടലിൽ നിൽക്കക്കള്ളിയില്ലാതെ പാൽ, മുട്ട, മാംസ വിപണി. ഈസ്‌റ്റർ, വിഷു വിപണി ലക്ഷ്യമാക്കി കർഷകർ വൻതോതിൽ താറാവുകളെ ഉൽപ്പാദിപ്പിച്ചിരുന്നു. എന്നാൽ കോവിഡ്‌ രോഗഭീതിയും പക്ഷിപ്പനി ഭീതിയും എല്ലാം തകിടംമറിച്ചു. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലാണ് താറാവ് കർഷകർ കൂടുതലും. 
സാധാരണനിലയിൽ കൊയ്‌ത്തുകഴിഞ്ഞ പാടത്ത്‌ താറാവുകളെ ഇറക്കാറുണ്ട്. ആലപ്പുഴ, ത‌ൃശൂർ, പാലക്കാട്‌ ജില്ലകളിൽ പാടങ്ങളിലാണ്‌ താറാവുകളെ കൂട്ടത്തോടെ ഇറക്കാറ്‌. ലോക്ക്‌ഡൗൺ നിയന്ത്രണംമൂലം   താറാവുകളെ കൊണ്ടുപോകാനാകാത്തത്‌ കർഷകർക്ക് ഇരുട്ടടിയായി. ആലപ്പുഴയിലെ പാടശേഖരങ്ങളിൽ ഇറക്കാവുന്നതിലും അധികം താറാവുകൾ ജില്ലയിലുണ്ട്‌. 
ഇവിടുത്തെ പാടശേഖരങ്ങളിൽ ഇറക്കിയാലും ബാക്കിയുള്ളവയെ എങ്ങിനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. തീറ്റ ലഭിക്കാതെ വന്നാൽ പ്രതിസന്ധി കൂടുമെന്ന്‌ മൃഗസംരക്ഷണവകുപ്പ് അധിക‌ൃതർ പറയുന്നു. ലോക്ക്‌ഡൗണും ഇതര നിയന്ത്രണങ്ങളും രോഗഭീതിയുംമൂലം വിഷു, ഈസ്‌റ്റർ വിപണിയിൽ കർഷകർക്ക്‌ ശുഭപ്രതീക്ഷ തെല്ലുമില്ല.   
മുട്ട വിരിയിക്കൽ
ഇറച്ചിക്കോഴി വിൽപ്പന കുറഞ്ഞതോടെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട വിരിയിക്കുന്നത് നിർത്തി. മൃഗസംരക്ഷണവകുപ്പിന് കീഴിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഹാച്ചറിയാണിത്. ഒരുലക്ഷത്തിലേറെ കോഴിമുട്ടകളാണ് ഇവിടത്തെ ഇൻകുബേറ്ററിൽ വിരിയിച്ചിരുന്നത്. 
ആഴ്‌ചയിൽ രണ്ട്‌ ദിവസമായിരുന്നു ഉൽപ്പാദനം. ആലപ്പുഴയിലെയും സമീപ ജില്ലകളിലെയും സർക്കാർ അംഗീക‌ൃത നഴ്‌സറികളിലേക്ക് ഈ പ്ലാന്റിൽനിന്നാണ്‌ കോഴിക്കുഞ്ഞുങ്ങളെ  വിതരണംചെയ്യുന്നത്‌. ഇവർ രണ്ടുമാസം വളർത്തി മൊത്തക്കച്ചവടക്കാർക്ക് വിൽക്കുകയാണ്‌ പതിവ്‌. കോഴിവിൽപ്പന കുറഞ്ഞത്‌ ഉൽപ്പാദനത്തിന്‌ തിരിച്ചടിയായി. നിലവിലുള്ള കോഴികളെ വിൽക്കാൻ സാധിക്കാഞ്ഞതോടെ മുട്ട വിരിയിക്കൽ നിർത്തുകയായിരുന്നു. 
കാലിത്തീറ്റ
പാൽവിൽപ്പന കുറഞ്ഞതിന്‌ പിന്നാലെ കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്‌ക‌ൃതവസ്‌തുക്കളുടെ ലഭ്യതയ്‌ക്ക്‌ ബുദ്ധിമുട്ട് നേരിടുമോ എന്ന ആശങ്കയിലാണ്‌ മൃഗസംരക്ഷണവകുപ്പ്. കാലിത്തീറ്റ നിർമിക്കാനുള്ള കടലപ്പിണ്ണാക്ക്, ചോളം, എള്ളും പിണ്ണാക്ക് എന്നിവ തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ്‌ കൊണ്ടുവരുന്നത്‌. ലോഡ്‌ എത്തിയില്ലെങ്കിൽ കാലിത്തീറ്റ നിർമാണം നിലയ്‌ക്കും. പട്ടണക്കാട് പ്ലാന്റിലാണ് ജില്ലയിലേക്ക്‌ വേണ്ട കാലിത്തീറ്റ ഭൂരിഭാഗവും നിർമിക്കുന്നത്. അസംസ്‌ക‌ൃതവസ്‌തുക്കൾ എത്തിയില്ലെങ്കിൽ ഉൽപ്പാദനം നിലയ്‌ക്കും. ഇത്‌ കന്നുകുട്ടി പരിപാലന പദ്ധതിയെയും കാര്യമായി ബാധിക്കും. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 50 ശതമാനം വിലക്കുറവിലാണ് കാലിത്തീറ്റ നൽകുന്നത്.
പ്രധാന വാർത്തകൾ
 Top