02 June Tuesday

യന്ത്രമെത്തി, ചാലിപ്പാടത്ത്‌ കൊയ്‌ത്തുപാട്ടുയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

പെരുവയൽ പഞ്ചായത്തിലെ ചാലിപ്പാടത്ത് കൊയ്് യന്ത്രമുപയോഗിച്ച് കൊയ്തെടുത്ത നെല്ല് മെതിച്ചെടുക്കുന്നു

കുന്നമംഗലം 
കോവിഡ് ഭീഷണിയെ തുടർന്ന്  കൊയ്‌ത്ത്‌ നടത്താനാവാതെ വിഷമിച്ച  കർഷകർക്ക് ആശ്വാസമായി കൊയ്‌ത്ത്‌ യന്ത്രമെത്തി. ചാലിപ്പാടത്തെ അഞ്ചേക്കർ വയലിൽ നെൽകൃഷിചെയ്ത അഞ്ചംഗ ഗ്രൂപ്പ് ഫാമിങ്‌ കർഷകരുടെ ആശങ്കയാണ് ഇതോടെ  ഒഴിഞ്ഞത്.  വർഷങ്ങളായി തരിശായി കിടന്നതായിരുന്നു ഈ സ്ഥലം. തരിശ്‌ ഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇവിടെ കൃഷിയിറക്കിയത്‌. കോവിഡ് നിയന്ത്രണത്തെ തുടർന്ന് കൊയ്യാൻ ആളെ കിട്ടാതായതോടെ വിഷമത്തിലായ കർഷകർക്ക്‌ പെരുവയൽ പഞ്ചായത്ത് കൃഷി ഓഫീസർ യു കെ ദിവ്യയുടെ ശ്രമം സഹായമായി. കൊയ്‌ത്ത്‌ യന്ത്രം വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ ഉണ്ടായിരുന്നെങ്കിലും  ഡ്രൈവർ വയനാട്ടിൽനിന്ന്‌ എത്തണമായിരുന്നു. കലക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഡ്രൈവറെ എത്തിച്ചു. ഞായറാഴ്ച രാവിലെ നെല്ല് കൊയ്തെടുത്തു.   മണിക്കൂറിന് 2000 രൂപയാണ്  വാടക.  നെല്ല് സപ്ലൈകോ  സംഭരിക്കും. പെരുവയൽ പഞ്ചായത്തിൽ മാത്രം  25 ഹെക്ടറിലായി പുഞ്ച, വിരിപ്പ്, മുണ്ടകൻ ഇനങ്ങളിലായി നെൽകൃഷിയുണ്ട്. വയപ്പുറത്ത് മോഹൻദാസ് , മേലേടത്ത് ചന്ദ്രശേഖരൻ നായർ, എടക്കിനി മീത്തൽ പത്മനാഭൻ, വയപ്പുറത്ത് രവീന്ദ്രൻ, പുവ്വത്തിങ്ങൽ വേലായുധൻ നായർ എന്നിവർ ചേർന്നാണ് സംഘകൃഷി നടത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top