02 June Tuesday

നന്മ തുന്നി വീണ്ടും ലിസി

പി വി ജീജോUpdated: Monday Apr 6, 2020

ലിസി ജോലിക്കിടെ

കോഴിക്കോട്‌
ലിസി(ഡയാന വർഗീസ്‌)യെന്ന  പേരാമ്പ്രയിലെ ചെരിപ്പുകുത്തിയെ ആരും മറന്നുകാണില്ല. പ്രളയകാലങ്ങളിൽ കേരളത്തിന്റെ അതിജീവനത്തിനായി  കൈത്താങ്ങേകിയവൾ. ഈ മഹാമാരിക്കാലത്തും നാടിന്‌ വെളിച്ചമാകാൻ  അവരുണ്ട്‌. കോവിഡിനെ തുരത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ പതിനായിരം രൂപ സംഭാവന ചെയ്യുകയാണിവർ.  ‘‘വീടിന്‌ ഗേറ്റ്‌ വെക്കണം, കിണറ്റിലെ വെള്ളം ശുദ്ധീകരിക്കണം... പലതുണ്ട്‌ കാര്യങ്ങൾ. എങ്കിലും സ്വരുക്കൂട്ടിയ കാശിൽനിന്ന്‌ പതിനായിരം രൂപ നൽകും’’ –-  ലിസിയുടെ വാക്കുകളിലുണ്ട്‌ സഹജീവികളോടുള്ള സ്‌നേഹം.  രാജസ്ഥാൻകാരിയായ ലിസിയുടെ നന്മമനസ്സ്‌ നേരത്തെ നാടറിഞ്ഞതാണ്‌. പ്രളയങ്ങളിൽ  മലയാളിക്ക്‌  തുണയേകാൻ പതിനായിരം രൂപവീതം നൽകി. 2018ൽ  ഇരുപത്തഞ്ച്‌ സാരിയും  നൽകിയിരുന്നു. 
 ചെരിപ്പുതുന്നി  നാടിന്റെ ഹൃദയപുത്രിയായി മാറിയതാണ്‌ ലിസിയുടെ ജീവിതകഥ. ദയ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സെന്റർ വളന്റിയർ, തെരുവോര തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹി എന്നീ നിലകളിൽ സജീവമായി. സ്‌കൂൾകുട്ടികൾക്ക്‌ ബാഗും പുസ്‌തകവും കുടയും നൽകി നാട്ടുകാർക്കൊപ്പം നിൽക്കുന്ന ഇവർക്ക്‌ പേരാമ്പ്രക്കാർ നല്ലൊരു സമ്മാനം നൽകി  ഈ വർഷം.  ‘നന്മ’യെന്ന പേരിൽ ചേനോളി പള്ളിമുക്കിൽ  ഒരു കുഞ്ഞുവീട്‌ പണിതുനൽകി. 
‘‘വീട്ടിന്ന്‌ പുറത്തിറങ്ങാനാകുന്നില്ല, ഇപ്പം പണിയെടുത്താലേ സ്‌കൂൾ തുറക്കുമ്പം കുറച്ച്‌ മക്കൾക്കെങ്കിലും ബാഗും കുടയും നൽകാനാകൂ. അതിലും വലുതല്ലേ കൊറോണ’’–-ലിസി പറയുന്നു. ലോക്ക്‌ ഡൗൺ കഴിഞ്ഞാൽ മന്ത്രി ടി പി രാമകൃഷ്‌ണന്‌  സംഭാവന കൈമാറും.  ആസിഡ്‌ പൊള്ളലേറ്റ ശരീരവുമായി 25 വർഷം മുമ്പാണ്‌ ലിസി കേരളത്തിലെത്തിയത്‌. ജയ്‌പൂരിൽനിന്ന്‌ ഡാഡി ശിവദാസ്‌ പട്ടേലിനൊപ്പം കൊയിലാണ്ടിയിൽ. പിന്നീട്‌ പേരാമ്പ്രക്കാരിയായി മാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top