03 June Wednesday
മുട്ടാറിൽ കൊയ്‌ത്തുയന്ത്രം തടഞ്ഞു

കർശന നടപടിയെടുക്കാൻ നിർദേശം നൽകി: മന്ത്രി-

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
 
ആലപ്പുഴ
മുട്ടാറിൽ കൊയ്‌ത്ത്‌ തടയാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ കലക്‌ടർക്കും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർക്കും നിർദേശം നൽകിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. 
വിളവെടുപ്പ് ആവശ്യസർവീസായി പ്രഖ്യാപിച്ചിരുന്നു. ഒമ്പത്‌ താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാടൻ പാടശേഖരങ്ങളിലെ വിളവെടുപ്പ്‌ അട്ടിമറിക്കാൻ മുട്ടാറിൽ ചിലർ നടത്തിയ ശ്രമം വീയപുരത്ത്‌ ഉൾപ്പെടെ കൊയ്‌ത്ത്‌ സ്‌തംഭിക്കാൻ കാരണമായി. ഇവർക്കെതിരെ ദുരന്ത നിവാരണ–-അവശ്യസർവീസ് നിയമങ്ങൾ പ്രകാരം നടപടിയെടുക്കും. 
  ഇത്തരം ക്രിമിനൽ നടപടികൾ മുളയിലെ നുള്ളിക്കളയണം. മുട്ടാറിൽ കരാർ പ്രകാരമുള്ള കൊയ്‌ത്ത്‌ പൂർത്തിയാക്കിയ ആറ്‌ യന്ത്രങ്ങൾ ഏപ്രിൽ രണ്ടിനുശേഷം വീയപുരത്തേക്ക് നൽകാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുട്ടാറിൽ ഒരു പാടശേഖരസമിതി കരാറിന്‌ തയ്യാറായില്ല. കരാർ ഇല്ലെങ്കിലും കൊയ്യണം എന്ന് ആവശ്യപ്പെട്ടാണ്‌ പാടശേഖരക്കാർ യന്ത്രം തടഞ്ഞത്‌. ഒടുവിൽ നാല്‌ യന്ത്രങ്ങൾ അയക്കാനും രണ്ട്‌ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും തഹസിൽദാർ ഇടപെട്ട് ഒത്തുതീർപ്പ്‌ ഉണ്ടാക്കി. അതിൽ ഒരു യന്ത്രം ചെളിയിൽ താഴ്‌ന്നു. രണ്ടാമത്തെ യന്ത്രം ഉപയോഗിച്ച് കൊയ്യുന്നത്‌ വീണ്ടും തടഞ്ഞു.  
 വിഷയത്തിൽ മുട്ടാർ ക‌ൃഷി ഓഫീസർ അന്വേഷിക്കുകയോ കലക്‌ടർക്ക് റിപ്പോർട്ട്ചെയ്യുകയോ ചെയ്‌തില്ല. ഇത്‌ ഗുരുതരമായ വീഴ്‌ചയാണ്‌.  ക‌ൃഷി ഓഫീസർക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. 
സർക്കാരിന്റെ  പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ അനുവദിക്കില്ല. വേണ്ടിവന്നാൽ മുട്ടാറിൽ നേരിട്ടെത്തി പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. വീയപുരത്തേക്ക്‌ നാല്‌ യന്ത്രങ്ങൾ അയച്ചിട്ടുണ്ട്. കൊയ്‌ത്ത്‌ കഴിയുന്നമുറയ്‌ക്ക്‌ ബാക്കി യന്ത്രങ്ങൾ കൂടി അയക്കുമെന്നും മന്ത്രി പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
 Top