28 May Thursday
രോഗികൾ 139

ശ്രദ്ധിക്കാം; രണ്ടാഴ്‌ച നിർണായകം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കാസർകോട്‌
ഏഴുവയസുകാരനുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 139 ആയി. നെല്ലിക്കുന്നിലെ ഏഴ് വയസുള്ള ആൺകുട്ടിക്കാണ്  രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ ഡോ. എ വി  രാംദാസ് പറഞ്ഞു. ഇതൊടെ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം 48 ആയി. ജില്ലയിൽ 10731 പേരാണ് നിരീക്ഷണത്തിലുള്ളത്‌. 232 പേർ ആശുപത്രികളിലും 10499 പേർ വീടുകളിലുമാണ്‌. പുതുതായി 43 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1657 സമ്പിളുകളാണ്‌ പരിശോധനക്ക്‌ അയച്ചത്‌. ഞായറാഴ്‌ച 104  സാമ്പിളുകൾ പരിശോധനക്കയച്ചു.  1084 സാമ്പിളുകളുടെ  ഫലം വന്നു. 941 പരിശോധന ഫലം  നെഗറ്റീവ് ആയിരുന്നു. 573 പേരുടെ ഫലം അറിയാനുണ്ട്‌.  
  പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായി. ആദ്യ ഘട്ടത്തിൽ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും തയ്യാറാക്കി. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. 
 മുഖ്യമന്ത്രി പ്രഖ്യാപിച്ച കാസർകോട് ജില്ലയ്ക്കു വേണ്ടിയുള്ള പ്രത്യേക ആക്ഷൻ പ്ലാൻ കർശനമായി നടപ്പാക്കുമെന്ന് സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ പറഞ്ഞു. അടുത്ത രണ്ടാഴ്ച നിർണായകമാണ്‌. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി  അദ്ദേഹം വീഡിയോ കോൺഫറൻസ്‌ നടത്തി. കൊറോണ വ്യാപനത്തിനുള്ള സാധ്യതകൾ പരമാവധി കുറക്കുന്നതിനുള്ള നടപടികൾ കർശനമാക്കും. നിലവിൽ ഡബിൾ ലോക് ഡൗൺ നടപ്പാക്കിയ പഞ്ചായത്തുകൾക്ക് പുറമേ കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയ മറ്റു പ്രദേശങ്ങളിലും കൂടുതൽ കർശന നടപടികൾ പോലീസ് കൈകൊള്ളും. രോഗികളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ടവരുടെ സാമ്പിൾ ശേഖരണവും പരിശോധനയും കൂടുതൽ വേഗത്തിലാക്കും. കൂടുതൽ സാമ്പിൾ കളക്ഷൻ സെന്ററുകൾ ആരംഭിക്കും. ഐ ജി വിജയ് സാഖറെ, ഉത്തരമേഖല ഐജി അശോക് യാദവ്, കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ്‌ മേധാവി പി എസ് സാബു, സബ് കലക്ടർ അരുൺ കെ വിജയൻ, എഡിഎം എൻ ദേവിദാസ്, ഡിഎംഒ ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top