27 January Monday

കേരള ബാങ്ക്‌ അപ്പീൽ നൽകുന്നത്‌ സഹകരണ മേഖലയെ തകർക്കാൻ

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

 മലപ്പുറം

കേരള ബാങ്ക് രൂപീകരണവുമായി നടക്കുന്ന ഉന്നതതല യോഗങ്ങൾ ബഹിഷ്‌കരിക്കാനും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുമുള്ള യുഡിഎഫ്‌ തീരുമാനം ജില്ലയിലെ സഹകരണ മേഖലയെ തകർക്കാൻ. ആയിരക്കണക്കിന്‌ നിക്ഷേപകരുടെയും പ്രാഥമിക സംഘങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാതെ ചിലരുടെ സ്വാർഥതയിൽ സഹകരണ മേഖലയെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കത്തിൽ യുഡിഎഫ്‌ സഹകാരികളും യുഡിഎഫ്‌ അനുകൂല ജീവനക്കാരും ആശങ്കയിലാണ്‌. 
കേരള ബാങ്കുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കാൻ ചേർന്ന യുഡിഎഫ്‌ യോഗത്തിൽ കോൺഗ്രസ്‌ പ്രതിനിധികൾ നിലപാട്‌ മയപ്പെടുത്തിയെങ്കിലും മുസ്ലിംലീഗ്‌ പ്രതിനിധികളുടെ ശക്തമായ ഇടപെടലാണ്‌ തീരുമാനത്തിനുപിന്നിൽ.  
തീരുമാനം തത്വത്തിൽ അംഗീകരിച്ചെങ്കിലും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടി എംപിയും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക്‌ അവസരമൊരുക്കി കേരള ബാങ്കിന്‌ അനുകൂല തീരുമാനത്തിലെത്തിക്കാനുള്ള നീക്കമാണ്‌ ഇവർ നടത്തുന്നത്‌.  കേരള ബാങ്ക‌് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ജില്ലാ ബാങ്കുകളും ഇല്ലാതാവുമെന്ന്‌   മനസ്സിലാക്കാതെയാണ്‌ ജില്ലയിലെ യുഡിഎഫ്‌ സഹകാരികൾ കേരള ബാങ്ക്‌ അനുകൂല പ്രമേയത്തെ തള്ളിയതും  കോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നതും. ജില്ലാ ബാങ്ക്‌ സംവിധാനം നിലയ്‌ക്കുന്നതോടെ റിസർവ്‌ ബാങ്ക്‌ ലൈസൻസും നഷ്ടമാകും. 
കേരള ബാങ്കിനുകീഴിൽ  ജില്ലയിലും  നിരവധി ബ്രാഞ്ചുകൾ തുറക്കും. ഏറ്റവും കൂടുതൽ പ്രവർത്തനമൂലധനവും ശാഖകളും ഇടപാടുകാരുമുള്ള കേരള ബാങ്കിന‌് സർക്കാർ–-സർക്കാരിതര ഏജൻസികളിൽനിന്ന‌് സഹായങ്ങളും ഫണ്ടും ലഭിക്കുമ്പോൾ ജില്ലാ ബാങ്കിന‌് പ്രവർത്തന മൂലധനംപോലുമില്ലാതെ കാലഹരണപ്പെടും. ഇതോടെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും അവതാളത്തിലാകും.
പ്രധാന വാർത്തകൾ
 Top