27 January Monday

മനസ്സിലിന്നും ദേശാഭിമാനിക്കാലം

ടി വി സുരേഷ്‌Updated: Thursday Dec 5, 2019

മണ്ണാടിയിൽ നാണു

 

 
മഞ്ചേരി
‘നാട് പ്രതിസന്ധിയിലായപ്പോഴെല്ലാം മലപ്പുറം ദേശാഭിമാനിയെ ഹൃദയത്തോട് ചേർത്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്‌ കമ്മ്യൂണിസ്‌റ്റുകാരല്ലാത്തവരും പത്രം ചോദിച്ചുവാങ്ങി.’ 50 വർഷം ദേശാഭിമാനി ഏജന്റായിരുന്ന മഞ്ചേരി കോവിലകംകുണ്ടിലെ മണ്ണാടിയിൽ നാണുവേട്ടന്റെ(85) വാക്കുകൾ പത്രത്തിന്റെ ജനകീയ ഇടപെടൽ വരച്ചിടുന്നു. രാജ്യത്ത്‌ ജനാധിപത്യാവകാശം ഇല്ലാതാക്കുന്ന ഇക്കാലത്തും ദേശാഭിമാനിയുടെ പ്രസക്തി വലുതാണെന്ന്‌ അദ്ദേഹം പറയുന്നു.
ഏറനാട്ടിലെ ആദ്യത്തെ ഏജന്റായിരുന്ന ഗോവിന്ദവാര്യർക്ക്‌ എത്തുന്ന  പത്രം  നാണുവേട്ടനാണ്‌ വിതരണം ചെയ്‌തത്‌. 1952ൽ നാണുവേട്ടൻ ദേശാഭിമാനി ഏജൻസി ഏറ്റെടുത്തു. മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണ, പാണായി തുടങ്ങി ഏറനാട് താലൂക്ക് പരിധിയിലാണ്‌ വിതരണം. 50 പത്രമായിരുന്നത്‌ പിന്നീട് 350 വരെയായി. വില ഒരണ.  പത്രം എത്തിക്കാൻ വൈകിട്ട്  മഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വണ്ടികയറും. രാവിലെ ആറിന്‌ ദേശാഭിമാനിയിൽനിന്ന്  മഞ്ചേരിയിൽ എത്തിക്കുന്ന പത്രം സൈക്കിളിൽ വീടുകളിലെത്തിക്കും. വെള്ളപ്പൊക്കത്തിൽപോലും വിതരണം മുടക്കിയില്ല. 2008ൽ ഏജൻസി മറ്റൊരാളെ ഏൽപ്പിച്ചു.  വരിക്കാരുടെ പേരെഴുതിയ വലിയ പുസ്‌തകം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ കെ നായനാരാണ്‌ നാണുവേട്ടന് കോഴിക്കോട്‌ ഭക്ഷണവും താമസവും ഒരുക്കിയത്‌. കേളുഏട്ടൻ, സി എച്ച് കണാരൻ,  കുഞ്ഞാലി, സെയ്‌താലിക്കുട്ടി, പാലോളി മുഹമ്മദുകുട്ടി, ശിവദാസമേനോൻ, ഇ എൻ മോഹൻദാസ്‌ തുടങ്ങിയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. ആദ്യകാലത്ത്‌ നാണുവേട്ടനുമാത്രമാണ്‌ മഞ്ചേരിയിൽ ടാക്‌സി കാറുള്ളത്‌. പാർടി നേതാക്കൾക്കായാണ് ആ കാർ കൂടുതൽ ഓടിയതും. ടി കെ ഹംസ, ശിവദാസമേനോൻ എന്നിവരുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് വളയംതിരിച്ചതും നാണുവേട്ടൻ.  കുഞ്ഞാലി, പാലോളി, നടൻ മമ്മൂട്ടി, ഡിജിപി  അഡ്വ. ശ്രീധരൻനായർ എന്നിവർക്കായി നാണുവേട്ടന്റെ കാർ ഓടി. 2000ൽ മഞ്ചേരി നഗസഭ കൗൺസിലറായി ജയിച്ചു. പത്രിക സമർപ്പിച്ച ദിവസം നായനാരും നടൻ മമ്മൂട്ടിയും ഫോണിൽവിളിച്ച് വിവരങ്ങൾ ആരാഞ്ഞത്‌ അത്ഭുതപ്പെടുത്തിയെന്നും നാണുവേട്ടൻ ഓർമ്മിക്കുന്നു.
പ്രധാന വാർത്തകൾ
 Top