17 September Tuesday

കുന്നുമ്മലിലെ ചൊവ്വാ ബസാർ ഓർമയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

പൊളിച്ചുമാറ്റുന്ന കോട്ടച്ചേരി കുന്നുമ്മൽ ചൊവ്വാ ബസാറിലെ കെട്ടിടങ്ങൾ

കാഞ്ഞങ്ങാട്‌ 
അങ്ങാടിപ്പെരുമയിൽ ഒരു നൂറ്റാണ്ടുകാലം സജീവമായിരുന്ന കോട്ടച്ചേരി കുന്നുമ്മലിലെ ചൊവ്വാ ബസാർ വിസ്‌മൃതിയിലേക്ക്‌. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ഇവിടത്തെ കടമുറികളുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റും. പരേതയായ കളരിക്കാൽ മാധവിയമ്മയുടേതായിരുന്നു കുന്നുമ്മലിലെ ആദ്യകാല വ്യാപാര കേന്ദ്രമായ കെട്ടിടങ്ങൾ.  ഇതിനോട്‌ ചേർന്ന്‌ മാധവിയമ്മയുടെ വീടും ഹോട്ടലുമുണ്ടായിരുന്നു. വിജയന്റെ ബാർബർ ഷോപ്പ്‌, ഉദയംകുന്നിലെ കുഞ്ഞമ്പുവിന്റെ സ്‌റ്റേഷനറി കട, അതിയാമ്പൂരിലെ കുഞ്ഞിക്കണ്ണനും പിന്നീട്‌ മകൻ ചന്ദ്രനും നടത്തിവന്ന അനാദിക്കട, മുമ്പ്‌ കാസറ്റ്‌ കടയായിരുന്ന  ബാബു കുന്നത്തിന്റെ ഇപ്പോഴത്തെ ആയുർവേദ കട, മുകൾനിലയിൽ ഗോവിന്ദൻ ഗുരുസ്വാമിയുടെ മണികണ്‌ഠ മഠം ഇതെല്ലാം കൂടിയതാണ്‌  കുന്നുമ്മൽ അങ്ങാടി.  അയ്യപ്പ ക്ഷേത്രം, വിഷ്‌ണുമൂർത്തി ക്ഷേത്രം, കോട്ടച്ചേരി ബാങ്ക്‌, കുന്നുമ്മൽ സ്‌കുൾ, ദീപ, കൃഷ്‌ണ നഴ്‌സിങ്‌ ഹോമുകൾ,  സിപിഐ എം ഓഫീസ്‌ പ്രവർത്തിച്ചിരുന്ന കെട്ടിടം എന്നിവയെല്ലാം ഉൾപ്പെട്ട സദാസമയവും തിരക്കേറിയ ബസാറായിരുന്നു ഇവിടം. കുന്നുമ്മൽ, കിഴക്കുംകര, അതിയാമ്പൂർ, കുന്നുമ്മൽ പുതിയവളപ്പ്‌ പ്രദേശങ്ങളിലുള്ളവർ ആശ്രയിച്ചിരുന്നത്‌ ഈ ബസാറിനെയാണ്‌.  
ഇവിടെ  കടകൾക്കെല്ലാം ചൊവ്വാഴ്‌ചയായിരുന്നു അവധി. അങ്ങനെ കുന്നുമ്മൽ അങ്ങാടി ചൊവ്വ ബസാർ എന്നും അറിയപ്പെടാൻ തുടങ്ങി. മാധവിയമ്മയുടെ മരണത്തോടെ വീടും പറമ്പും ഭാഗംവച്ചു. ഹോട്ടലും വീടും പൊളിച്ചുമാറ്റി വിൽപ്പന നടത്തി.  ചൊവ്വ ബസാറിലെ കെട്ടിടവും  സ്ഥലവും മാധവിയമ്മയുടെ മക്കളായ ഗോപാലനും പ്രഭാകരനും ലഭിച്ചു. ഇരുവരുടെയും മരണത്തോടെ മക്കൾ അവകാശികളായി. വർഷങ്ങളായി കച്ചവടം ചെയ്‌തുവന്നവരിൽനിന്ന്‌ നാമമാത്ര വാടകമാത്രമേ വാങ്ങിയുള്ളൂ. കടമുറി കെട്ടിടം അവകാശികൾ വിൽപ്പന നടത്തിയപ്പോൾ  നഷ്ടപരിഹാരത്തിനുള്ള അവകാശവാദവും കച്ചവടക്കാർ ഉന്നയിച്ചില്ല. കാലപ്പഴക്കത്താൽ കെട്ടിടം അപകടാവസ്ഥയിലായി. കാലവർഷം കനത്തപ്പോൾ നഗരസഭ നടത്തിയ അന്വേഷണത്തിൽ കെട്ടിടം പൊളിച്ചുമാറ്റാനായെന്ന്‌ കണ്ടെത്തി. കെട്ടിടമുള്ള സ്ഥലത്ത്‌  റോഡിന്‌ ആവശ്യമായ വീതിയും ഉണ്ടായിരുന്നില്ല. സ്വീകാര്യമായ നഷ്‌ടപരിഹാരത്തുക പൊതുപ്രവർത്തകർ ഇടപെട്ട്‌  വ്യാപാരികൾക്ക്‌ നേടിക്കൊടുത്തതോടെ കഴിഞ്ഞ ദിവസം കെട്ടിട ഉടമക്ക്‌ വ്യാപാരികൾ താക്കോൽ കൈമാറി. അടുത്ത ദിവസം കെട്ടിടം പൊളിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top