18 October Friday

സൗരോർജത്തിലൂടെ ആയിരം മെഗാവാട്ട്‌ വൈദ്യുതി: മന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2019

എരമല്ലൂർ സബ്‌സ്‌റ്റേഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എം എം മണി കൺട്രോൾ റൂം സന്ദർശിക്കുന്നു. എ എം ആരിഫ്‌ എംപി സമീപം

 
അരൂർ
കെഎസ്‌ഇബി 110 കെവി എരമല്ലൂർ സബ് സ്‌റ്റേഷൻ മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. വൈദ്യുതി രംഗത്തെ പ്രതിസന്ധി മറികടക്കാൻ ഉൽപ്പാദനം കൂട്ടലും ബദൽ ഊർജമാർഗങ്ങളുമാണ്‌ പോംവഴിയെന്ന്‌ മന്ത്രി പറഞ്ഞു.  ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ്‌ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്‌. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിലൂടെ കടം വാങ്ങുകയാണ്. 
 കൊച്ചി–- ഇടപ്പോൺ വൈദ്യുതി ലൈൻ നിർമാണം പുരോഗമിക്കുന്നു. ഈ ലൈൻ തീർന്നാൽ പുറത്തുനിന്ന്‌ 1000 മെഗാവാട്ട്‌ എത്തിക്കാം. കൂടംകുളം നിലയത്തിൽ നിന്ന്‌ കിട്ടേണ്ട വൈദ്യുതി വിഹിതവും ഇതിലൂടെ എത്തിക്കാനാവും.
 താങ്ങാനാവാത്ത വിലയായതിനാൽ കായംകുളം താപവൈദ്യുതി നിലയത്തിലെ വൈദ്യുതി ഉപയോഗിക്കാനാവാത്ത  അവസ്ഥയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇടുക്കിയിൽ രണ്ടാംപവർ ഹൗസ്‌ എന്ന ആലോചന വന്നത്‌. സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച പദ്ധതിയിൽ തുടർനടപടി ഉണ്ടാവും.   സൗരോർജത്തിൽ നിന്ന്‌ ആയിരം മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ്‌ ആലോചന. പുരപ്പുറങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച്‌  500 മെഗാവാട്ടും ഡാമുകളിൽ  ഫ്ലോട്ടിങ്‌ പാനൽ സ്ഥാപിച്ച്‌  500 മെഗാവാട്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും–-  മന്ത്രി പറഞ്ഞു.
കോന്നനാട് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ എ എം ആരിഫ് എംപി അധ്യക്ഷനായി. ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉഷാ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ദലീമാ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ഹേമാ ദാമോദരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ടി ശ്യാമളകുമാരി, ബി രത്നമ്മ, പഞ്ചായത്തംഗം മായാ രവി, സിപിഐ എം ഏരിയാ സെക്രട്ടറി പി കെ സാബു, കെ എൻ എ കരീം, ബൈജു കോട്ടപ്പള്ളി, മധുസൂദനൻ എന്നിവർ സംസാരിച്ചു. ഇലക്‌ട്രിക്കൽ ജനറേഷൻ ഡയറക്ടർ വി ബ്രിജ്‌ലാൽ സ്വാഗതവും  ട്രാൻസ്‌മിഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എസ് ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top