24 October Thursday

കൊല്ലം ബോട്ട്‌ സർവീസ്‌ ഇന്നുമുതൽ എല്ലാ ദിവസവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
 ആലപ്പുഴ
ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ–-കൊല്ലം, കൊല്ലം–-ആലപ്പുഴ ബോട്ട്‌ സർവീസ്‌ വ്യാഴാഴ്‌ച മുതൽ പ്രതിദിനമാകും. ഒരു ബോട്ട്‌ മാത്രമുള്ളതിനാൽ ആലപ്പുഴനിന്നും കൊല്ലത്തുനിന്നും ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു സർവീസ്‌. രണ്ടാമത്തെ ബോട്ടുകൂടി എത്തിച്ചതോടെയാണ്‌ രണ്ടിടത്തുനിന്നും ദിവസവും സർവീസ്‌ ആരംഭിക്കുന്നത്‌. 
 സീസണിൽ മാത്രം നടത്തുന്ന സർവീസ്‌ കഴിഞ്ഞ 22നാണ്‌ തുടങ്ങിയത്‌. ആഗസ്‌ത്‌ ആദ്യവാരം ആരംഭിക്കേണ്ട സർവീസ്‌ വെള്ളപ്പൊക്കം മൂലമാണ്‌ നീട്ടിയത്‌. ഒറ്റയാത്രയിൽ വേമ്പനാട്‌, അഷ്‌ടമുടി കായലുകളുടെ സൗന്ദര്യം നുകർന്ന്‌ യാത്രചെയ്യാമെന്നതാണ്‌ പ്രത്യേകത. ആലപ്പുഴയിൽനിന്നും കൊല്ലത്തുനിന്നും പകൽ 10.30നാണ്‌ ബോട്ട്‌ പുറപ്പെടുക. പള്ളാത്തുരുത്തി, തോട്ടപ്പള്ളി, അമൃതപുരി എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്‌. വേമ്പനാട്ടുകായൽ, പമ്പ, പല്ലനയാർ വഴി കായംകുളം കായലിലെത്തും. തുടർന്ന്‌ അഷ്‌ടമുടിക്കായൽവഴി കൊല്ലത്തെത്തും. എട്ട്‌  മണിക്കൂറാണ്‌ യാത്ര. അപ്പർ ഡെക്ക്‌ ഉള്ള ബോട്ടിൽ മുകളിൽ 20 സീറ്റുണ്ട്‌. താഴെ 60  സീറ്റുകളാണുള്ളത്‌. 400 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.
പ്രധാന വാർത്തകൾ
 Top