22 October Tuesday

രാത്രിയാത്രാ നിരോധനം ബഹുജന ഉപവാസം ചരിത്രമാവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
 
ബത്തേരി
ദേശീയപാത 766ലെ ഗതാഗത സംരക്ഷണത്തിനായി വ്യാഴാഴ‌്ച ബത്തേരിയിൽ നടക്കുന്ന ബഹുജന ഉപവാസം ജനപങ്കാളിത്തം കൊണ്ട‌് ചരിത്രമാവും. കോഴിക്കോടുനിന്നും കർണാടകയിലെ കൊല്ലഗലിലേക്ക‌് ബത്തേരി വഴി കടന്നു പോവുന്ന പ്രധാന റോഡായ 766 ദേശീയപാതയിൽ ഏർപ്പെടുത്തിയ രാത്രിയാത്രക്ക‌ുള്ള നിരോധനം 10 വർഷം പിന്നിട്ടെങ്കിലും ഗതാഗതം പുന:സ്ഥാപിക്കാത്തതിനാൽ  കടുത്ത ദുരിതമാണ‌് നേരിടുന്നത്‌.  വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും ഏകോപിപ്പിക്കുന്നതിലും തുടർന്ന‌് കൊണ്ടു പോവുന്നതിലും വന്ന വീഴ‌്ചകളാൽ  അധികൃതരിൽനിന്നും കോടതികളിൽനിന്നും അനുകൂല നടപടികൾ ഉണ്ടാക്കിയെടുക്കാനായില്ല. രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ‌് സുപ്രീംകോടതിയുടെ പരിഗണനയിലാണ‌് ഇപ്പോഴും. കേസിൽ കക്ഷിചേർന്ന സംസ്ഥാന സർക്കാറും വിവിധ സംഘടനകളും നിരോധനം നീക്കുന്നതിന‌് ആവശ്യമായ വാദങ്ങൾ കോടതി മുമ്പാകെ ഉയർത്തിയിട്ടും കേവല പരിസ്ഥിതി വാദികളുടെ വാദങ്ങൾക്ക‌് മുൻഗണന നൽകിയാണ‌് കേസിൽ തീർപ്പ‌് കൽപ്പിക്കാൻ വൈകുന്നത‌്. ദേശീയപാതയുടെ വനപ്രദേശങ്ങളിൽ പകലും യാത്ര നിരോധിച്ചു കൂടെയെന്ന അഭിപ്രായമാണ‌് സുപ്രീംകോടതി ചോദിച്ചത‌്. നിരോധനം പകലും ദീർഘിപ്പിക്കുന്നത‌് സംബന്ധിച്ച‌് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ‌ിന‌് മറുപടി നൽകാൻ സുപ്രംകോടതി നൽകിയ സമയപരിധി അവസാനിക്കാറായിരിക്കുന്നു. ഗോണിക്കുപ്പ വഴി കടന്നു പോവുന്ന റോഡിനെ ബദൽപാതയായി അംഗീകരിച്ച‌് ദേശീയപാത അടച്ചിടാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. ബ്രിട്ടീഷുകാരുടെ കാലം മുതൽ ജനങ്ങൾ ദീർഘദൂര യാത്രകൾക്കും ചരക്ക‌് ഗതാഗതത്തിനും ആശ്രയിച്ചു വരുന്ന ദേശീയപാത ഇല്ലാതായാൽ അത‌് ഏറെ ബാധിക്കുന്നത‌് ജില്ലയെ ആണ‌്. വ്യവസായം, വാണിജ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരു സംസ്ഥാനങ്ങളെയും ആശ്രയിച്ച‌് പതിനായിരങ്ങളാണ‌് കഴിയുന്നത‌്. പാത അടയുന്നത‌് ഇവരെ ഏറെ പ്രതിസന്ധിയിലാക്കും. ജില്ലയിലെ ബത്തേരി അടക്കമുള്ള ടൗണുകളിലെ വ്യാപാരത്തെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദേശീയപാതയുടെയും ഗതാഗതത്തിന്റെയും സംരക്ഷണത്തിന‌് പുതുതായി രൂപംകൊണ്ട എൻഎച്ച‌് 766 ട്രാൻസ‌്പോർട‌് പ്രൊട്ടക‌്ഷൻ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിലാണ‌് ഇന്ന‌് നടക്കുന്ന പ്രക്ഷോഭം. രാവിലെ 10ന‌് സ്വതന്ത്രമൈതാനി കേന്ദ്രീകരിച്ച‌് ആരംഭിക്കുന്ന ജനകീയ ഉപവാസത്തിൽ എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കർഷകരും തൊഴിലാളികളും യുവജനങ്ങളും  വിദ്യാർഥികളും വീട്ടമ്മമാരും വ്യാപാരികളും ഉൾപ്പെടെയുള്ളവർ അണിനിരക്കും. ദേശീയപാതയിൽ രാത്രിയാത്ര നിരോധനം നടപ്പായതിന‌് ശേഷം അതിനെതിരെയുള്ള വിപുലമായ ജനപങ്കാളിത്തം കൊണ്ട‌് ശ്രദ്ധേയമാവുന്ന പ്രതിഷേധവും കൂടിയാവുമിത‌്.
പ്രധാന വാർത്തകൾ
 Top